Food poisoning: കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
Food poisoning death Kerala: പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് തവണ ചികിത്സ തേടിയിട്ടും സ്വകാര്യ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റാണ് പെൺകുട്ടി മരിച്ചത്. തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് തവണ ചികിത്സ തേടിയിട്ടും സ്വകാര്യ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ജനുവരി ഒന്നിനും ജനുവരി അഞ്ചിനുമാണ് പെൺകുട്ടി ചികിത്സ തേടിയത്. അതേസമയം, സംഭവത്തിൽ ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാമർശമില്ലാതെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദീകരിക്കുന്നത്. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയ്ക്കായി അയയ്ക്കും.
ALSO READ: കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് മരണം: അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കും
വിദഗ്ധ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങൾ ഫൊറന്‍സിക് ലാബിലേക്ക് അയക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മരണ കാരണം എന്താണെന്ന് വ്യക്തമാകുന്നതിനായാണ് രാസപരിശോധന നടത്തുന്നത്. ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും. മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിത്സാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് തേടിയെന്നാണ് വിവരം. ഒരു മാസം മുൻപ് അൽ റൊമാൻസിയ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ലെന്നാണ് വിവരം.
അഞ്ജുശ്രീയുടെ മരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് അഞ്ജുശ്രീ മരിച്ചതെന്നാണ് മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കാസർകോട്ടെ അൽ റൊമൻസിയ എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്താണ് അഞ്ജുശ്രീ കഴിച്ചത്. കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവയാണ് ഇവർ വാങ്ങിയത്. അഞ്ജുശ്രീയുടെ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും ഇതേ ഭക്ഷണം കഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...