Jacqueline Fernandez: സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിന്‍ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം
ഡൽഹി പട്യാല കോടതിയാണ് ജാക്വിലിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. ഡൽഹി പട്യാല കോടതിയാണ് ജാക്വിലിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് നടി ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാവുകയായിരുന്നു. ബെംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖർ ഇരുന്നൂറ് കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ നേരത്തെ ഇഡി നടിയെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രമുഖ ബിസിനസ് ഗ്രൂപ്പ് ഉടമയുടെ ഭാര്യയില്‍ നിന്നുമാണ് സുകേഷ് കോടികൾ തട്ടിയത്.
സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് നടിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ സുകേഷ് വാങ്ങി നല്‍കിയെന്ന് ഇഡി കണ്ടെത്തി. കഴിഞ്ഞയാഴ്ച ഡൽഹി പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടിയെ ചോദ്യം ചെയ്‍തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഫോർട്ടിസ് ഹെൽത്ത് കെയർ സ്ഥാപനത്തിലെ പ്രൊമോട്ടറായ മോഹൻ സിങ്ങിന്റെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്.
സുകേഷ് ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി സ്വത്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. നടിയുടെ പേരിൽ ബാങ്കിലുള്ള ഫിക്സഡ് ഡെപ്പോസിറ്റാണ് ഇഡി കണ്ടുകെട്ടിയത്. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്‍റെ പങ്കാളിയായിരുന്നു സുകേഷ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ലീനാ മരിയ പോളിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
ജാക്വിലിനുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷ് വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെ തന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്ന് അഭ്യർത്ഥിച്ച് ജാക്വിലിൻ രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...