Sand Mining Case : മണൽ ഖനനക്കേസിൽ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് ഉള്‍പ്പടെയുള്ള 6 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
മലങ്കര കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള അംബാസമുദ്രത്തിനടുത്തുള്ള സ്ഥലത്ത് താമരഭരണി നദിയിൽ നിന്ന് മണൽ കടത്തിയതാണ് കേസ്.
Chennai : അനധികൃത മണൽ ഖനനക്കേസിൽ ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുനെൽവേലി മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. മലങ്കര കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള അംബാസമുദ്രത്തിനടുത്തുള്ള സ്ഥലത്ത് താമരഭരണി നദിയിൽ നിന്ന് മണൽ കടത്തിയതാണ് കേസ്.
കേസിൽ മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പിനെയും സഭാ വികാരി ജനറലിനെയും നാല് വൈദികരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട ബിഷപ്പാണ് അറസ്റ്റിലായ സാമുവൽ മാർ ഐറേനിയസ്. ഇന്നലെയാണ് ആറ് പ്രതികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനൽവേലി യൂണിറ്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവിടത്തെ സഭയുടെ സ്ഥലം കോട്ടയം സ്വാദേശിയായ മാനുവലിന് പാട്ടത്തിന് നൽകിയിരിക്കുകയായിരുന്നു.
മാനുവൽ ജോർജ് സ്ഥലത്ത് ക്രഷർ യൂണിറ്റിനും കരിമണൽ ഖനനത്തിനും അനുമതി നേടി. ശേഷം താമരഭരണി നദിയിൽ നിന്ന് 27,774 ക്യുബിക് മീറ്റർ മണൽ കടത്തിയതായി പരിശോധനയിൽ കണ്ടെത്തി. സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മണൽ കടത്തിയതായി കണ്ടെത്തിയത്.
ALSO READ: Malampuzha Babu Rescue | ബാബു സുരക്ഷിത സ്ഥാനത്ത്, രക്ഷാപ്രവർത്തകർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
തുടർന്ന് കഴിഞ്ഞ വർഷമാണ് മദ്രാസ് ഹൈക്കോടതി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തുടർന്ന് ഇന്നലെ ആറ് പ്രതികളെയും ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അതേസമയം അനധികൃത ഖനനത്തിന് പിന്നിൽ ഭൂമി പാട്ടത്തിനെടുത്ത ആളാണെന്ന് മലങ്കര കത്തോലിക്കാ സഭ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...