Crime News: തലസ്ഥാനത്ത് ഗുണ്ടാ നേതാവിന്റെ വിളയാട്ടം; ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്ക്
Goon Attack: ഗുണ്ടയായ ജാങ്കോ കുമാറിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റത്. അജേഷ്, ഇൻസമാം എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: ഗുണ്ടയുടെ കുത്തേറ്റ് രണ്ട് എസ്ഐമാർക്ക് പരിക്കേറ്റു. തിരുവനന്തപുരം വലിയതുറ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്കാണ് പരിക്കേറ്റത്. ഗുണ്ടയായ ജാങ്കോ കുമാറിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റത്. അജേഷ്, ഇൻസമാം എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജാങ്കോ കുമാർ ഉച്ചയ്ക്ക് ഹോട്ടൽ ഉടമയെ ആക്രമിച്ചിരുന്നു. ഹോട്ടൽ ഉടമ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോലീസിന് നേരെ ആക്രമണം നടത്തിയത്. താനുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടലുടമ പോലീസിന് നൽകിയെന്ന് ആരോപിച്ചാണ് ഇയാള്‍ വലിയതുറയിലെ ഹോട്ടല്‍ ഉടമയെ ആക്രമിച്ചത്.
പോലീസ് ജീപ്പിന് നേരെ പടക്കം എറിഞ്ഞു. പിന്നീട് ഒളിയിടം വളഞ്ഞ പൊലീസുകാരെ ഇയാൾ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പോലീസുകാർ എത്തി ജാങ്കോ കുമാറിനെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്മയില്ലാത്ത തക്കം നോക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; 53കാരന് 27 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കുറ്റത്തിന് ചിറയിൻകീഴ് സ്വദേശി വൈശാഖൻ എന്ന 53 കാരന് 27വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴ ശിക്ഷയും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് കോടതി സ്പെഷ്യൽ ജഡ്ജി റോഷൻ തോമസ് ആണ് പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2019 വരെയുള്ള രണ്ടു വർഷക്കാലമാണ് പല ദിവസങ്ങളിലായി കുട്ടി അതിക്രമത്തിന് വിധേയയായത്. മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിഞ്ഞ് വന്ന പെൺകുട്ടിയെയാണ് സമീപവാസിയായ പ്രതി വീട്ടിൽ നിരന്തരമായി അതിക്രമത്തിന് വിധേയയാക്കി വന്നത്. മാതാവ് നാട്ടിൽ ഇല്ലാതിരുന്ന അവസരം മുതലെടുത്താണ് പ്രതി ഇത്തരം അതിക്രമം പ്രവർത്തിച്ചു വന്നത്. സംഭവം സംബന്ധിച്ച് സ്കൂളിൽ അറിവ് ലഭിച്ച പ്രകാരം അതിക്രമം സംബന്ധിച്ച് അതിജീവിതയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കി രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
13 വയസ്സ് മുതൽ പലപ്പോഴായി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കി വന്ന പ്രതി സംഭവം പുറത്ത് പറയരുത് എന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി വന്നിരുന്നുവെന്നും പ്രോസിക്യൂഷൻ കേസിൽ ആരോപിച്ചിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം നടത്തി എന്ന കുറ്റത്തിന് മൂന്നു മാസം തടവ് ശിക്ഷയാണ് കോടതി ശിക്ഷ വിധിച്ചത്. അതിജീവിതയെ ഒന്നിലധികം പ്രാവശ്യം ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കുറ്റത്തിന് പോക്സോ നിയമ പ്രകാരം 20 വർഷം കഠിന തടവിനും 1,00,000 രൂപ പിഴ ശിക്ഷ വിധിച്ചും ഉത്തരവായി. പിഴ തുക അടയ്ക്കാത്ത സാഹചര്യത്തിൽ ഒന്നര വർഷം കഠിന തടവ് അനുഭവിക്കേണ്ടതുണ്ട്.
പെൺകുട്ടിയെ പലപ്പോഴായി ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കുറ്റത്തിന് പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവിനും 50000 രൂപ പിഴ ശിക്ഷയ്ക്കും ഉത്തരവുണ്ട്. പിഴ അടയ്ക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിന തടവ് കൂടുതൽ അനുഭവിക്കണം. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ബലാത്സംഗം എന്ന കുറ്റം കോടതി കണ്ടെത്തിയെങ്കിലും പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. പ്രതി പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ 2 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവുണ്ട്. തടവ് ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ച് തീർത്താൽ മതിയെന്നും, തടവിൽ കഴിഞ്ഞ വിചാരണ കാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും കോടതി ഉത്തരവിലുണ്ട്.
അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ പാർപ്പിച്ചു വന്ന സ്നേഹിതയിൽ എത്തി മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റകൃത്യം നടന്നത് ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കണ്ടതിൽ പ്രകാരം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന സജീഷ് എച്ച്.എൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...