കൊലക്കേസിൽ ശിക്ഷവിധിക്ക് പിന്നാലെ മുങ്ങിയ വനിത കുറ്റവാളി 27 വർഷത്തിന് ശേഷം പിടിയിൽ
Mavelikara Mariyamma Case : വയോധികയെ കൊലപ്പെടുത്തിയ കേസിൽ ജീവപരന്ത്യം ശിക്ഷവിധി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് അച്ചാമ്മ ഒളിവിൽ പോകുന്നത്.
ആലപ്പുഴ : മാവേലിക്കര മാങ്കാംകുഴിയിൽ വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ ജീവപരന്ത്യം ശിക്ഷവിധക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ. അറുന്നൂറ്റിമംഗലം പുത്തൻവേലിൽ വീട്ടിൽ റെജി എന്ന അച്ചാമ്മയാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. 1990 ഫെബ്രുവരി 21 നാണ് മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മയെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി റജിക്കെതിരെ ജീവപരന്ത്യം ശിക്ഷവിധിക്കുകയായിരുന്നു. ശിക്ഷ വിധിക്ക് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ റജി ഒളിവിൽ പോയി.
കോതമംഗലത്ത് പോത്താനിക്കാട് പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് കാടുവെട്ടിവിളെ എന്ന വിലാസത്തിൽ മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ചുവരികയായിരുന്നു റജി. മറിയാമ്മ കൊലപാതക കേസിൽ അറിസ്റ്റിലായ റജിയെ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്തംബർ 11ന് ഹൈക്കോടതി റജിക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. പിന്നാലെയാണ് റെജി ഒളിവിൽ പോയത്.
വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു. അതിന് ശേഷം റെജിയെ കണ്ടെത്താനായി പോലീസ് കേരളത്തിനകത്തും പുറത്തുമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൊലപാതകം നടന്ന് 33 വർഷവും ശിക്ഷ വിധിച്ചിട്ട് 27 വർഷവുമായ കേസിൽ റെജി പുറംലോകത്ത് കഴിഞ്ഞത്.
റെജി ഒളിവിൽ പോകുന്നതിന് മുൻപ് കോട്ടയം ജില്ലയിൽ അയ്മനം,ചുങ്കം എന്നിവിടങ്ങളിൽ മിനി എന്ന പേരിൽ വീടുകളിൽ അടുക്കള പണിയ്ക്കായി നിന്നിരുന്നുയെന്നാണ് നാട്ടുകാർ പറയുന്നത്. ആ കാലയളവിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്നാട്ടിലേയ്ക്ക് പോയെന്നും വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്ത് അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരിൽ റെജി കുടുംബസമേതം താമസിച്ചു വരുന്നതായി പോലീസ് കണ്ടെത്തിയത്. മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ സി ശ്രീജിത്ത്, എസ്. ഐ. പ്രഹ്ളാദൻ. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു മുഹമ്മദ്, സുഭാഷ് എൻ എസ് , സജുമോൾ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്കർ, സി. പി. ഓ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്
1990 ഫെബ്രുവരി 21 നാണ് മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ വീടിനുള്ളിൽ കൊലചെയ്യപ്പട്ട നിലയിൽ കാണപ്പെട്ടത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മാറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് കമ്മൽ ഊരിയെടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ റെജി അറസ്റ്റിലാകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...