ബിവറേജിലേക്ക് വിജിലൻസ്, ജീവനക്കാരൻ ഓടി; 46,850 രൂപ കണക്കിൽപ്പെടാതെ പിടിച്ചു
ഔട്ട്ലെറ്റിൽ പലവിധ ക്രമക്കേടുകൾ നടക്കുന്നതായുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്
ഇടുക്കി: തടിയമ്പാട് ബീവറേജസ് കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. കണക്കിൽ പെടാത്ത 46,850 രൂപ പിടിച്ചെടുത്തതായി വിവരം. കഴിഞ്ഞ രാത്രിയാണ് വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തിയത്.വിജിലൻസിനെ കണ്ട് ജീവനക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഔട്ട്ലെറ്റിൽ പലവിധ ക്രമക്കേടുകൾ നടക്കുന്നതായുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് എസ്പി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ജീവനക്കാരുടെ കയ്യിൽ നിന്ന് കണക്കിൽ പെടാതെ 46850 രൂപ പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിൻറെ അളവിലും വ്യാപക ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.ബീവറേജസ് ഔട്ട്ലെറ്റിൽ ഉള്ളത് 2 വനിതാ ജീവനക്കാർ ഉൾപ്പെടെ എട്ടുപേരാണ് . ജീവനക്കാരിൽ ഒരാൾ വിജിലൻസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
മദ്യക്കച്ചവടക്കാരിൽ നിന്ന് 3 ജീവനക്കാർ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകളും വിജിലൻസിന് ലഭിച്ചു. ചില ജീവനക്കാർ മദ്യക്കച്ചവടക്കാർക്ക് അളവിൽ കൂടുതൽ മദ്യം സ്വന്തം വാഹനങ്ങളിൽ എത്തിച്ചു നൽകിയിരുന്നതായും കണ്ടത്തിയിട്ടുണ്ട്. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധനകൾ മണിക്കൂറുകൾ തുടർന്നു. വിജിലൻസ് സി ഐ അജിത്ത് ,എസ് ഐ മുഹമ്മദ്, എ എസ് ഐ ബേസിൽ, സിപിഒ മാരായ കൃഷ്ണകുമാർ ,സന്ദീപ് എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...