Kochi drugs seized case: എക്സൈസ് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍
കേസില്‍ യുവതിയുടെ പങ്ക് സ്ഥിരീകരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
കൊച്ചി: കാക്കനാട് എംഡിഎംഎ (MDMA) കേസില്‍ എക്സൈസ് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍. ലഹരി കടത്ത് കേസില്‍ യുവതിയെ എക്സൈസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്തിയ എക്സൈസ് ക്രൈംബ്രാഞ്ചാണ് തിരുവല്ല സ്വദേശി തയ്ബയെ അറസ്റ്റ് (Arrest) ചെയ്തത്. കേസില്‍ യുവതിയുടെ പങ്ക് സ്ഥിരീകരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കേസിലെ ആറാം പ്രതിയാണ് തയ്ബ. രാവിലെ മുതൽ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ നടപടി. ചെന്നൈയിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചത് തയ്‍ബ ഉൾപ്പെട്ട നാലംഗ സംഘമാണെന്നാണ് എക്സൈസ് കണ്ടെത്തൽ. രാവിലെ മുതല്‍ യുവതിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. കൊച്ചിയിലെ എക്‌സൈസ് ഓഫിസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കുറ്റകൃത്യവുമായി തയ്ബക്ക് നേരിട്ട് ബന്ധമുണ്ടെന്നും ലഹരി കടത്തിയത് നാല് പേർ ചേർന്നാണെന്നും എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ (Commissioner) ടിഎ കാസിം മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: Kakkanad Drugs Case: കാക്കനാട്ടെ ലഹരിമരുന്ന് അട്ടിമറി,എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
തയ്ബ, ശ്രീമോൻ, ഫവാസ്, ഷബ്ന എന്നിവർ ചേർന്നാണ് ലഹരികടത്തിയതെന്നാണ് എക്സൈസ് പറയുന്നത്. ലഹരിക്കടത്ത് കേസില്‍ തയ്ബ സെക്യൂരിറ്റി ഗാര്‍ഡായി പോയിരുന്നതായാണ് അന്വേഷണ സഘത്തിന്റെ കണ്ടെത്തല്‍. ലോക്ഡൗണിന്റെ മറവിൽ കൊച്ചിയിലെ വിവിധ അപ്പാർട്ട്മെന്റുകളിൽ മയക്കുമരുന്ന് സംഘം എത്തിയതായും ഡിജെ പാർട്ടികൾ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എറണാകുളം ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് പ്രതികള്‍ ലഹരി ഡിജെ പാര്‍ട്ടികള്‍ നടത്തിയത്. പത്ത് പേരില്‍ താഴെ മാത്രം പങ്കെടുത്ത ലഹരി പാര്‍ട്ടികളായിരുന്നു അതെന്ന് അന്വേഷണ സംഘം പറയുന്നു.
കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് എക്സൈസും കസ്റ്റംസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ അഞ്ചംഗ സംഘം പിടിയിലായത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ട് യുവതികള്‍ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്‌സൈസിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...