Kozhikode Double Blast : കോഴിക്കോട് ഇരട്ട സ്ഫോടന കേസ്: തടിയന്റവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടു
അതിനോടൊപ്പം തന്നെ അബ്ദുൾ ഹാലിം, അബൂബക്കർ യുസഫ് എന്നീ പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻ ഐ എ നൽകിയ അപ്പീലും കോടതി തള്ളി.
Kozhikode : കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ (Kozhikode Double Blast Case) ഒന്നാം പ്രതിയായ തടിയന്റവിട നസീറിനെയും നാലാം പ്രതിയായ ഷിഫാസിനെയും കോടതി വെറുതെ വിട്ടു. അതിനോടൊപ്പം തന്നെ അബ്ദുൾ ഹാലിം, അബൂബക്കർ യുസഫ് എന്നീ പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻ ഐ എ നൽകിയ അപ്പീലും കോടതി തള്ളി.
വിചാരണ കോടതി ഒന്നാം പ്രതി തടിയന്‍റവിട നസീറിനും, നാലം പ്രതി ഷഫാസിനും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തടിയന്റവിട നസീറും ഷിഫാസും അപ്പീൽ നൽകിയിരുന്നു. ഇവരുടെ ഹർജിയിലും, എൻ ഐ എ ഹർജിയിലും വാദം കേട്ടതിന് ശേഷമാണ് കോടതി ഇരുവരെയും വെറുതെ വിട്ടത്.
കേസിൽ തങ്ങൾ നിരപരാധികൾ ആണെന്നും, യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ തങ്ങൾക്കെതിരെ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ അറിയിച്ചിരുന്നു. ഇതിന് മുമ്പ് മൂന്നാം പ്രതി അബ്ദുൾ ഹാലിമിനെയും ഒൻപതാം പ്രതി അബൂബക്കർ യൂസഫിനെയും വെറുതെ വിട്ടിരുന്നു. എന്നാൽ ഇതിനെതിരെയാണ് എൻഐഎ അപ്പീൽ നൽകിയത്.
2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മൊഫ്യൂസിൾ ബസ്റ്റാന്‍റിലും കെ.എസ്ആർടിസി സ്റ്റാന്റിലുമാണ് സ്ഫോടനം നടന്നത്, കേസിൽ ആകെ 9 പ്രതികളാണ് ഉള്ളത്. അതിൽ തന്നെ 2 പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കേസ് ആദ്യം അന്വേഷിച്ചത് ലോക്കൽ പോലീസായിരുന്നു. പിന്നീട് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
കേസിൽ നിലവിൽ ഒളിവിൽ കഴിയുന്നവരുടെയും മറ്റൊരാളുടെയും വിചാരണ ഇനിയും പൂർത്തിയയായിട്ടില്ല. കേസിലെ മറ്റൊരു പ്രതിയെ എൻഐഎ മാപ്പ് സാക്ഷി ആക്കിയിരുന്നു. ഇത് കൂടാതെ കേസിൽ മറ്റൊരു പ്രതി വിചാരണയ്ക്കിടെ മരണപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...