ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ (Lakhimpur Kheri) കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര റിമാൻഡിൽ. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് സഹാറൻപൂർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (Deputy Inspector General) ഉപേന്ദ്ര അഗർവാൾ പറഞ്ഞു. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ ലഖിംപുർ മജിസ്ട്രേറ്റ് കോടതി നാളെ വാദം കേൾക്കും. ചോദ്യം ചെയ്യലിനിടയിൽ പൊരുത്തക്കേടുകൾ ഉള്ള പല പ്രസ്താവനകളും ആശിഷ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരുന്നത്. 30ലധികം ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ മുഴുവൻ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു.
സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദവും അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്‍റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആശിഷ് മിശ്രയുടെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ആശിഷ് മിശ്രയുടെ മെഡിക്കൽ പരിശോധനയ്ക്കായി ഡോക്ടർമാരുടെ പാനൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തും.
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നാണ് ആശിഷ് മിശ്രയുടെ അഭിഭാഷകൻ വ്യക്തമാക്കിയത്. അതേസമയം, കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. അജയ് മിശ്ര രാജിവയ്ക്കണമെന്നും എങ്കിലേ നീതി നടപ്പാകുകയുള്ളൂവെന്നും പ്രതിപക്ഷം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...