Crime: എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; തൊടുപുഴയിൽ ഒരാൾ പിടിയിൽ
ഉയർന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ബോർഡു വച്ച വാഹനത്തിലെത്തുന്ന തട്ടിപ്പുകാർ വൻ തുകയാണ് ആവശ്യപ്പെടുന്നത്.
ഇടുക്കി: തൊടുപുഴയിലെ ക്വാറിയിൽ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്തിയ ആൾ അറസ്റ്റിൽ. കോലഞ്ചേരി സ്വദേശി പി എം പോള്‍ ആണ് തൊടുപുഴ പോലീസിന്‍റെ പിടിയിലായത്. ക്വാറിക്കെതിരെ ലഭിച്ച പരാതികൾ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ച് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടു. സംശയം തോന്നിയ ക്വാറി ഉടമ പോലീസിൽ അറിയിക്കുകയായിരുന്നു. അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിക്കാൻ തൊടുപുഴയിലെ ക്വാറികളിൽ പലരും എത്തുന്നുണ്ടെന്നാണ് വിവരം.
എൻഫോഴ്‌സ്‌മെന്റ്, ജി എസ് ടി, ഡിഫൻസ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പ്. ഉയർന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ബോർഡു വച്ച വാഹനത്തിലെത്തുന്നവർ വൻ തുകയാണ് ആവശ്യപ്പെടുക. ഇത്തരത്തിൽ കഴിഞ്ഞ ദിവസം എന്‍ഫോഴ്‍സ്‍മെന്റ് ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ച് ഇഞ്ചിയാനി പാറമടയിലെത്തിയയാളാണ് ക്വാറി ഉടമയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് അറസ്റ്റിലായത്. ക്വാറിയിൽ എത്തിയ പോൾ ജിഎസ്ടി എന്‍ഫോഴ്‍മെന്റ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി.
ക്വാറിക്കെതിരെ ലഭിച്ച പരാതികള്‍ അന്വേഷിക്കാനെത്തിയതാണെന്നും അനുകൂല റിപ്പോർട്ട് നൽകാൻ 50,000 രൂപ വേണമെന്നും ഇയാൾ വ്യക്തമാക്കി. പണമില്ലെന്ന് അറിയിച്ച ക്വാറി ഉടമയോട് അഡ്വാന്‍സായി 1000 രൂപ വാങ്ങി. ബാക്കി തുക തൊടുപുഴയില്‍ താന്‍ താമസിക്കുന്ന ലോഡ്‍ജില്‍ എത്തിക്കണമെന്നും പോൾ അറിയിച്ചു. സംശയം തോന്നിയ ക്വാറി ഉടമ ജിഎസ്‍ടിയിലെ മറ്റൊരു ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ തട്ടിപ്പിന് സാധ്യതയുണ്ടെന്ന് മറുപടി ലഭിച്ചു. ഇതോടെയാണ് തൊടുപുഴ പോലീസില്‍ വിവരമറിയിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...