Vadakkanchery Accident: വടക്കഞ്ചേരി അപകടമുണ്ടാക്കിയ ഡ്രൈവർ പിടിയിൽ; പിടിയിലായത് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
ജോമോനെ ചവറ പോലീസ് പിടികൂടി വടക്കഞ്ചേരി പോലീസിന് കൈമാറി.
കൊല്ലം: വടക്കഞ്ചേരി അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ പിടികൂടി. കൊല്ലം ചവറ ശങ്കരമംഗലത്ത് നിന്നാണ് ഡ്രൈവർ ജോമോനെ പോലീസ് പിടികൂടിയത്. ഇയാൾ തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരും പിടിയിലായി. ജോമോനെ ചവറ പോലീസ് പിടികൂടി വടക്കഞ്ചേരി പോലീസിന് കൈമാറി. മനപൂർവ്വമല്ലാത്ത നരഹത്യാ കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായും അമിതവേഗതയിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
അതേസമയം ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്‌തുവെന്ന് പിഎം ഓഫീസ് ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പിഎംഎൻആർഎഫിൽ നിന്നാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും.
Also Read: Vadakkencherry Bus Accident: വടക്കഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
രാഷ്ട്രപതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി. ‘‘സ്കൂൾ കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെ’’ – രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
വടക്കഞ്ചേരിയിൽ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് കുട്ടികളുമായി പോയ ബസ് അപകടത്തിൽ പെട്ടത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ചതുപ്പിലേക്ക് മറിഞ്ഞു. അഞ്ച് കുട്ടികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. ആകെ 60 പേർക്ക് പരുക്കേറ്റു. മണിക്കൂറിൽ 97.5 വേഗത്തിലായിരുന്നു ടൂറിസ്റ്റ് ബസ് സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...