Investment Fraud: തൃശ്ശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രതി പ്രവീൺ റാണയെ പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പോലീസ്
Police investigation: പ്രവീണ്‍ റാണ കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ ഉണ്ടെന്നുള്ള വിവരത്തെ തുടര്‍ന്നാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സംഘം കൊച്ചിയിലെത്തിയത്.
തൃശ്ശൂർ: തൃശ്ശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പോലീസ്. പ്രവീണ്‍ റാണയെ അന്വേഷിച്ച് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കൊച്ചിയിലെത്തുന്നതിന് തൊട്ട് മുന്‍പാണ് ഇയാൾ രക്ഷപ്പെട്ടത്. അതിനിടെ പ്രവീണ്‍ റാണയുടെ കാറുകള്‍ പോലീസ് പിടികൂടി. പ്രവീണ്‍ റാണ കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ ഉണ്ടെന്നുള്ള വിവരത്തെ തുടര്‍ന്നാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സംഘം കൊച്ചിയിലെത്തിയത്.
തൃശ്ശൂരിൽ നിന്നുള്ള പോലീസ് സംഘം ഫ്ലാറ്റിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ രക്ഷപ്പെടുകയായിരുന്നു. കടവന്ത്രയിലെ ഇയാളുടെ പങ്കാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് ഇയാള്‍ ഉണ്ടായിരുന്നത്. പോലീസ് എത്തുന്നതിന് മുന്‍പേ ഇയാള്‍ ബിഎംഡബ്ല്യു കാറിൽ ചാലക്കുടി ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ പോലീസ് ചാലക്കുടിയിൽ വച്ച് വാഹനം തടഞ്ഞപ്പോൾ പ്രവീൺ കാറില്‍ ഇല്ലായിരുന്നു. ഫ്ലാറ്റിൽ നിന്നും ഇയാൾ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ വെച്ച് ഇയാൾ കടന്ന് കളഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്. അതേസമയം പ്രവീണ്‍ റാണയുടെ ആഡംബര വാഹനങ്ങൾ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടി. കൊച്ചിയിൽ നിന്നാണ് കാറുകള്‍ പിടികൂടിയത്. പിടികൂടിയ കാറുകള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വന്‍പലിശ വാഗ്ദാനം ചെയ്താണ് ഇയാളുടെ നേതൃത്വത്തിലുള്ള സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന പലിശ നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് നിലച്ചു. നിക്ഷേപതുക മടക്കിനല്‍കണമെന്നാവശ്യപ്പെട്ട് എത്തുന്നവര്‍ക്ക് പണം ലഭിക്കാതെ വന്നതോടെയാണ് പരാതിയുയര്‍ന്നത്. ഇത്തരത്തില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇരുപതോളം പരാതികള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...