Murder: കോട്ടയത്ത് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; 2 പേർ കസ്റ്റഡിയിൽ
ഷൈജുവിൻറെ മൃതദേഹത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. കോട്ടയം തിരുവഞ്ചൂർ പോളചിറയിലാണ് കൊലപാതകം നടന്നത്.
കോട്ടയം: യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. കോട്ടയം തിരുവഞ്ചൂർ പോളചിറയിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശിയായ ഷൈജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഷൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ലാലുവിൻ്റെ വീടിന് മുന്നിൽ രക്തക്കറ കണ്ടെത്തി.
കൃത്യത്തിനു ശേഷം റോഡ് അരികിലെ മറ്റൊരു വീടിന് മുന്നിൽ മൃതദേഹം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്ന് പോലീസ് കരുതുന്നു. ബിഎസ്പി പ്രവർത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയിരുന്നു. പോസ്റ്ററുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് വിശദീകരിച്ചു. സമഗ്രമായ അന്വേഷണം വേണമെന്ന് ബിഎസ്പി ജിലാലം നേതൃത്വം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...