പത്തനാപുരം: ഏകമകന്‍റെ കല്ലറയ്ക്ക് സമീപം സ്വയം ചിതയൊരുക്കി പിതാവ് ആത്മഹത്യ ചെയ്തു. തനിക്ക്   ബ്രെയിന്‍ ട്യൂമറാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം   കൊടുംകൃത്യത്തിനു മുതിര്‍ന്നത്...


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തനാപുരം പിടവൂര്‍ അരിവിത്തറ ശ്രീശൈലത്തില്‍ രാഘവന്‍ നായരാണ് ഗുരുതരമായി പൊളളലേറ്റ് തിരുവനന്തപുരം   മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. 72കാരനായിരുന്നു  രാഘവന്‍ നായര്‍. എയര്‍ഫോഴ്സില്‍  (Air force) നിന്നും  വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു രാഘവന്‍നായര്‍.


ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്  ബ്രെയിന്‍ ട്യൂമര്‍  (Brain Tumor) ബാധിച്ച്‌ ഏകമകന്‍ ഹരികുമാറും കാന്‍സര്‍ (Cancer) ബാധയെത്തുടര്‍ന്ന്  പത്തുവര്‍ഷം മുന്‍പ്  ഭാര്യ സുധയും മരണപ്പെട്ടത്.   കൂടാതെ,  ഒരുവര്‍ഷത്തിനിടെ സംഭവിച്ച മൂന്ന് സഹോദരിമാരുടെയും അനന്തരവന്‍റെയും മരണം  രാഘവന്‍നായരെ മാനസികമായി കൂടുതല്‍ തളര്‍ത്തിയിരുന്നു.   


തനിച്ചായിരുന്നു  രാഘവന്‍നായര്‍ താമസിച്ചിരുന്നത്.  വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ  പരിശോധനയില്‍  രാഘവന്‍നായര്‍ക്കും ബ്രെയിന്‍ ട്യൂമറാണന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഈ കൊടുംകൃത്യത്തിനു മുതിര്‍ന്നത്...  മകന്‍റെ സ്മൃതി കൂടീരത്തിന് സമീപം അദ്ദേഹം സ്വയം ചിതയൊരുക്കുകയായിരുന്നു.


Also read: Covid update: 4,642 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 4,748 പേര്‍ക്ക് രോഗമുക്തി


ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് അദ്ദേഹത്തെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു. 


എണ്‍പത്തിയഞ്ച് ശതമാനം പൊളളലേറ്റ രാഘവന്‍നായര്‍ വ്യാഴാഴ്ച  രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.