ലഹരി കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; അന്വേഷണത്തിന് ഉത്തരവ്
താനൂർ ദേവധാർ മേൽപാലത്തിനു സമീപത്തുനിന്നുമാണ് മരിച്ച തമീർജിഫ്രിയുൾപ്പെടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്
മലപ്പുറം: താനൂരിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി തമീർജിഫ്രിയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഇയാൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
താനൂർ ദേവധാർ മേൽപാലത്തിനു സമീപത്തുനിന്നുമാണ് മരിച്ച തമീർജിഫ്രിയുൾപ്പെടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 18 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ തമീർജിഫ്രി ഇന്നുപുലർച്ചെ 4 മണിക്ക് തളർന്നുവീണതായാണ് പോലീസ് പറയുന്നത്.ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Also Read: Crime News: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ പീഡിപ്പിച്ച 3 പേർ അറസ്റ്റിൽ
മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് അറിയിച്ചു. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. ലഹരിമരുന്ന് കേസ് നാർക്കോട്ടിക്സ് ഡിവൈഎസ്പിയും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും. സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോർട്ട് നൽകി. മഞ്ചേരി മെഡിക്കൽ കോളേജില്‍ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...