Sexual assault: തുമ്പയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 26കാരന് പിടിയില്‍
Woman sexually assaulted in Thumba: രാത്രി പന്ത്രണ്ടരയോടെ താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. തുമ്പയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. നാഗാലാൻഡ് സ്വദേശിയായ യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് രാത്രി പന്ത്രണ്ടരയോടെ താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു യുവതിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി മേനംകുളം സ്വദേശി അനീഷിനെ (26) തുമ്പ പോലീസ് പിടികൂടി.
ALSO READ: വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
നാഗാലാന്‍ഡ് സ്വദേശിയായ യുവതി തുമ്പയില്‍ ഒരു സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അനീഷ് യുവതിയെ തടഞ്ഞു നിര്‍ത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ നാട്ടുകാരും സഹപ്രവര്‍ത്തകരും ഓടിയെത്തി. എന്നാൽ, അനീഷ് തന്റെ ബൈക്കില്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. അനീഷ് നേരത്തെയും സമാമനായ കേസില്‍പ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
മയക്കുമരുന്ന് റെയ്ഡിനിടെ ആക്രമിക്കപ്പെട്ട് ചികിത്സയിലുള്ള ഉദ്യോഗസ്ഥരെ മന്ത്രി എം.ബി. രാജേഷ് സന്ദർശിച്ചു
ആലപ്പുഴ: മദ്യത്തിനും മയക്കുമരുന്നിനും എതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ തകർക്കാനാവില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം മയക്കുമരുന്ന് റെയ്ഡിനിടെ ആക്രമിക്കപ്പെട്ട് ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഒരു സംഘം ആളുകൾ കൂട്ടമായി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. അക്രമി സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എച്ച്. നാസർ, സിവിൽ എക്‌സൈസ് ഓഫീസർ ജി.ആർ. രണദേവ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച രാത്രി 9.30ഓടെ കഞ്ഞിപ്പാടം പാലത്തിനു താഴെ വടക്കേ കരയിൽ റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെയാണ് പത്തോളം പേർ ചേർന്ന് ആക്രമിച്ചത്.
അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എം. നൗഷാദ്, നാർക്കോട്ടിക്സ് സി.ഐ. എം. മഹേഷ്, പ്രിവന്റീവ് ഓഫീസർ അക്ബർ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സെക്രട്ടറി ശ്രീജിത്ത്, മെഡിക്കൽ കോളേജ് സൂപ്രണ്ട് എ. അബ്ദുൽ സലാം എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...