തിരുവനന്തപുരം: പോലീസ് വരുന്നുണ്ട് എന്ന് പറഞ്ഞിരുന്ന കാലത്തിൽ നിന്നും പോലീസില്ലേ ഇവിടെ? എന്ന ചോദ്യത്തിലേക്കെത്തി സംസ്ഥാനത്തെ കാര്യങ്ങൾ.ഗുണ്ടാവിളയാട്ടങ്ങളും അക്രമസംഭവങ്ങളും തുടർക്കഥയാകുമ്പോൾ പോലീസ് നോക്കുകുത്തിയാകുന്നുവെന്ന് ആക്ഷേപം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം സിറ്റി പരിധിയിൽ അടക്കം നിരവധി ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പൊലീസ് ഇത്തരക്കാരെ അമർച്ച ചെയ്യാൻ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ല. ഇക്കഴിഞ്ഞ രണ്ടാഴ്ച മുൻപ് പോത്തൻകോട് യുവാവിനെ അക്രമിച്ച ശേഷം കാൽവെട്ടിമാറ്റിയിരുന്നു.


ഇന്നിതാ, കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബുവിനെ തട്ടിക്കൊണ്ടു പോയ ശേഷം തല്ലി കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിടുകയും ചെയ്തു. 


ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരിയിൽ ഉൾപ്പെടെ ഗുണ്ടകൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് പൊതുജനങ്ങളെ ആക്രമിക്കുന്നത്. പോലീസിൻറെ മൂക്കിൻ തുമ്പിൽ നടക്കുന്ന പല സംഭവങ്ങളും ഉദ്യോഗസ്ഥർ പോലും അറിയുന്നത് മണിക്കൂറുകൾ കഴിഞ്ഞാണ്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘം അച്ഛനെയും മകളെയും അക്രമിക്കാൻ ശ്രമിച്ചതും പോത്തൻകോട് യുവാവിൻറെ കാൽ വെട്ടിമാറ്റിയെടുത്ത ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും അടുത്തിടെ തലസ്ഥാന നഗരിയെ ഞെട്ടിപ്പിച്ച സംഭവങ്ങളായിരുന്നു.


ഉത്തരേന്ത്യൻ മോഡൽ കൊലപാതകം എന്നൊക്കെ പറയാവുന്ന തലത്തിലേക്കുള്ള സംഭവവികാസമാണ് ഇന്ന് പുലർച്ചയോടെ കോട്ടയത്ത് ഉണ്ടായത്. പത്തൊമ്പത്കാരനെ രാത്രി തട്ടിക്കൊണ്ടുപോയ ശേഷം തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിടുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. 


സംഭവത്തെക്കുറിച്ച് ലഭിക്കുന്ന വിവരം ഇപ്രകാരമാണ്. ജോമോനും സൂര്യനും ജില്ലയിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. പല കേസുകളിലും പ്രതിയായ ജോമോനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. ഇയാൾ പുറത്തിറങ്ങിയ ശേഷമാണ് ഇത്തരത്തിലൊരു അക്രമ സംഭവം നടത്തുന്നത്. ജോമോൻ കോട്ടയത്തെ അറിയപ്പെടുന്ന ഗുണ്ടാത്തലവനായിരുന്നു. ജോമോൻ അറസ്റ്റിലായതോടെ ഇയാളുടെ സ്വാധീനം നഷ്ടപ്പെട്ടുവെന്ന് കരുതി സൂര്യൻ ജില്ലയിൽ പിടിമുറുക്കുകയായിരുന്നു. 


സൂര്യൻറെ സംഘാംഗമാണെന്ന് ജോമോൻ കരുതുന്ന ഷാൻ ബാബുവിനെയാണ് ബലമായി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ ശേഷം തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ടത്. ഷാൻ ബാബുവിനെ സ്റ്റേഷനിൽ കൊണ്ടിട്ടശേഷം ''താൻ ഇതാ ഒരാളെ തിർത്ത് കളഞ്ഞിരിക്കുന്നു'' എന്ന് പൊലീസുകാരോട് അലറിവിളിച്ചു പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പ്രതിയെ പിന്നീട് ബലമായി പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് സംഭവവികാസങ്ങൾ നടന്നതെന്നാണ് എന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട ഷാനെ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.


അടുത്തിടെ മദ്യപസംഘം കോട്ടയം നഗരത്തിൽ അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. നിരവധി വാഹനങ്ങൾ തല്ലിത്തകർക്കുകയും പൊതുജനങ്ങൾക്ക് നേരെ തട്ടിക്കയറി ആക്രോശിക്കുകയും തെറി വിളിക്കുകയും ചെയ്തിരുന്നു. കൺട്രോൾറൂം പോലീസിൻറെ വാഹനത്തിലുള്ള ഉദ്യോഗസ്ഥർ നോക്കിനിൽക്കെയായിരുന്നു സംഭവം. 


കൂടുതൽ ആളുകൾ ബഹളം വച്ചതോടെയാണ് പോലീസെത്തി പ്രശ്നം സൃഷ്ടിച്ച ആളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തിരുനക്കര മൈതാനത്തും ഇത്തരത്തിൽ സമാന സംഭവം അരങ്ങേറിയിരുന്നു.സംസ്ഥാനത്തിൻറെ വിവിധയിടങ്ങളിൽ ഗുണ്ടാ വിളയാട്ടങ്ങൾ നിത്യസംഭവമായി മാറുമ്പോഴും പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നതായായാണ് പൊതുവേ ഉയരുന്ന ആക്ഷേപം.


 തലസ്ഥാനത്ത് അടുത്തിടെ ഗുണ്ടകൾ പിടി മുറുക്കിയപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ അറസ്റ്റ് ചെയ്യുന്നവരെ റിമാൻഡ് ചെയ്യുന്നതൊഴിച്ചാൽ ഇവർക്ക് ശിക്ഷ തക്കസമയത്ത് ലഭ്യമാക്കുന്നതിന് പൊലീസിന് കഴിയുന്നില്ലെന്നതാണ് വാസ്തവം.


അതിനിടെ, ആഭ്യന്തരവകുപ്പിൻ്റെ പ്രവർത്തനം നല്ല നിലയ്ക്കല്ല പോകുന്നതെന്ന് പ്രതിപക്ഷം ഉൾപ്പെടെ കുറ്റപ്പെടുത്തി. ക്രമസമാധാനനില തകർന്നാണ് കേരളം മുന്നോട്ട് പോകുന്നതെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയേണ്ടി വരുമെന്ന് കോൺഗ്രസിന് പറയേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ഗുണ്ടകൾ അഴിഞ്ഞാടുന്നത് സിപിഎം പിന്തുണയിലാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.