വിഴിഞ്ഞം പോലീസ് സ്റ്റേഷൻ സംഘർഷം; പോലീസുകാരെ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയെന്ന് എഫ്ഐആർ
Vizhinjam Police Station Attack: സമരക്കാർ 85 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും പോലീസുകാരെ സ്റ്റേഷനകത്തിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടത്തുകയും ചെയ്തു.
Vizhinjam Police Station Attack: തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചവർക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ലഹളയുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 85 ലക്ഷം രൂപയുടെ നഷ്ടമാണ് അക്രമ സംഭവങ്ങളില്‍ ഉണ്ടായത്.
അറസ്റ്റ് ചെയ്തവരെ വിട്ടില്ലെങ്കിൽ സ്റ്റേഷനിലിട്ട് പോലീസുകാരെ കത്തിച്ച് കൊല്ലുമെന്നും സമരക്കാർ ഭീഷണി മുഴക്കിയിരുന്നു. ഇവർ പോലീസിനെ ബന്ദികളാക്കി. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നെന്നും പോലീസുകാരെ കൊല്ലാനാണ് സമരക്കാർ ലക്ഷ്യമിട്ടതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അതിനിടെ അക്രമണകാരികള്‍ വിട്ടയക്കാന്‍ ആവശ്യപ്പെട്ടവരില്‍ നാല് പേരെ ജാമ്യത്തില്‍ വിട്ടയച്ചു.
അതേസമയം പോലീസ് സ്റ്റേഷൻ പരിസരത്ത് അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്താകെ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. കൂടുതൽ വനിതാ പോലീസുകാരും വിഴിഞ്ഞത്ത് എത്തിയട്ടുണ്ട്. സമരസമിതി പ്രവർത്തകരിൽ കൂടുതൽ വനിതകൾ ഉള്ള സാഹചര്യത്തിലാണ് വനിതാ പോലീസുകാരെ കൂടുതലായി വിന്യസിച്ചത്.
വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ അക്രമത്തിൽ നിരവധി ഫയലുകളും ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു. 36 പോലീസുകാർക്ക് പരിക്കേറ്റു. ഇരുപതോളം സമരസമിതി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...