"പ്രതികളുടെ എണ്ണം കണക്കിലെടുത്താൽ ഇത് കോടതി മുറിയിൽ ഒതുങ്ങില്ല, വാദം കേൾക്കാൻ ഒരു സ്റ്റേഡിയം വേണ്ടി വരും" ഒരു കേസിൻറെ കുറ്റപത്രം സമർപ്പിച്ച ശേഷം ഡൽഹി ഹൈക്കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനായ വിജയ് അഗർവാൾ അറിയാതെ നെടുവീർപ്പിട്ടു പോയി.അതിനും മണിക്കൂറുകൾക്ക് മുൻപാണ് കോടതിയിൽ 70000 പേജുള്ള ആ വലിയ കുറ്റ പത്രം സമർപ്പിച്ചത്. ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്നാർക്കെങ്കിലും തോന്നിയാൽ തെറ്റി. ഇന്ത്യയുടെ കോടതി ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു അത്രയും വലിയൊരു കേസ്. മാമത്ത് സൈസ് എന്നാണ് വാർത്ത റിപ്പോർട്ട് ചെയ്ത് ഇക്കണോമിക് ടൈംസ് ആ ചാർജ് ഷീറ്റിനെ വിശേഷിപ്പിച്ചത്. അത് 100 ശതമാനവും സത്യവുമായിരുന്നു. ആ കഥയിലേക്കാണ് കടക്കുന്നത്.
ചരിത്രം പറഞ്ഞാൽ
ഇന്ന് നാം കാണുന്ന ടാറ്റാ സ്റ്റീൽസിന് മറ്റൊരു ഭീകരകാലമുണ്ടായിരുന്നു എന്ന് പറഞ്ഞാൽ ഒരു പക്ഷെ വിശ്വാസം വന്നേക്കില്ല. അന്ന് ആ കമ്പനിയുടെ പേര് ഭൂഷൺ സ്റ്റീൽസ് എന്നായിരുന്നു. ബ്രിജ് ഭൂഷൺ സിംഗാൾ എന്നയാൾ 1987-ൽ നഷ്ടത്തിലായിരുന്ന ഒരു സ്റ്റീൽ പ്ലാന്റ് ഏറ്റെടുത്തു. അതിന് ഭൂഷൺ സ്റ്റീൽ എന്ന് പേരിട്ടു. സിംഗാളിനൊപ്പം മക്കളായ നീരജ്, സഞ്ജയ് എന്നിവരും വ്യവസായത്തിലേക്ക് ചുവട് വെച്ചു. സെക്കണ്ടറി സ്റ്റീൽ ഉൽപ്പാദനത്തിലായിരുന്നു കമ്പനിയുടെ ശ്രദ്ധ.ഉപഭോക്താക്കൾ പ്രധാനമായും വാഹന മേഖലയിൽ നിന്നുള്ളവരായിരുന്നു. ഇതിനിടയിൽ സാഹിബാബാദ്, ഖോപോളി, ഒഡീഷ, ഹൊസൂർ എന്നിവിടങ്ങളിൽ 4 പ്രധാന പ്ലാന്റുകൾ സ്ഥാപിച്ചു.
ഉൽപ്പാദനം മെച്ചപ്പെടുത്താൻ ഭൂഷൺ സ്റ്റീൽസ് ചെയ്തത് അത്യാധുനികവും ഉയർന്ന നിലവാരമുള്ളതുമായ സാങ്കേതികവിദ്യ ഉപയോഗിക്കുകയായിരുന്നു ഇതിനായി ജാപ്പനീസ് സാങ്കേതികവിദ്യയുടെ സഹായം കമ്പനി തേടി.
ഇത് കമ്പനിക്ക് മറ്റുള്ളവരെക്കാൾ മുൻതൂക്കം വിപണിയിൽ നൽകി. ഭാഗ്യം ഭൂഷൺ സ്റ്റീൽസിന് ഒപ്പം നിന്നു, അവർ വ്യവസായത്തിലേക്ക് കാലെടുത്തുവച്ച കാലഘട്ടം സ്റ്റീൽ ബിസിനസ്സ് അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. മാർക്കറ്റിലെ വമ്പൻമാർ ഭൂരിഭാഗവും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളായിരുന്നു. ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ഡിമാൻഡ് ഗണ്യമായി ഉയർന്നിരുന്നു.
