Kozhikode Train Fire: ട്രെയിനിൽ തീവെച്ച സംഭവം: പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു
മുഖ്യദൃക്സാക്ഷി റാസിഖ് എന്നയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ട്രെയിനിൽ തീവെച്ചെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം വരച്ചിരിക്കുന്നത്.
കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ തീവെച്ച കേസിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. സംഭവത്തിലെ പ്രധാന ദൃക്സാക്ഷി റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കിയത്. പ്രതി ഇതര സംസ്ഥാനക്കാരനാണ് എന്ന സൂചനയിലൂന്നിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അറിയിച്ചത്.
കേസ് ഉത്തര മേഖല ഐജി അന്വേഷിക്കും. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. ട്രെയിനിൽ തീവെപ്പ് നടത്തിയത് സംബന്ധിച്ച് ഗൂഢാലോചനയുണ്ടോ എന്നുള്ള കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഡിജിപി കൂട്ടിച്ചേർത്തു. പ്രതിയെക്കുറിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അതേസമയം, അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ നിന്ന് ഒരു കുപ്പി പെട്രോളും കുറിപ്പുകളും ചോറ്റുപാത്രവും കണ്ടെത്തി. ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും കണ്ടെത്തി. പെട്രോൾ നിറച്ച കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഭക്ഷണം അടങ്ങിയ ചോറ്റുപാത്രം, ഇയർഫോണും കവറും, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഇംഗ്ലീഷിലുള്ള ദിനചര്യ കുറിപ്പ് എന്നിവയാണ് ബാഗിൽ നിന്ന് ലഭിച്ചത്. ട്രാക്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷണം നടത്തും. എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ട്. റെയിൽവെ മന്ത്രാലയം സംഭവത്തെക്കുറിച്ച് വിവരങ്ങൾ തേടി. അക്രമി യുപി സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമിയെന്ന് സംശയിക്കുന്നയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നും മൊഴിയുണ്ട്. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് തീയിട്ടത്. രാത്രി ഒമ്പതരയോടെയാണ് സംഭവം. യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച ശേഷം അക്രമി തീയിടുകയായിരുന്നു.
എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു പുരുഷന്‍റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ത്രീയും കുഞ്ഞും മട്ടന്നൂർ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ. മരിച്ച പുരുഷനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ അക്രമിക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...