ന്യൂഡെല്‍ഹി:ഷബാനയ്ക്ക് തന്‍റെ മകന്‍ അത്ഭുത ശിശുവാണ്.അതിനൊരു കാരണം ഉണ്ട്.കലാപം ജീവനുകള്‍ കവര്‍ന്ന ഡല്‍ഹിയില്‍ കലാപത്തെ അതിജീവിച്ച പിറവിയാണ് ഷബാനയുടെ കുഞ്ഞിന്റെത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി സംഘര്‍ഷ ഭരിതമായി തുടങ്ങിയ തിങ്കളാഴ്ച്ച രാത്രിയില്‍ ഡല്‍ഹിയിലെ കര്‍വാല്‍ നഗറിലെ ഇവരുടെ വീട്ടിലേക്ക് കലാപകാരികള്‍ കടന്ന് കയറുകയായിരുന്നു,ഇവര്‍ കിടന്നുറങ്ങിയ വീട്ടിന് കലാപകാരികള്‍ തീയിട്ടു.ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ വീട്ടുകാരെ കലാപകാരികള്‍ മര്‍ദ്ദിക്കുകയും ചെയ്തു.പൂര്‍ണ ഗര്‍ഭിണിയായ ഷബാനയുടെ വയറ്റിനും അക്രമികള്‍ ചവിട്ടി,തടയാനെത്തിയ അമ്മയേയും ഭര്‍ത്താവിനെയും അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപെട്ടത്.


വേദനകൊണ്ട് പുളഞ്ഞ ഷബാനയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവാനായിരുന്നു അവര്‍ നിര്‍ദേശിച്ചത്.രണ്ട് ദിവസത്തിനുശേഷം അല്‍ ഹിന്ദ് ആശുപത്രിയില്‍ ഷബാന ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മര്‍ദനമേറ്റതിനെ തുടര്‍ന്ന് പ്രസവസങ്കീര്‍ണതകളുടെ ആശങ്ക ഉണ്ടായിരുന്നെങ്കിലും പൂര്‍ണ്ണ ആരോഗ്യവാനായ കുഞ്ഞിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നു എന്ന് ഷബാന പറയുന്നു.ആശുപത്രിയില്‍ നിന്നും എപ്പോള്‍ വിടുതല്‍ ലഭിക്കുമെന്ന് അറിയില്ല. പുറത്തുപോയാലും പറയാന്‍ ഇപ്പോള്‍ സ്വന്തമായി വീടോ സ്വത്തോ ഇല്ല.തിരികെ വരുമ്പോള്‍ ബന്ധുവീടുകളില്‍ താമസിക്കേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.


ഡല്‍ഹിയിലെ കാലാപ ദിവസങ്ങള്‍ അതിജീവിച്ച ഈ അമ്മയ്ക്ക് തന്‍റെ മകനെ അത്ഭുത ശിശു എന്നല്ലാതെ ഒന്നും വിശേഷിപ്പിക്കാനും ഇല്ല ഈ അമ്മയ്ക്ക്,അവന്‍ അമ്മയുടെ ഗര്‍ഭത്തില്‍ അനുഭവിച്ച പീഡനം,ഗര്‍ഭിണിയായ അവന്‍റെ അമ്മ അനുഭവിച്ച ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ അതൊക്കെ ആ അമ്മയ്ക്ക് അവനെ അത്ഭുത ശിശുവാക്കി.കലാപത്തിന്റെ മറക്കാന്‍ ആഗ്രഹിക്കുന്ന വേദനയിലും അവര്‍ക്ക് സന്തോഷമാണ് അത്ഭുതശിശു.ആ കുടുംബത്തിന്‍റെ പ്രതീക്ഷകളും അവനിലാണ്.