Lakhimpur Kheri | ആശിഷ് മിശ്രക്കെതിരെ കുരുക്ക് മുറുകുന്നു; വധശ്രമത്തിന് കൂടി കേസെടുത്തു
കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വ്വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്.
ന്യൂഡൽഹി: ലഖിംപൂർ ഖേരി (Lakhimpur Kheri) സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ (Ashish Mishra) വധശ്രമത്തിന് (Attempt to Murder) കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന അന്വേഷണ റിപ്പോർട്ട് വന്നതോടെ കേന്ദ്രമന്ത്രിയുടെ (Central Minister) രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ (Opposition) ബഹളത്തെത്തുടർന്ന് പാര്‍ലമെന്‍റിന്‍റെ (Parliament) ഇരുസഭകളും സ്തംഭിച്ചു.
കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വ്വമായിരുന്നുവെന്നും സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്.
സ്ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേർത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു. അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്ഐആര്‍ പുതുക്കിയത്.
Also Read: Lakhimpur Violence: കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസ്, പ്രതിഷേധം കടുപ്പിച്ച് കർഷകർ
മറ്റ് 12 പ്രതികള്‍ക്കെതിരെയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടതും വിവാദമായി.
ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. 4 കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്കിടയിലേക്ക് കാറോടിച്ചു കയറ്റുന്നതിന്റെയും ഡ്രൈവർ സീറ്റിൽ ആശിഷ് മിശ്ര ഇരിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കർഷകരും അക്രമാസക്തരായി. തുടർന്നുള്ള സംഘർഷങ്ങളിൽ 2 ബിജെപി പ്രവർത്തകരും ഇവരുടെ ഡ്രൈവറും മരിച്ചു.
കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വ്വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി പാർലമെന്റിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
തുടര്‍ന്ന് ഇരുസഭകളും പല തവണ തടസ്സപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...