ഇതെല്ലാം ഭൂഷൺ സ്റ്റീലിന്റെ വിജയത്തിന് വഴിയൊരുക്കി. മാരുതി സുസുക്കി , മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളെല്ലാം ഭൂഷൺ സ്റ്റീൽസിൻറെ ഉപഭോക്താക്കളായി.രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീൽ നിർമ്മാതാക്കളായി അവർ താമസിയാതെ ഉയർന്നു. ഇതിനിടയിൽ ഇറക്കുമതി കുറക്കുക എന്ന ലക്ഷ്യത്തോടെ അവർ ഒറീസയിൽ ഒരു പ്ലാൻറ് നിർമ്മിക്കാൻ ആരംഭിച്ചു. ഇതിനായി വിവിധ ബാങ്കുകളിൽ നിന്ന് വായ്പയും എടുത്തു. എന്നാൽ കാര്യങ്ങൾ വിചാരിച്ച അത്രയും എളുപ്പമായിരുന്നില്ല. 2008-ലെ സാമ്പത്തിക പ്രതിസന്ധി ഭൂഷണെ തകിടം മറിച്ചു. അന്താരാഷ്ട്ര വിപണിയിൽ സ്റ്റീലിൻറെ വില 1265 ഡോളറിൽ നിന്ന് 300 ഡോളറായി ഇടിഞ്ഞു. ഭൂഷൺ സ്റ്റീൽസിൻറെ പതനം അവിടെ തുടങ്ങുകയായിരുന്നു.
കടം 11,404 കോടി രൂപയിൽ
ഒഡീഷയിലെ പ്ലാന്റിന്റെ പണി പൂർത്തിയായിൽ എല്ലാം ശരിയാകും എന്നായിരുന്നു ഭൂഷൺ സ്റ്റീലിന്റെ വിശ്വാസം.2010-ൽ ഇതിൻറെ ആദ്യഘട്ടം പൂർത്തിയായി. എന്നാൽ അപ്പോഴേക്കും കമ്പനിയുടെ കടം 11,404 കോടി രൂപയായി.അപ്പോഴും അവർ തളർന്നില്ല, നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും ബാങ്കുകളിൽ നിന്നും കടം വാങ്ങി. പ്ലാന്റ് അതിന്റെ പൂർണ്ണ ശേഷിയിൽ എത്തിക്കഴിഞ്ഞാൽ, കടം തിരിച്ചടയ്ക്കാൻ ആവശ്യമായ ലാഭം ലഭിക്കുമെന്ന് കടം കൊടുക്കുന്നവരോടൊപ്പം സ്ഥാപനവും വിശ്വസിച്ചു.
സംഭവിച്ചത് മറ്റൊന്നായിരുന്നു.ഭീമമായ കടമെടുപ്പും ലാഭം കുറയുകയും കമ്പനി പതിയെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. പ്രശ്നങ്ങൾ തീർക്കാൻ ഒന്നിനുപുറകെ ഒന്നായി വായ്പയെടുത്തുകൊണ്ടിരുന്നെങ്കിലും പ്ലാന്റിന്റെ നിർമാണം മാത്രം പൂർത്തിയായില്ല.2013-ൽ പ്ലാൻറിലുണ്ടായ അപകടത്തിൽ 3 തൊഴിലാളികൾ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് പിന്നെയും പ്രശ്നങ്ങൾ ഇരട്ടിപ്പിച്ചു. 2014 അവസാനത്തോടെ കമ്പനിയുടെ ചെലവ് മാത്രം 1600 കോടിയായി. വേറെ വഴിയൊന്നുമില്ലാതെ ഭൂഷൺ സ്റ്റീൽ പിന്നെയും ബാങ്കുകളെ സമീപിച്ചു കമ്പനിയുടെ ഓഹരികൾ ഈടായി അവർ ഭൂഷൺ സ്റ്റീലിന് 18000 കോടി രൂപ വായ്പ നൽകി. മുതല് പോയിട്ട് പലിശ പോലും തിരിച്ചടക്കാൻ കമ്പനിക്ക് ശേഷിയുണ്ടായിരുന്നില്ല. ചുരുക്കത്തിൽ, 2014-ൽ 35,710 കോടിയായിരുന്ന കടം 2016-ൽ 46,062 കോടിയായി ഉയർന്നു.
