"ഇപ്പൊ ടൈമില്ല.. ഈ തിരക്കൊന്ന് കഴിഞ്ഞോട്ടെ..'' എന്ന് പറയുന്നത് വെറുതെയല്ല. വരുമെന്ന് പറഞ്ഞാല്‍ വരും. കാരണം, ഇത് പറയുന്നത് മലയാളികളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്മയ്ക്ക് പ്രസവവേദന മോള്‍ക്ക് വീണ വായന എന്ന് പറയുന്നതുപോലെ പ്രളയക്കെടുതി നേരിടുന്ന മലയാളികള്‍ക്കിടയില്‍ കുത്തിതിരിപ്പുണ്ടാക്കാന്‍ നുഴഞ്ഞ് കയറിയവര്‍ക്കുള്ള മറുപടിയാണിത്.


അതില്‍ മലയാളിയും നോര്‍ത്തിന്ത്യക്കാരനുമെല്ലാം ഉള്‍പ്പെടും. സ്വന്തം കാര്യം മാറ്റി വെച്ച് ജാതിയും മതവും നോക്കാതെ ഓരോ മലയാളിയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്കിടയിലുള്ള ആത്മബന്ധത്തെ പൊട്ടിച്ചെറിയാന്‍ ശ്രമിച്ച കുറെ 'ബുദ്ധിജീവികള്‍'‍. 



കേരളത്തിലെ ഹിന്ദുക്കളെ മാത്രം സഹായിച്ചാല്‍ മതിയെന്ന് പറഞ്ഞ് വന്ന ഒരു ബുദ്ധിജീവിയെ കടത്തിവെട്ടി ബീഫ് തിന്നുന്ന മലയാളികള്‍ക്കൊന്നും ചില്ലി കാശ് കൊടുക്കരുതെന്ന് മറ്റൊരു നോര്‍ത്തിന്ത്യന്‍ ബുജി പറഞ്ഞതോടെ അവരെ മണ്ടത്തരത്തില്‍ മാഷാക്കി മാറ്റി മലയാളികള്‍. 



എന്താണെങ്കിലും മലയാളികളുടെ ആക്രമണത്തില്‍ പേടിച്ചരണ്ട മേല്‍പറഞ്ഞ രണ്ടുപേരും ഫേസ്ബുക്കും ട്വിറ്ററുമൊക്കെ പൂട്ടികെട്ടി മാളത്തിലൊളിച്ചു. 


വെറൊരുത്തനാകട്ടെ ഫേസ്ബുക്കില്‍ കോണ്ടം കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തി ഉള്ള ജോലിയും കളഞ്ഞു വീട്ടില്‍ കുത്തിയിരിക്കുന്നു. 



നൂറുകണക്കിനാളുകളെ പ്രളയത്തില്‍ നിന്നും കൈപിടിച്ചു കയറ്റിയത് ഹെലികോപ്റ്ററുകളാണ്. എന്നാല്‍, അതേ ഹെലികോപ്റ്ററുകളെ പേടിച്ച് അയ്യപ്പ കോളേജിലെ രക്ഷാപ്രവര്‍ത്തനം തടഞ്ഞ നല്ലവരായ കൊച്ചമ്മമാര്‍ 'ദുരന്ത'ത്തിന് മറ്റൊരു ഉദാത്തമാതൃകയായി. 



ആകാശം ഇടിഞ്ഞ് തലയില്‍ വീണാലും സാരമില്ല ഇപ്പോള്‍ തന്നെ ഓണം ആഘോഷിക്കണമെന്ന് വാശി പിടിച്ച തിരുവനന്തപുരത്തുകാരനായ റോയല്‍ ചേട്ടന് 'ദുരന്ത'ത്തിനുള്ള അവാര്‍ഡ് വരെ നല്‍കാന്‍ മലയാളികള്‍ ആലോചിക്കുകയാണ്.



പുഴ മടക്കിനല്‍കിയ സമ്മാനങ്ങള്‍ പുഴയ്ക്ക് തന്നെ തിരികെ നല്‍കിയും സാധനങ്ങളുടെ വില കുത്തനെ കൂട്ടിയും 'ദുരന്ത'ങ്ങള്‍ക്ക് ആക്കം കൂട്ടിയ ചിലരുമുണ്ട് നാട്ടില്‍.


