Actress Attack Case : വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് മഞ്ജു വാര്യരുടെ മൊഴിയെടുത്തു
കൊച്ചിയിൽ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്.
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈം ബ്രാഞ്ച് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിൽ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് മൊഴിയെടുത്തത്. കേസിൽ പുറത്ത് വന്ന ശബ്‌ദ രേഖകൾ തിരിച്ചറിയുന്നുണ്ടോയെന്ന് അറിയാനായിരുന്നു നടപടി.
ബാലചന്ദ്ര കുമാർ പുറത്ത് വിട്ട ശബ്‌ദ രേഖകളാണ് മഞ്ജു വാര്യർ പരിശോധിച്ചത്. കേസിൽ എഫ്ഐആർ തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി ഹൈക്കോടതി ഏപ്രിൽ 19ന് തള്ളിയിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം ഊർജ്‌ജിതമായി മുന്നോട്ട് പോകുകയാണ്. എഫ് ഐ ആർ റദ്ദാക്കുകയോ അല്ലെങ്കിൽ അന്വേഷണം സി ബി ഐക്ക് വിടുകയോ ചെയ്യണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഹർജി തള്ളിയ കോടതി ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും വ്യക്തമാക്കി.
ALSO READ: ദിലീപ് വിളിച്ചു, മഞ്ജു ഡാൻസ് കളിക്കരുത്; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ, മഞ്ജുവിന്റെ മൊഴിയെടുക്കും
വരും ദിവസങ്ങളിൽ കാവ്യാമാധവനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും. ഇതിനിടെ ആലുവ പോലീസ് ക്ലബ്ബിൽ വച്ച് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭർത്താവിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
ഇതിനിടയിൽ കേസിൽ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. മഞ്ജു നൃത്തം ചെയ്യരുതെന്ന് പറഞ്ഞ് ഒരിക്കൽ ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ചെന്നും ആക്രോശിച്ചെന്നും നേരത്തെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. നൃത്തം ചെയ്യുന്നതിനായി സ്റ്റേജിൽ കയറുന്നതിന് മുൻപ് ദിലീപിനെ വിളിച്ച മഞ്ജുവിനോട് നടൻ മോശമായി സംസാരിച്ചു. കയ്യിൽ പൈസ ഇല്ലെന്നും തനിക്ക് നൃത്തം ചെയ്തേ പറ്റു എന്ന് മഞ്ജു പറഞ്ഞുവെന്നും അക്കൗണ്ട് ഫ്രീസ് ചെയ്തത് ചൂണ്ടിക്കാട്ടിയതായും ഭാഗ്യലക്ഷ്മി പറഞ്ഞു.
എന്നാൽ ഇതുവരെ ദിലീപിൽ നിന്ന് വേർപിരിയാനുള്ള കാരണം മഞ്ജു എവിടെയും വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾ. കൂടാതെ മഞ്ജുവിന്റെ അനുവാദത്തോടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കൂടാതെ ദിലീപിന്റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ മൊഴി പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. കോടതിയില്‍ മഞ്ജുവിനെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് വിലയിരുത്തലുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.