തിരുവല്ലം കസ്റ്റഡി കൊലപാതകം; സുരേഷ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച്പേരെ പൊലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണമാകുന്ന പരിക്കുകള്‍ ശരീരത്തിലില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ കേസിൽ പൊലീസിനെതിരെ മർദനം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ഉടൻ ചുമത്തേണ്ടത്തില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സുരേഷിന് കസ്റ്റഡിയിൽ മർദ്ദനമേറ്റിട്ടുണ്ടോയെന്നുള്ളതിൽ വിശദമായ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച്പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് രാത്രി 11.30യോടെയാണ് സുരേഷ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതോടെ സബ് കളക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നംഗ ഫൊറൻസിക് ഡോക്ടർമാരുടെ സംഘമാണ് മൃതദ്ദേഹം പോസ്റ്റുമോർട്ടം നടത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യകത്മാകാൻ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തുകയായിരുന്നു. കസ്റ്റഡി കൊലപാതകം എന്ന വ്യാപക ആക്ഷേപവും ഉയര്‍ന്നു. സ്ഥലത്ത് പൊലീസിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.ഉന്നത ഉദ്യോഗസ്ഥരുൾപ്പടെ എത്തിയാണ് സ്ഥിതിഗതികൾ അന്ന് ശാന്തമാക്കിയിരുന്നത്.
എന്നാല്‍, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം മൂലമുള്ള മരണമെന്നാണ് വ്യക്തമാക്കുന്നത്. ശരീരത്തില്‍ കാര്യമായ പരുക്കുകളില്ല. ഗുരുതരമായ മര്‍ദനത്തിന്‍റെ അടയാളങ്ങളുമില്ല. എന്നാല്‍ ചെറിയ പാടുകളും അടയാളങ്ങളും ഇതിൽ കാണാം. അവ മരണകാരണമാകുന്നവയല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണം എന്ന നിലവിലെ വകുപ്പ് നിലനിര്‍ത്തി അന്വേഷണം തുടരും. സുരേഷിന്‍റെ ശരീരത്തിലുള്ള പാടുകള്‍ എങ്ങനെയുണ്ടായെന്ന് കണ്ടെത്തണം. ഇതിനായി സുരേഷിനൊപ്പം അറസ്റ്റിലായവരെ ജയിലിലെത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തിരുവല്ലം സ്റ്റേഷനിലെ പൊലീസുകാരെയും ചോദ്യം ചെയ്യും.
അറസ്റ്റ് നടന്ന ജഡ്ജിക്കുന്നിലെ സാക്ഷികളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കും. ക്രൈംബ്രാഞ്ചിനൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്. സംസ്ഥാന പൊലീസ് കംപ്ലെയ്ന്റെ് അതോററ്റി ചെയർമാൻ വി.കെ മോഹനൻ സംഭവത്തെ തുടർന്ന് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിനായിട്ടായിരുന്നു സന്ദർശനം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.