കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മഞ്ജുവിന്റെ മൊഴിയെടുക്കാനൊരുങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. നൃത്ത വേദികളിൽ മഞ്ജു വാര്യർ വീണ്ടും സജീവമാകാൻ ഇടയാക്കിയ സാഹചര്യമാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്.
മഞ്ജു നൃത്തം ചെയ്യരുതെന്ന് പറഞ്ഞ് ഒരിക്കൽ ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ചെന്നും ആക്രോശിച്ചെന്നും നേരത്തെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. നൃത്തം ചെയ്യുന്നതിനായി സ്റ്റേജിൽ കയറുന്നതിന് മുൻപ് ദിലീപിനെ വിളിച്ച മഞ്ജുവിനോട് നടൻ മോശമായി സംസാരിച്ചു. കയ്യിൽ പൈസ ഇല്ലെന്നും തനിക്ക് നൃത്തം ചെയ്തേ പറ്റു എന്ന് മഞ്ജു പറഞ്ഞുവെന്നും അക്കൗണ്ട് ഫ്രീസ് ചെയ്തത് ചൂണ്ടിക്കാട്ടിയതായും ഭാഗ്യലക്ഷ്മി പറ‍്ഞു. എന്നാൽ ഇതുവരെ ദിലീപിൽ നിന്ന് വേർപിരിയാനുള്ള കാരണം മഞ്ജു എവിടെയും വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾ. കൂടാതെ മഞ്ജുവിന്റെ അനുവാദത്തോടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം ദിലീപിന്റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ മൊഴി പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. കോടതിയില്‍ മഞ്ജുവിനെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് വിലയിരുത്തലുണ്ട്. 'മഞ്ജു സ്വാര്‍ത്ഥ ചിന്താഗതിക്കാരിയാണ്, മീനാക്ഷിയോടും വീട്ടിലെ മറ്റ് കുട്ടികളോടും സ്‌നേഹമില്ല, മദ്യപിച്ച് വീട്ടിലെത്തും, സംശയരോഗമുണ്ട്, ഡാന്‍സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദിലീപിനോട് അനുവാദം ചോദിക്കാതെ തന്നിഷ്ടപ്രകാരം മുന്നോട്ടുപോയി, അതിനേത്തുടര്‍ന്ന് ദിലീപില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നു,' എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ശബ്ദരേഖയിലുള്ളത്.
Also Read: Actress Attack Case| നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കൈമാറിയത് ആലുവയിലെ വിഐപി?
കരിക്കകം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ മഞ്ജു കൂടുതൽ പണം ആവശ്യപ്പെട്ടെന്ന് അനൂപിനെ കൊണ്ട് പറയിപ്പിക്കാന്‍ അഭിഭാഷകന്‍ ശ്രമിക്കുന്നതും ശബ്ദരേഖയിലുണ്ട്. 'പ്രതിഫലമായ 10 ലക്ഷം രൂപയിൽ കുറവ് വരുത്തണമെന്ന് അഭ്യർഥിച്ച് ക്ഷേത്രഭരവാഹികൾ ദിലീപിനെ വിളിച്ചെന്ന് പറയണം. ഇതനുസരിച്ച് ദിലീപേട്ടന്‍ മഞ്ജുച്ചേച്ചിയെ വിളിച്ചു. തന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് മഞ്ജു പറഞ്ഞതായും തുക കുറയ്ക്കാന്‍ തയ്യാറായില്ലെന്നും പറയണം' എന്നും ശബ്ദരേഖയിലുണ്ട്.
ഏപ്രിൽ 10ന് ക്രൈംബ്രാഞ്ച് മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകൾ മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കേസിൽ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഡോക്ടർ ഹൈദരാലിയും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...