കൈവിലങ്ങുമായി കഞ്ചാവ് കേസ് പ്രതി ഓടി രക്ഷപ്പെട്ടു; നഗരത്തിൽ മുഴുവൻ വലഞ്ഞ പോലീസ് അവസാനം പ്രതിയെ പിടികൂടി
ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പോലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപുരം: കഴക്കൂട്ടത്ത് കൈവിലങ്ങുമായി പോലീസ് സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. ഇന്നലെ ജനുവരി 26നാണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് ഒഡീഷ സ്വദേശിയായ 23കാരൻ കൃഷ്ണചന്ദ്ര സ്വയിനാണ് ഓടി രക്ഷപ്പെട്ടത്. തുടർന്നുള്ള അന്വേഷണത്തിൽ മുരുക്കുംപുഴയിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കൈവിലങ്ങ് അറുത്തു മാറ്റാനും ഒളിവിൽ കഴിയാനും സഹായിച്ച മറ്റു രണ്ടു പേരും അറസ്റ്റിൽ
ഇന്നലെ ബുധനാഴ്ച വെളുപ്പിന് ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്. പകൽ കോടതിയിൽ ഹാജരാക്കാനിരിക്കെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പോലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ജനുവരി 25ന് ചൊവ്വാഴ്ച വൈകിട്ട് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. കഞ്ചാവ് വിൽപനക്കാരനായ ഇയാളിൽ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇയാൾക്കായി തിരുവനന്തപുരം സിറ്റിയിലും റൂറലിലും വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്.
പ്രതി ഓടി രക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ രാത്രി മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. മുരുക്കുംപുഴയിലെ താബൂക്ക് കമ്പനിയിൽ ഇയാൾ എത്തിയതായ വിവരം ലഭിച്ച പോലീസ് ഇവിടം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
ALSO READ : യൂട്യൂബിൽ പാട്ട് പാടിപ്പിക്കാമെന്ന് പറഞ്ഞ് 12 കാരനെ പീഡിപ്പിച്ചു; മൂവർ സംഘം അറസ്റ്റിൽ
ഇയാളെ സഹായിച്ച ഒഡീഷ സ്വദേശികളായ ദിലീപ് പരിഡ (26) വിക്രം സഹു (24) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട കൃഷ്ണചന്ദ്ര സ്വയിൻ മുരുക്കുംപുഴ ഭാഗത്തേക്കാണ് രക്ഷപ്പെട്ടത്. സുഹൃത്തുക്കളുടെ സഹായത്തിൽ വിലങ്ങ് മാറ്റി രാത്രിയിൽ കേരളത്തിന് പുറത്തേക്ക് രക്ഷപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഇത്തരത്തിലുള്ള മറ്റ് കഞ്ചാവ് വിൽപനക്കൊരെ കുറിച്ച് അന്വേഷിക്കുമെന്നും കഴക്കൂട്ടം പോലീസ് അറിയിച്ചു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഇന്ന് ഹാജരാക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.