Nelliyambam double murder: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊല കേസ്; പ്രതിക്ക് വധശിക്ഷ
Nelliyambam double murder case: 2021 ജൂൺ 10ന് രാത്രിയാണ് അർജുൻ വയോധിക ദമ്പതികളായ റിട്ട. അധ്യാപകന് കേശവനെയും ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തിയത്.
കൽപ്പറ്റ: വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് വധശിക്ഷ. റിട്ടയേർഡ് അധ്യാപകൻ പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ അർജുനെതിരെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം.
2021 ജൂൺ 10ന് രാത്രിയാണ് അർജുൻ വയോധിക ദമ്പതികളായ റിട്ട. അധ്യാപകന് കേശവനെയും ഭാര്യ പത്മാവതിയെയും മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്. നെല്ലിയമ്പത്തെ വീട്ടില്‍ വെട്ടേറ്റ നിലയിൽ അയൽവാസികളാണ് ദമ്പതികളെ ആദ്യം കണ്ടത്. വയറിനും തലക്ക് വെട്ടും കുത്തുമേറ്റ കേശവന് സംഭവസ്ഥലത്ത് മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പനമരം, നീര്‍വാരം സ്കൂളുകളിലെ കായികാധ്യാപകനായിരുന്നു മരിച്ച കേശവന്.
ALSO READ: ബൈക്ക് വച്ചതിനെച്ചൊല്ലി തർക്കം; വീടുകയറി ആക്രമിക്കാൻ ശ്രമിച്ചയാളെ കുത്തിക്കൊന്നു
സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം സെപ്റ്റംബർ 17നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. 2021 ജൂണ്‍ ഒമ്പതിനു മാനന്തവാടി ഡിവൈ.എസ്.പിയുടെ കാര്യാലയത്തില്‍ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അര്ജുന് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കു ശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും 150ഓളം സി.സി.ടി.വി കാമറ ദൃശ്യങ്ങളും പരിശോധിച്ച അന്വേഷണ സംഘം മൂവായിരത്തോളം പേരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 74 സാക്ഷികളെയാണ് വിസ്തരിച്ചത്. 181 രേഖകളും 38 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഡിസംബർ 20നാണ് കേസിന്റെ വിചാരണ പൂർത്തിയായത്. കൊലക്കുറ്റത്തിനു വധ ശിക്ഷ വിധിച്ച കോടതി, വീട്ടിൽ അതിക്രമിച്ചു കയറലിന് 10 വർഷം തടവും ഒരു ലക്ഷം പിഴയും തെളിവ് നശിപ്പിക്കലിന് 7 വർഷം തടവും ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.