Crime News: വ്യാജ പോക്സോ പരാതി നൽകണമെന്നാവശ്യപ്പെട്ട് ഗുണ്ടാ സംഘം പതിനേഴുകാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി
Gunda Attack: മര്‍ദ്ദനത്തില്‍ പരിക്കേറ്റ പതിനേഴുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരന്തരപ്പിള്ളി പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: വ്യാജ പോക്സോ പരാതി നൽകണമെന്നാവശ്യപ്പെട്ട് പതിനേഴുകാരനെ ഗുണ്ടാ സംഘം മർദ്ദിച്ചതായി പരാതി. തൃശൂർ വരന്തരപ്പിള്ളി തേനന്തറ സ്വദേശിയാണ് ആക്രമണത്തിനിരയായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പതിനേഴുകാരനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വരന്തരപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. സമീപത്തെ പുഴയുടെ തീരത്തും, പ്രതികളുടെ സുഹൃത്തിന്‍റെ വീട്ടിലും എത്തിച്ചാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. അപരിചിതയായ സ്ത്രീക്കെതിരെ പോക്സോ കേസ് നൽകണമെന്നാവശ്യപ്പെട്ടാണ് മർദ്ദിച്ചത്. വ്യാജ പോക്സോ കേസ് നൽകാൻ വിസമ്മതിച്ചതോടെ ചവിട്ടി വീഴ്ത്തിയതായും ബിയര്‍ കുപ്പികൊണ്ട് അടിച്ചതായും കുട്ടി പറയുന്നു.
ALSO READ: Crime News: ഉറക്കത്തിൽനിന്നും എഴുന്നേൽപിക്കാൻ വൈകി; മകൻ അച്ഛനെ ആക്രമിച്ച് കൊലപ്പെടുത്തി
മൊബൈൽ ഫോൺ ഉപയോഗിച്ച് തലയ്ക്കടിച്ചു, കണ്ണിൽ കുത്തി. ക്രൂരമായ മർദ്ദനം തുടര്‍ന്നതോടെ കുട്ടി ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറിലേക്ക്
വിളിച്ച് വ്യാജപരാതി നല്‍കാന്‍ നിര്‍ബന്ധിതനായി. തലയ്ക്ക് പിന്നിൽ ബിയർ കുപ്പി കൊണ്ട് അടിക്കാൻ ഓങ്ങിയാണ് ടോൾ ഫ്രീ നമ്പറിലേക്ക് വിളിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഗുണ്ടാസംഘത്തില്‍ നിന്ന് മോചിതനായ കുട്ടി രാത്രി എട്ട് മണിയോടെ വീട്ടിലെത്തി. പരാതി നല്‍കിയാല്‍ അമ്മയെയും തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു.
പരിക്കേറ്റ് അവശനിലയിലായ കുട്ടിയെ ആദ്യം പുതുക്കാട് ആരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിച്ചു. തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട സുമൻ, ശ്രീജിത്ത്, നിഖില്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രതികളുടെ സുഹൃത്തിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്. മെഡിക്കല്‍ കോളേജിലെത്തി പോലീസ് സംഘം പതിനേഴുകാരന്‍റെ മൊഴി രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...