Crime: ഗോവൻ നിർമ്മിത വിദേശ മദ്യവുമായി വിമുക്ത ഭടൻ പിടിയിൽ; കണ്ടെടുത്തത് 17 ലിറ്റർ മദ്യം
പ്രതിയുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി എക്സൈസ് കണ്ടെത്തിയത് 23 കുപ്പി മദ്യമാണ്. ഡ്രൈ ഡേ ദിവസം ഉൾപ്പെടെ ഇയാൾ കൂടിയ വിലയ്ക്ക് മദ്യം വിറ്റിരുന്നു.
പത്തനംതിട്ട: അനധികൃതമായി മദ്യക്കച്ചവടം നടത്തിവന്ന വിമുക്ത ഭടൻ പിടിയിൽ. പത്തനംതിട്ട തലയാർ സ്വദേശി സുരേഷ് കുമാറാണ് എക്സൈസിന്റെ പിടിയിലായത്. 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യമാണ് ഇയാളിൽ നിന്നും എക്സൈസ് പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുഉള്ള സംഘമാണ് വിമുക്ത ഭടനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 23 കുപ്പി മദ്യമാണ് എക്സൈസ് കണ്ടെടുത്തത്. ഏകദേശം 17 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രൈ ഡേ ദിനത്തിൽ ഉൾപ്പെടെ ആവശ്യക്കാർക്ക് മദ്യം എത്തിച്ച് നൽകിയിരുന്നു ഇയാൾ. കൂടിയ വിലയ്ക്കായിരുന്നു മദ്യം വിറ്റിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.2 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 21.2 കിലോ കഞ്ചാവ് പിടികൂടിയത്. കായംകുളം ചിങ്ങോലി സ്വദേശിയായ മഹേഷ് മുരളി(27) ആണ് അറസ്റ്റിലായത്.
ആന്ധ്ര - ഒറീസ്സ അതിർത്തി പ്രദേശത്ത് നിന്നും കഞ്ചാവ് വാങ്ങി, ട്രെയിനിൽ ആലപ്പുഴയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. എക്സ്സൈസിന്റെ പരിശോധന കണ്ട് ട്രെയിനിൽ നിന്നും ഇറങ്ങി മറഞ്ഞിരുന്ന ഇയാൾ പിന്നീട് പുറത്തു കടക്കാനായി റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനടുത്തെത്തിയപ്പോഴാണ് പിടിയിലായത്.
എറണാകുളം, ആലപ്പുഴ, കോട്ടയം ഭാഗങ്ങളിൽ ലഹരി വിൽപ്പന നടത്തുന്നവർക്കിടയിലെ മൊത്തവിതരണക്കാരനാണ് പ്രതി എന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാക്കിയത്. ആലപ്പുഴയിൽ ഹൗസ്ബോട്ട് ജീവനക്കാരൻ ആയ മഹേഷ് തന്റെ ജോലി ലഹരി വിൽപ്പനയ്ക്കു മറയാക്കിയതായാണ് സംശയം. ഇയാൾക്ക് മറ്റു ലഹരിക്കടത്തു കേസുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ട്രെയിൻ മാർഗം ഉള്ള കഞ്ചാവ് കടത്തിനെതിരെയുള്ള പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.