മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടർ; ആൾമാറാട്ടം നടത്തിയ യുവാവ് പോലീസ് പിടിയിൽ
പരിശോധനക്കെത്തുന്ന ഡോക്ടർമാരോട് രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടര്‍ എന്ന പേരിൽ ആൾമാറാട്ടം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. 20 വയസുള്ള മാണിക്യവിളാകം സ്വദേശി നിഖിലിനെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. ഡോക്ടർ എന്ന വ്യാജേന കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ മെഡിക്കൽ കോളേജിൽ കറങ്ങി നടക്കുകയായിരുന്നു.
കഴുത്തില്‍ സ്റ്റേതസ്ക്കോപ്പ് തൂക്കിയായിരുന്നു നിഖിലിന്റെ നടപ്പ്. ആശുപത്രിയിൽ അഡ്മിറ്റായ രോഗികളെ പരിചയപ്പെടുകയും കൂടെ കൂടാൻ ശ്രമിക്കുകയുമായിരുന്നു ഇയാൾ. ചിലസമയത്ത് നേഴ്സ് ആണെന്നുമായിരുന്നു ചേദിച്ചവരോട് ഇയാള്‍ പറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി അമ്പലത്തറ സ്വദേശിയ്ക്ക് ഒപ്പമായിരുന്നു നിഖിൽ. ഇയാളുടെ പക്കൽ നിന്ന് നിഖിൽ പണവും വാങ്ങിയിട്ടുണ്ട്. പരിശോധനക്കെത്തുന്ന ഡോക്ടർമാരോട് രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. രക്തം പരിശോധിക്കാൻ ഡോക്ടമാർ നിർദേശിക്കുമ്പോൾ ഡോക്ടറുടെ കുറിപ്പടി രോഗികളിൽ നിന്ന് വാങ്ങി ഇയാളാണ് ലാബിൽ എത്തിച്ചിരുന്നത്. ചില ഫലങ്ങളിൽ സംശയം തോന്നിയ ഡോകർമാര്‍ നേരിട്ട് പരിശോധനയ്ക്ക് അയ്ക്കുമ്പോൾ മറ്റൊരു റിസൽട്ടാണ് ലഭിച്ചത്. ഈ സംശയങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
രാവിലെയാണ് നിഖിലിനെ പോലീസ് കസ്റ്റഡിൽ എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇയാള്‍ പോലീസിനോട് പറഞ്ഞത് തനിക്ക് എയ്ഡസ് രോഗമാണെന്നാണ്. മെഡിക്കൽ കോളേജിൽ കയറാൻ വേണ്ടിയാണ് സ്റ്റേതസ്കോപ്പ് കഴുത്തില്‍ തൂക്കിയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ മറ്റുരോഗികളിൽ നിന്നും പണം ഈടാക്കിയോ, എന്തിനാണ് മെഡിക്കൽ കോളേജിൽ എത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. മെഡിക്കൽ കോളേജിലെത്തി കൂടുതൽ രോഗികളെ കണ്ട് മൊഴിയെടുക്കാനാണ് നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...