എന്നാല്‍, ഇവര്‍ക്കിടയില്‍ ശാരീരികമായും സാമ്പത്തികമായും മാനസികമായും കേരളത്തെ കൈപിടിച്ചു കയറ്റാന്‍ കൂടെ നിന്ന ചില ധീരന്മാരുമുണ്ട്. 


ഇരുപത്തിനാല് മണിക്കൂറും ഫോണില്‍ കുത്തിയിരിക്കുന്ന ഫ്രീക്കന്മാര്‍ വിരല്‍ തുമ്പില്‍ കണ്ട്രോള്‍ റൂം തുറക്കുമെന്നും അത് ഇത്രയേറെ കേരളത്തെ സഹായിക്കുമെന്നും ആരും കരുതിയിരുന്നില്ല. 


ഫ്രീക്കന്മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ യൂത്തന്മാരെയും ജനങ്ങള്‍ നെഞ്ചിലേറ്റി.


കൂടാതെ, പരിശീലനം നേടിയ ഇന്ത്യന്‍ ആര്‍മിയ്ക്കും, ഇന്ത്യന്‍ നേവിയ്ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനത്തിനായി കളത്തിലിറങ്ങിയ മത്സ്യതൊഴിലാളികളെ ജനങ്ങള്‍ 'ഇന്ത്യന്‍ നേവി'യെന്ന് ഓമന പേരിട്ട് വിളിച്ചതും ഈ ദിവസങ്ങളിലായിരുന്നു.  


ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായമെത്തിക്കാന്‍ കൈകോര്‍ത്ത മതസമുദായിക രാഷ്ട്രീയ നേതാക്കളോടും, വിണ്ണില്‍ നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്ന ചലച്ചിത്ര താരങ്ങളോടും കേരളം ഏറെ കടപ്പെട്ടിരിക്കുകയാണ്.


മാത്രമല്ല, കടലുകള്‍ക്കപ്പുറമിരുന്ന് പ്രാര്‍ത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്ത പ്രവാസികളോടും, അവരിലെ നന്മ തിരിച്ചറിഞ്ഞ് കേരളത്തെ സാമ്പത്തികമായി സഹായിച്ച യുഎഇ സര്‍ക്കാരിനും മലയാളികള്‍ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.  


കൂടാതെ, കേരളത്തിന്‍റെ ആത്മാവ് തിരികെ നല്‍കാന്‍ ഒരുമിച്ച് യത്നിച്ച സര്‍ക്കാരും പ്രതിപക്ഷവും മറ്റുള്ള പാര്‍ട്ടികള്‍ക്ക് നന്മയുള്ള രാഷ്ട്രീയ മാതൃകയായി. 


വെള്ളം കയറി നശിച്ച കുരിശും അമ്പലവും വൃത്തിയാക്കാന്‍ മുസ്ലീം യുവാക്കള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ അവര്‍ക്ക് നിസ്കരിക്കാന്‍ എസ്എന്‍ഡിപിയുടെ ഓഡിറ്റോറിയം ഒരുക്കി നല്‍കി ഹിന്ദുകളും മാതൃകയായി. രാഷ്ട്രീയ മത വിദ്വേഷങ്ങള്‍ മറന്ന് ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ഒരാഴ്ചയായി മലയാളികള്‍.


ഇങ്ങനെ വിവിധ തരത്തില്‍ കേരളത്തെ സഹായിച്ച നല്ല മനസുകള്‍ക്കിടയിലേക്ക് തിന്മയുടെ വിത്ത് പാകാന്‍ ശ്രമിച്ചവരോട് ഒന്നേ പറയാനുള്ളൂ. ഇത് കേരളമാണ്, ഇവിടെയുള്ളവര്‍ മലയാളികളും. ആരൊക്കെ എതിര്‍ത്താലും തടഞ്ഞാലും ഒറ്റക്കെട്ടായി ''ഞങ്ങള്‍ അതിജീവിക്കും''