കോഴിക്കോട്: ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ടയാളെ തിരിച്ചറിഞ്ഞതായി സൂചന. നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫി എന്നയാളാണ് പ്രതിയെന്ന് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ദൃശ്യത്തിലുള്ളയാൾ അല്ല അക്രമിയെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു പുറത്തുവിട്ടത്. കാപ്പാട് സ്വദേശിയായ വിദ്യാർത്ഥിയാണ് ദൃശ്യങ്ങളിലുണ്ടായിരുന്നതെന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാളുടെ പക്കൽ ബാഗും ഫോണുമുണ്ടായിരുന്നു. ഇയാളെ മറ്റൊരാള്‍ വന്ന് ബൈക്കിൽ കൂട്ടികൊണ്ട് പോകുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്. വലിയ പോലീസ് സന്നാഹവും ആള്‍ക്കൂട്ടവും ഉളള സ്ഥലത്ത് അക്രമി രണ്ട് മണിക്കൂറോളം നില്‍ക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചതായും വിവരമുണ്ട്. 


അതിനിടെ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. പ്രധാന ദൃക്സാക്ഷി റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കിയത്. അക്രമിയെ കുറിച്ചുള്ള നിർണായക വിവരങ്ങളും റാസിഖ് പങ്കുവെച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. എല്ലാവരുടെയും ദേഹത്ത് പെട്രോൾ പോലുള്ള ദ്രാവകം തെളിച്ചു. എല്ലാവരെയും മാറി മാറി ഇയാൾ നോക്കുന്നുണ്ടായിരുന്നുവെന്നും റാസിഖ് പറഞ്ഞു. പ്രതിക്ക് ഏകദേശം 150 cm ഉയരം ഉണ്ടെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. ആരോഗ്യമുള്ള  ശരീരം. ഇറക്കം കൂടിയ ഷർട്ട് ആണ് ധരിച്ചിരുന്നത്. 


Also Read: Kozhikode Train Fire: ട്രെയിനിൽ തീവെച്ച സംഭവം: പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു


സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ജില്ലയിലെ മുഴുവൻ സിഐമാരെയും കേസന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാഡോ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളെയും അന്വേഷണ സംഘത്തിലുൾപ്പെടുത്തി. ആശുപത്രി, ലോഡ്ജ്, ഹോട്ടൽ മുറികൾ തുടങ്ങി വ്യാപക പരിശോധന നടത്താൻ നിർദേശം നല്‍കി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി.


അതേസമയം, അക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗ് ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗിൽ നിന്ന് ഒരു കുപ്പി പെട്രോളും കുറിപ്പുകളും ചോറ്റുപാത്രവും കണ്ടെത്തി. ഇം​ഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും കണ്ടെത്തി. പെട്രോൾ നിറച്ച കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഭക്ഷണം അടങ്ങിയ ചോറ്റുപാത്രം, ഇയർഫോണും കവറും, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഇം​ഗ്ലീഷിലുള്ള ദിനചര്യ കുറിപ്പ് എന്നിവയാണ് ബാ​ഗിൽ നിന്ന് ലഭിച്ചത്. ട്രാക്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷണം നടത്തും. എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ട്. റെയിൽവെ മന്ത്രാലയം സംഭവത്തെക്കുറിച്ച് വിവരങ്ങൾ തേടി. അക്രമി യുപി സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.


സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില ​ഗുരുതരമാണ്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് തീയിട്ടത്. രാത്രി ഒമ്പതരയോടെയാണ് സംഭവം. യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച ശേഷം അക്രമി തീയിടുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.