വയനാട്: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേ വയോധികയുടെ സ്വർണ്ണമാല കവർന്നു മുങ്ങിയ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ. ചെങ്കല്‍പേട്ട കൂടാച്ചേരി സ്വദേശിനികളായ ഇന്ദു എന്ന കാവ്യ, ജാന്‍സി എന്ന സരസ്വതി, ദേവി എന്ന സുധ എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളാണ് ഇവർ. ഈ മാസം പന്ത്രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. കണിയാരം സ്വദേശിയായ 78 വയസ്സുള്ള തങ്കമ്മ എന്ന വയോധിക മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ തേടിയതിനു ശേഷം മടങ്ങുമ്പോഴാണ് മോഷണത്തിനിരയായത്.
തങ്കമ്മയെ പിന്തുടർന്ന സ്ത്രീകൾ ഓട്ടോറിക്ഷയില്‍ കയറിയശേഷം ഒരേ വഴിക്കാണെന്ന് പറഞ്ഞ് തങ്കമ്മയെയും ഓട്ടോയിൽ കയറ്റുകയായിരുന്നു. ഒന്നര പവന്റെ മാല കവർന്നശേഷം പ്രതികൾ വഴിയിൽ ഇറങ്ങിപ്പോയി. തുടർന്ന് മാല കാണാതായതോടെ തങ്കമ്മ മാനന്തവാടി പോലീസിൽ പരാതി നൽകി. ടൗണിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
ആശുപത്രികളിലും, ഉത്സവ പറമ്പുകളിലും മറ്റും വരുന്ന ഒറ്റപ്പെട്ട സ്ത്രീകളെ പരിചയപ്പെട്ട് അടുത്തിടപഴകിയ ശേഷം വീട്ടില്‍ കൊണ്ടു വിടാമെന്ന വ്യാജേനെ ഓട്ടോറിക്ഷയില്‍ കയറ്റി യാത്രാമധ്യേ തന്ത്രപൂര്‍വ്വം കവര്‍ച്ച നടത്തുകയാണ് ഇവരുടെ പതിവ്. കൂടാതെ ആള്‍ക്കൂട്ടത്തിനിടയിലും ബസ്സുകളിലും മറ്റും വച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങള്‍ കവരുന്നതും ഇവരടങ്ങുന്ന സംഘത്തിന്റെ രീതിയാണ്. ബത്തേരി ജെഎഫ്സിഎം കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...