തിരുവനന്തപുരം: കൊല്ലം കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചൻ്റെ ജയിൽ മോചനം സംബന്ധിച്ചുള്ള ഫയലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിൽ മോചിതനാകാൻ കുറച്ചുനാൾ വേണ്ടിവരും. മണിച്ചൻ ഉൾപ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവു ചെയ്യണമെന്ന മന്ത്രിസഭയുടെ ശുപാർശയാണ് ഗവർണർ ഒപ്പുവച്ചത്. 22 വർഷത്തിനു ശേഷം മോചിതനാകുന്ന മണിച്ചന് 20 ലക്ഷം രൂപ പിഴയടച്ചാൽ മാത്രമേ പുറത്തിറങ്ങാനാകൂവെന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

മദ്യദുരന്ത കേസിലെ തടവുകാരുടെ മോചനം സംബന്ധിച്ച ഫയൽ ആഴ്ചകൾക്ക് മുമ്പ് രാജ്ഭവനിൽ എത്തിയപ്പോൾ തന്നെ ഗവർണർ  തിരിച്ചയച്ചിരുന്നു. മാത്രമല്ല, 64 പേരുടെ പട്ടികയിൽ നിന്ന് 33 പേരാക്കി ചുരുക്കിയത് എങ്ങനെയാണെന്നും 2018ൽ പുറത്തുവന്ന കേന്ദ്ര സർക്കാരിൻ്റെ തടവുകാരെ മോചിപ്പിക്കുന്ന ഉത്തരവിലെ മാർഗനിർദ്ദേശം പാലിച്ചിട്ടുണ്ടോയെന്നും ഗവർണർ ഫയലിലൂടെ സംസ്ഥാന സർക്കാരിനോട് ആരാഞ്ഞിരുന്നു.


ALSO READ: കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; മണിച്ചന് മോചനം; 20 ലക്ഷം പിഴയൊടുക്കണം


കൂടാതെ, വിദഗ്ധസമിതിയെ നിയോഗിച്ച് കൊണ്ട് എടുത്ത തീരുമാനങ്ങളിൽ കൃത്യമായ മാനദണ്ഡം പിന്തുടർന്നോ എന്നുള്ള കാര്യവും ഗവർണർ അന്വേഷിച്ചിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയർത്തിയാണ് ഗവർണർ ഫയൽ മടക്കി അയച്ചത്. പിന്നീടാണ് വിശദീകരണം നൽകി ആഭ്യന്തര വകുപ്പിൽ നിന്ന് ഫയൽ വീണ്ടും രാജ്ഭവനിലേക്ക് അയക്കുന്നത്. വിശദമായി പരിശോധിച്ച ശേഷമാണ് ഫയലിൽ ഗവർണർ ഇന്ന് ഉച്ചയോടെ ഒപ്പുവച്ചത്.


വിഷമദ്യദുരന്തകേസിൽ മണിച്ചൻ ഉൾപ്പെടെയുള്ള 33 പ്രതികളെ വിട്ടയച്ചു കൊണ്ടുള്ള ആഭ്യന്തരവകുപ്പിൻ്റെ ഉത്തരവ് ഈ ആഴ്ചയോടെ പുറത്തിറങ്ങാനാണ് സാധ്യത. വിശദമായ ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്. കാരണം, തടവുകാരെ വിട്ടയക്കുന്നതിനെതിരെ വരും കാലത്ത് ആരെങ്കിലും കോടതിയിൽ കേസിന് പോകുകയോ മറ്റോ ചെയ്താൽ അത് സർക്കാരിന് മുന്നിൽ ചില കടമ്പകൾ സൃഷ്ടിച്ചേക്കാം. അതിനാൽ ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മാത്രമേ ജയിലിൽ നിന്ന് പുറത്തിറക്കുകയുള്ളൂ.


പ്രതികളെ ജയിൽ മോചിതരാക്കിയുള്ള പ്രൊസീഡിംഗ്സ് അടക്കമുള്ളവ പുറത്ത് വരണം. ഇത് ആഭ്യന്തര വകുപ്പിൽ നിന്നാണ് പുറത്തിറങ്ങേണ്ടത്.ഗവർണർ ഒപ്പുവച്ച ഫയൽ രാജ്ഭവനിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് ആദ്യം എത്തുക. മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ ശേഷം അത് പിന്നീട് ആഭ്യന്തര സെക്രട്ടറിക്കോ ചീഫ് സെക്രട്ടറിക്കോ കൈമാറും


പിന്നീട്, വിശദമായ ഒരു ഉത്തരവും ഇറങ്ങേണ്ടതുണ്ട്. ഇത് ഒടുവിൽ ജയിൽ സൂപ്രണ്ടിന്  ഉൾപ്പെടെ നൽകുന്നതോടെ മാത്രമേ മോചനം സാധ്യമാകുകയുള്ളൂ. കഴിഞ്ഞ പത്തു വർഷത്തോളമായി നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ് മണിച്ചനുള്ളത്. ജയിലിലെ മേസ്തിരിയായി അറിയപ്പെടുന്ന മണിച്ചൻ തടവുകാർക്കിടയിലെ ക്യാപ്റ്റനും നല്ലനടപ്പുകാരൻ കൂടിയാണ്.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.