സിബിഐ അന്വേഷണം
തിരിച്ചടവുകൾ മുടങ്ങിയതോടെ ബാങ്കുകൾ നിയമനടപടിക്ക് ഒരുങ്ങി. അന്വേഷണം സിബിഐയിലേക്ക് എത്തി. ഇതിനിടയിൽ ഡെലോയിറ്റിൻറെ നേതൃത്വത്തിൽ കമ്പനിയിൽ നടത്തിയ ഫോറൻസിക് ഒാഡിറ്റിൽ 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായും വായ്പ നീട്ടിനൽകാൻ ഉടമകളിലൊരാളായ എസ്.കെ.ജെയിൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും കണ്ടെത്തി.ഓഹരി ഉടമകൾ പരിഭ്രാന്തരായി ഉടനടി ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞു.
2014 ആയപ്പോഴേക്കും കമ്പനി ഔദ്യോഗികമായി പാപ്പരത്ത്വം പ്രഖ്യാപിച്ചു. ഇത് കോടതിയിൽ ബോധ്യപ്പെട്ടു. കമ്പനി ലേലം ചെയ്യാൻ കോടതി ഉത്തരവിട്ടു. ജെഎസ്ഡബ്ല്യു, ടാറ്റ സ്റ്റീൽ എന്നീ വമ്പൻ ലേലക്കാർക്കടിയിൽ ടാറ്റ തന്നെ ഭൂഷൺ സ്റ്റീലിനെ സ്വന്തമാക്കി. 19300 കോടിയായിരുന്നു ലേല തുക. ഇതിന് പിന്നാലെ 35,200 കോടിയുടെ കടം തിരിച്ചടച്ച് 'ടാറ്റ സ്റ്റീൽ ബിഎസ്എൽ' എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ഭൂഷൺ സ്റ്റീലിന്റെ നിയന്ത്രണം ടാറ്റ സ്റ്റീൽ ഔദ്യോഗികമായി ഏറ്റെടുത്തു.
പ്രതികൾ
എല്ലാ അർഥത്തിലും വലിയ കേസായിരുന്നു ഭൂഷൺ സ്റ്റീൽ അഴിമതി.283 പേരായിരുന്നു കേസിലെ പ്രതികൾ. അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം പ്രതികളുടെ പേര് വിളിച്ച് പൂർത്തിയാക്കാൻ തന്നെ കോടതിക്ക് വേണ്ടി വന്നത് 4 മണിക്കൂറാണത്രെ.ഏറ്റവും അവസാനം പുറത്ത് വന്ന കണക്കിൽ 47000 കോടിക്ക് മുകളിലായിരുന്നു കമ്പനിയുടെ കടം.ഇതിനിടയിൽ 3800 കോടിയുടെ തട്ടിപ്പ് കേസ് പഞ്ചാബ് നാഷണൽ ബാങ്കും കമ്പനിക്കെതിരെ നൽകിയിട്ടുണ്ട്. കുറ്റ പത്രം വായിച്ച് കേഴുക്കുന്ന ജഡ്ജിൻറ അവസ്ഥയടക്കം അക്കാലത്ത് ചർച്ചായിരുന്നു. 2023 ജനുവരി 11-ന് ഭൂഷൺ സ്റ്റീൽസ് എംഡിയെ 56000 കോടിയുടെ തട്ടിപ്പ് കേസിന് ഇഡി അറസ്റ്റു ചെയ്തു. കേസിൻറെ വിചാരണ തീരാൻ ഒരു ശരാശരി വക്കീലിൻറെ ജീവിതകാലം മുഴുവൻ വേണ്ടി വന്നേക്കാം എന്നു പോലും തമാശയായി കേസ് സ്റ്റഡി നടത്തുന്നവർ ഭൂഷൺ സ്റ്റീൽ കേസിനെ പറ്റി പറയാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...