സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
ബാലരാമപുരം ആർ.സി. സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശി ജീവൻ (20), മലയത്ത് താമസിക്കുന്ന ഷാൻരാജ് (22) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കോവളം പോലീസാണ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത്. ബാലരാമപുരം ആർ.സി. സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശി ജീവൻ (20), മലയത്ത് താമസിക്കുന്ന ഷാൻരാജ് (22) എന്നിവരാണ് അറസ്റ്റിലായത്.
മേയ് ഒൻപതിന് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി. പരാതിയിൽ കോവളം എസ്എച്ച്ഒ ജി.പ്രൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ശ്രീകാര്യത്തുള്ള വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഫ്രീഫയർഗെയിമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമായാണ് പ്രതികൾ വിദ്യാർഥിനിയെ പരിചയപ്പെട്ടത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിതുരയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സെൽവരാജിന്റെ പോസ്റ്റ്മോർട്ടം ഇന്ന്
തിരുവനന്തപുരം: വിതുര വലിയ വേങ്കോട് മേമലയിൽ പന്നിക്കെണിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി സെൽവരാജിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സെൽവരാജിനെ വിതുരയിലെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മി എസ്റ്റേറ്റിന് സമീപം തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിൻ്റെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുര്യൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ കാൽകുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവവുമായി ബന്ധപ്പെട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുര്യനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. വീടിന് പതിനഞ്ച് മീറ്റർ മാറി മീറ്ററിൽ നിന്ന് മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി ശരീരത്തിൽ ചുറ്റി ഷോക്കേറ്റതാകാമെന്നാണ് നിഗമനം. കമിഴ്ന്ന് കിടന്ന മൃതദേഹത്തിൻ്റെ ഇടതുകാൽ മുട്ടിനു താഴെ കണങ്കാലിനു മുകളിലായി കമ്പി കാണപ്പെട്ട സ്ഥലത്ത് പൊള്ളലേറ്റ് കരിഞ്ഞ പാടുകളുമുണ്ട്. അനുമതിയില്ലാതെ പന്നിക്കെണി വച്ചതിനാണ് നടപടി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മന:പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. സെൽവരാജ് എന്തിനാണ് ഈ മേഖലയിൽ എത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. സെൽവരാജിനെ കാണാനില്ലെന്ന് ഭാര്യ മാരായിമുട്ടം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ നിന്നാണ് മരിച്ചത് സെൽവരാജാണെന്ന് വ്യക്തമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...