Woman assaulted: തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യയ്ക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
Woman assaulted in Thiruvananthapuram: രാവിലെ 11 മണിയോടെ ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്ന സ്ത്രീയ്ക്ക് സമീപം ബൈക്കിലെത്തിയ പ്രതി മോശമായി പെരുമാറിയ ശേഷം കടന്നുകളയുകയായിരുന്നു.
തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ വഴിയാത്രക്കാരിയായ സ്ത്രീയ്ക്ക് നേരെ അതിക്രമം. പാറ്റൂർ മൂലവിളാകത്ത് വെച്ച് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യക്ക് നേരെയാണ് മോശം പെരുമാറ്റം ഉണ്ടായത്. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. ഉള്ളൂർ സ്വദേശി ജയ്സൺ എന്നയാളാണ് പിടിയിലായത്.
ഉച്ചയോടെ ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്ന സ്ത്രീയ്ക്ക് സമീപം ബൈക്കിലെത്തിയ പ്രതി മോശമായി പെരുമാറുകയായിരുന്നു. ബൈക്കിൽ കടന്ന് കളഞ്ഞ പ്രതിയുടെ വാഹനത്തിൻറെ നമ്പർ സ്ത്രീ ശ്രദ്ധിച്ചതാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ പോലീസിനെ സഹായിച്ചത്. സംഭവം നടന്ന ഉടൻ തന്നെ ഇവർ ഭർത്താവിനെ വിവരം അറിയിച്ചു. പ്രതിയുടെ ബൈക്കിൻറെ നമ്പറും കൈമാറി. വൈകാതെ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പബ്ലിക് ലൈബ്രറിയിൽ ക്യാന്റീൻ ജീവനക്കാരനാണ് ഇയാൾ എന്നും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.
ഒന്നര മാസം മുമ്പ് പാറ്റൂർ മൂലവിളാകത്ത് സമാനമായ സംഭവം ഉണ്ടായിരുന്നു. വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ കേസിൽ പോലീസ് പ്രതിരോധത്തിലായി നിൽക്കുമ്പോഴാണ് വീണ്ടും ഇതേ സ്ഥലത്ത് തന്നെ വീണ്ടും സ്ത്രീയ്ക്ക് നേരെ മോശം പെരുമാറ്റം ഉണ്ടാകുന്നത്.
കോട്ടയത്ത് മാരക ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിൽ
കോട്ടയം: പാലാ ബസ്റ്റാൻഡിൽ മാരക മയക്കു മരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിൽ. എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ, എൽ എസ് ഡി സ്റ്റാമ്പുകൾ എന്നിവയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. എരുമേലി സ്വദേശികളായ അൻവർ ഷാ, അഫ്സൽ, അഷ്കർ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. 76 ഗ്രാം എം.ഡി.എം.എയും, എൽ എസ് ഡി സ്റ്റാമ്പുകളുമാണ് പ്രതികളുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെത്തിയത്.
എം.ഡി.എം.എയുമായി ബെംഗളൂരുവിൽ നിന്ന് പാലാ ബസ്റ്റാൻഡിൽ എത്തിയ മൂന്നു യുവാക്കളെ ഇന്ന് രാവിലെയാണ് എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ എക്സൈസ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. ഇവരിൽ മുമ്പ് ലഹരി കടത്തുമായി ബന്ധപ്പെട്ട് പോലീസിൻ്റെ പിടിയിലായിട്ടുള്ള അഷ്കർ എന്ന യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസ് സംഘം അന്വേഷണം നടത്തിയത്. ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു അഷ്കർ ലഹരി ഇടപാടുകൾ നടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കോട്ടയം ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ ലഹരി കേസ് ആണ് ഇത്. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ടിലെ 22 സി വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...