Human sacrifice case: ഇലന്തൂർ നരബലി; മുഹമ്മദ് ഷാഫി ക്രൂരനായ ക്രിമിനൽ, എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസിലും പ്രതി
Rape case: എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതരെ പീഡന പരാതി നിലവിലുള്ളത്.
കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസിലെ ആസൂത്രകനും മുഖ്യപ്രതിയുമായ മുഹമ്മദ് ഷാഫി കൊടും ക്രിമിനലെന്ന് പോലീസ്. എഴുപത്തിയഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടാനിരിക്കുകയാണ് ഇയാള്‍. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതരെ പീഡന പരാതി നിലവിലുള്ളത്. 2020 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം.
പുത്തന്‍കുരിശ്ശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ലോറി ഡ്രൈവറായി ജോലി ചെയ്യവേ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള അറുപതുകാരിയുമായി ഷാഫിക്ക് ബന്ധമുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാൾ. ഒരിക്കല്‍ സ്ത്രീയുടെ വീട്ടില്‍ മദ്യപിച്ച് നില്‍ക്കുമ്പോള്‍ വഴിയിലൂടെ നടന്നുപോയ എഴുപത്തിയഞ്ചുകാരിയെയാണ് ഇയാൾ ക്രൂരമായി ആക്രമിച്ച് പീഡനത്തിന് ഇരയാക്കിയത്. അടുപ്പമുള്ള സ്ത്രീയുടെ സഹായത്തോടെ എഴുപത്തിയഞ്ചുകാരിയെ വീട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷം തന്റെ അടുപ്പക്കാരിയുടെ മുന്നില്‍ വച്ച് ഇവരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
ALSO READ: Human Sacrifice: ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഇതിന് ശേഷം ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചും വൃദ്ധയെ ആക്രമിച്ചു. ഈ കേസില്‍ ഷാഫിയെ പുത്തന്‍കുരിശ്ശ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, 2021 ഫെബ്രുവരിയില്‍ ഇയാൾ പീഡനക്കേസിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി. പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിന്നിരുന്നതിനെ തുടർന്ന് ഇയാള്‍ പിന്നീട് അവിടേക്ക് പോയില്ല. ഈ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കേരളത്തെ ഞെട്ടിക്കുന്ന നരബലി കേസില്‍ ഇയാള്‍ പിടിയിലാകുന്നത്.
കടവന്ത്രയിൽ താമസിക്കുന്ന പത്മം, കാലടി സ്വദേശി റോസിലി എന്നിവരെയാണ് നരബലി നടത്തിയത്. റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്തംബർ ഇരുപത്തിയാറിനും കൊലപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരുടെയും മൃതദേഹം ഡിഎൻഎ പരിശോധനടക്കം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ALSO READ: Human Sacrifice: നരബലി കേസിൽ വഴിത്തിരിവ്; മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ട സ്ത്രീകളെ തിരുവല്ലയിൽ എത്തിച്ചത്. ഭഗവൽ സിംഗിനെയും ഭാര്യ ലൈലയെയും ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. ഫേസ്ബുക്ക് വഴിയാണ് ഭഗവൽ സിംഗിനെ ഏജന്റായ ഷാഫി സമീപിക്കുന്നത്. ശ്രീദേവി എന്ന വ്യാജ പ്രൊഫൈലാണ് ഇതിനായി ഉപയോഗിച്ചത്. സിദ്ധൻ എന്ന് പറഞ്ഞു ഷാഫിയുടെ നമ്പർ തന്നെ നൽകി.
ഭാഗ്യവും സമ്പത്തും എത്തുമെന്നടക്കമുള്ള വിവരങ്ങളിൽ വീണു പോയ ഭഗവൽ സിംഗിനെ അതി വിദഗ്ധമായി തൻറെ നിയന്ത്രണത്തിലേക്ക് ഷാഫി എത്തിക്കുകയായിരുന്നു. കൊല്ലപ്പെട്ട പത്മയുടെ തിരോധാനമവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സംസ്ഥാനത്തെ ഞെട്ടിച്ച നരബലിയിലേക്ക് എത്തിച്ചത്. കൊല്ലപ്പെട്ട റോസിലിയെ കാണാതായത് ജൂണിലാണ്. ഇതിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയിൽ നിന്നാണ് റോസിലിയുടെ വിവരവും ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...