Crime News: യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു; നെഞ്ചിലും വയറിലും പുറത്തുമായി അഞ്ച് കുത്തുകൾ, ആരോഗ്യനില ഗുരുതരം
Murder attempt: കാവിൽക്കടവ് തെക്കിനേടത്ത് പ്രിൻസൺ ഫ്രാൻസിസിന് (26) നേരെയാണ് ആക്രമണം ഉണ്ടായത്. കുത്തിയയാളെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് പിടികൂടി.
തൃശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു. കൊടുങ്ങല്ലൂർ നഗരമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെ പകൽ സമയത്തായിരുന്നു അക്രമം. കുത്തിയയാളെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് പിടികൂടി. കാവിൽക്കടവ് തെക്കിനേടത്ത് പ്രിൻസൺ ഫ്രാൻസിസിന് (26) നേരെയാണ് ആക്രമണം ഉണ്ടായത്.
നെഞ്ചിലും വയറിലും പുറത്തുമടക്കം അഞ്ച് കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണ്. വൃക്കയ്ക്ക് മുറിവേറ്റതിനാൽ പ്രിൻസണ് കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകി വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. ഇയാളെ കുത്തിയെന്ന് പറയുന്ന തിരുവള്ളൂർ നെടുംപറമ്പിൽ ജസ്റ്റിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.
ALSO READ: Crime News: പോത്തൻകോട് ഗുണ്ടാ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്; സംഘത്തിൽ കൊലക്കേസ് പ്രതിയും
രാവിലെ പത്തരയോടെ നഗരസഭാ ഓഫീസിന് താഴെയുള്ള വ്യാപാര സമുച്ചയത്തിന് മുന്നിൽ വച്ചാണ് ആക്രമണം നടന്നത്. സ്വകാര്യബാങ്കിലെ താൽകാലിക ജോലിക്കാരനായ പ്രിൻസൺ കടയിൽനിന്ന് ഇറങ്ങി വരുമ്പോൾ അക്രമി കത്തിയുമായി ഓടിയെത്തി കുത്തിവീഴ്ത്തുകയായിരുന്നു. സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്നും ഇരുവരും തമ്മിലുള്ള വർഷങ്ങളായുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പോലീസ് പറഞ്ഞു.
ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലിരുന്ന ഭാര്യാപിതാവ് മരിച്ചു; പ്രതി അറസ്റ്റിൽ
ചെങ്ങന്നൂർ: ഹെല്‍മറ്റ് കൊണ്ട് അടിച്ചതിനെ തുടർന്ന് ചികിത്സയിലിരുന്ന ഭാര്യാപിതാവ് മരണമടഞ്ഞു. ആലാ തെക്ക് മായാഭവനിൽ സന്തോഷ് എന്ന നാൽപ്പത്തിയൊൻപത്കാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്‍റെ മകളുടെ ഭർത്താവായ കലേഷ് ശശി എന്നറിയപ്പെടുന്ന സുബിനെ പോലീസ് അറസ്റ്റു ചെയ്തു.
സംഭവം നടന്നത് തിരുവോണ ദിവസമാണ്. തിരുവോണ ദിവസം വൈകുന്നേരം 6:30 ന് നെടുവരംകോട് ഭാഗത്ത് റോഡിൽ നിൽക്കുകയായിരുന്ന സന്തോഷിനെ സുബിൻ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 11 ഓടെ മരണമടയുകയായിരുന്നു.
സന്തോഷിന്‍റെ ഏക മകളായ മഞ്ജുവിനെ ഒരു വർഷം മുൻപാണ് സുബിൻ വിവാഹം കഴിച്ചത്. പ്രസവത്തിന് വീട്ടിലെത്തിയ ഭാര്യയെ കാണാനെത്തുന്ന സുബിൻ മദ്യപിച്ച് സന്തോഷുമായി വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. സംഭവം നടത്തിയ ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞ പ്രതിയെ ചെങ്ങന്നൂർ ഡിവൈ എസ് പി ബിനുകുമാറിന്‍റെ നിർദേശാനുസരണം ചെങ്ങന്നൂർ ഇൻസ്പെക്ടർ എ സി വിപിൻ, സബ് ഇൻസ്പെക്ടർ വി എസ് ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിൻകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അനീസ്, കണ്ണൻ, ജുബിൻ, മനോജ് എന്നിവരടങ്ങിയ സംഘം പൂമല ഭാഗത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...