Delhi Horror: ഡല്‍ഹിയില്‍ പെണ്‍കുട്ടി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത് 12 കിലോമീറ്റര്‍..!! സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍
Delhi Horror: ഞായറാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി തട്ടിയിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രം കാറില്‍ കുടുങ്ങുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
News Delhi: മനുഷ്യ മനസാക്ഷിയെ നടക്കുന്ന റോഡ് അപകടവാര്‍ത്തയുമായാണ് പുതുവത്സര ദിനത്തില്‍ ഡല്‍ഹി ഉണര്‍ന്നത്. ഡല്‍ഹിയിലെ തെരുവിലൂടെ ഒരു പെണ്‍കുട്ടി വലിച്ചിഴയ്ക്കപ്പെട്ടത് 12 കിലോമീറ്ററാണ്.
വാഹനത്തില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ഒന്നര മണിക്കൂറോളമാണ് കാര്‍ വലിച്ചിഴച്ചത്. ഈ സംഭവത്തിന്‍റെ CCTV ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യത്തില്‍ ഉയർന്ന ഡിവൈഡറുള്ള റോഡിലൂടെ മാരുതി സുസുക്കി ബലേനോ പോകുന്നതും കാറിനടിയില്‍ ഒരു മങ്ങിയ രൂപവും കാണാം.
പുതിയ സിസിടിവി ദൃശ്യങ്ങളില്‍ ഡല്‍ഹിയിലെ കാഞ്ജവാല മേഖലയിൽ കാർ യു-ടേൺ ചെയ്യുന്നത് കാണാം. ഇതില്‍ വാഹനത്തിന്‍റെ അടിയില്‍ സ്ത്രീയുടെ ശരീരം ദൃശ്യമാണ്. പുലർച്ചെ 3:34 മുതലുള്ള ഫൂട്ടേജിൽ വാഹനം ലാഡ്പൂർ ഗ്രാമത്തിന് അൽപ്പം മുമ്പായി യു-ടേൺ എടുത്ത് തോസി ഗ്രാമത്തിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു.
ഞായറാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി തട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വസ്ത്രം കാറില്‍ കുടുങ്ങുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഞായറാഴ്ച പുലർച്ചെ 3:30 ഓടെ രോഹിണി ജില്ലയിലെ കാഞ്ജവാല പോലീസിന് ചാരനിറത്തിലുള്ള ബലേനോ കാർ ഒരു സ്ത്രീയുടെ ശരീരവും വലിച്ചുകൊണ്ടുപോകുന്നതായി സന്ദേശം ലഭിച്ചു. ഒപ്പം കാറിന്‍റെ രജിസ്‌ട്രേഷൻ നമ്പരും വിളിച്ചയാൾ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന്, ഉടന്‍തന്നെ കാർ നിർത്താനും വാഹനം പരിശോധിക്കാനും ബന്ധപ്പെട്ട ചെക്ക്‌പോസ്റ്റുകളിൽ വിന്യസിച്ചിരിക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പുലർച്ചെ 4 മണിയോടെ യുവതിയുടെ നഗ്നശരീരം റോഡിൽ കിടക്കുന്നതായി കാഞ്ജവാല പോലീസിന് മറ്റൊരു സന്ദേശം ലഭിച്ചു. ഉടന്‍ തന്നെ ക്രൈം ടീം സ്ഥലത്തെത്തി. മൃതദേഹം മംഗോൾപുരിയിലെ എസ്ജിഎം ആശുപത്രിയിലേക്ക് മാറ്റി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിക്കാൻ ഫോറൻസിക് സംഘവും എത്തിയിരുന്നു.
അതിനിടെ ഡൽഹി പോലീസ് കാറും അതില്‍ സഞ്ചരിച്ചിരുന്ന 5 പേരെയും കസ്റ്റഡിയില്‍ എടുത്തു. ദീപക് ഖന്ന (26), അമിത് ഖന്ന (25), കൃഷൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
ഇവര്‍, അപകടസമയത്ത് മദ്യലഹരിയിലായിരുന്നോ എന്ന് പരിശോധിക്കാൻ പോലീസ് ഇവരുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടു. DCW മേധാവി സംഭവത്തില്‍ ഡല്‍ഹി പോലീസിന് നോട്ടീസ് നൽകി.
"വളരെ അസ്വസ്ഥപ്പെടുത്തുന്ന ഒരു സംഭവമാണ് ഇത്. ഒരു പെൺകുട്ടിയെ കാറിടിച്ചശേഷം 12 കിലോമീറ്റര്‍ വലിച്ചിഴയ്ക്കുക, അമിതമായി മദ്യപിച്ച അഞ്ച് പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്, പെൺകുട്ടിക്ക് എങ്ങനെ നീതി ലഭ്യമാക്കുമെന്ന് ചോദിക്കാൻ ഞാൻ ഡൽഹി പോലീസിനെ വിളിച്ചു. രണ്ടാമതായി പെൺകുട്ടിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചിട്ടും ഒരു ചെക്ക് പോസ്റ്റിനും ഒന്നും പിടിക്കാൻ കഴിഞ്ഞില്ല. മദ്യപിച്ചവരെ ആരും തടഞ്ഞില്ല. ഇത് വളരെ ഭയാനകവും ഞെട്ടിക്കുന്നതുമായ സംഭവമാണ്,", സ്വാതി പറഞ്ഞു.
സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. നിരവധി ആളുകള്‍ പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി. കുടുംബത്തിന്‍റെ അത്താണിയായിരുന്നു കൊല്ലപ്പെട പെണ്‍കുട്ടി. ഡല്‍ഹിയില്‍ മാരിയേജ് ഇവന്‍റ് പ്ലാനറായി ജോലി ചെയ്യുമായിരുന്നു മരിച്ച പെണ്‍കുട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...