`സ്ത്രീ ശാക്തീകരിക്കപ്പെടുമ്പോള്‍ ലോകം ശാക്തീകരിക്കപ്പെടുന്നു`
അന്താരാഷ്ട്ര വനിതാ ദിനമായ ഇന്നത്തെയ്ക്ക് വേണ്ടി സ്വന്തമായി ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കാന്‍ സഹപ്രവര്‍ത്തക പറഞ്ഞപ്പോള്‍ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നി ഒരു സ്ത്രീയായ എനിക്ക് എന്തുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കിക്കൂടാ. കുടുംബത്തിനൊപ്പമുള്ള ഓട്ടത്തിനിടയില്‍ പലപ്പോഴും സ്വന്തം ഉള്ളിലേക്ക് നോക്കാന്‍ സമയം കിട്ടാറില്ലല്ലോ...അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ ആഘോഷങ്ങളില്‍ എല്ലാവരും മുഴുകുമ്പോള്‍ ഞാന്‍ എന്നിലേക്ക് തിരിഞ്ഞുനോക്കുകയാണ്. എന്‍റെ തന്നെ ഉള്ളിടങ്ങളിലേക്ക്...
നാട്ടുനടപ്പനുസരിച്ച് എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ തികച്ചും അപരിചിതമായ ഒരു വലിയ നഗരത്തിലേക്ക് പറിച്ചു നടപ്പെട്ട എനിക്ക് എന്നും കരുത്തായത് എന്‍റെ അമ്മയാണ്. കുഞ്ഞുനാള്‍ മുതല്‍ ഇന്നുവരെ എനിക്ക് ഒരിക്കല്‍പോലും ഞാനൊരു സ്ത്രീയാണ് എന്ന ചിന്ത എന്നെ വിഷമിപ്പിച്ചിട്ടില്ല. മറിച്ച് ഞാനൊരു സ്ത്രീയായതില്‍ അഭിമാനിച്ചിട്ടേയുള്ളൂ.
എന്‍റെ ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി എന്നുപറയുന്നത് എന്‍റെ അമ്മയാണ്. മകള്‍, സഹോദരി, ഭാര്യ, അമ്മ, അമ്മായിഅമ്മ, അമ്മൂമ്മ എന്നിങ്ങനെ പല വേഷങ്ങളില്‍ അമ്മ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കുടുംബത്തിന്‍റെ ചട്ടക്കൂടുകളിലെ റോളുകള്‍ ഭംഗിയായി നിര്‍വഹിക്കുന്നതുകൊണ്ടു മാത്രമല്ല അമ്മ എന്ന വ്യക്തി എന്‍റെ മുന്നില്‍ അത്ഭുതമായി നില കൊള്ളുന്നത്. മറിച്ച് മറ്റുള്ളവരോടുള്ള അവരുടെ പെരുമാറ്റത്തില്‍ സൂക്ഷിക്കുന്ന മൂല്യങ്ങളുടെ പേരിലുമാണ്.
വിശന്ന് ആര് വീടിന്‍റെ നടയില്‍ വന്നാലും, അത് ആരായാലും അമ്മ അവര്‍ക്ക് ആഹാരം കൊടുക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. വിശപ്പിന്‍റെ രാഷ്ട്രീയം ഇത്രയധികം ചര്‍ച്ചയാകുന്ന ഈ കാലത്ത് അമ്മ ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന വലിയ പാഠത്തിന് തിളക്കമേറെയാണ്. അമ്മയുടെ ഈ രീതികള്‍ അതുപോലെ പകര്‍ത്താന്‍ ഞാനും ശ്രമിക്കുന്നു. എങ്കിലും എന്‍റെ അമ്മയെ മനസിലാക്കാത്തവരും ഉണ്ട് എന്നത് ഒരു ദുഃഖസത്യമാണ്.
അമ്മയെപ്പോലെ തന്നെ എന്‍റെ ജീവിതത്തില്‍ എനിക്ക് വ്യക്തമായ തീരുമാനങ്ങളും ധാരണകളും ഉണ്ട്. നമ്മുടെ നാട്ടില്‍ പണ്ടുമുതലേയുള്ള ഒരു നടപ്പാണ് പ്രത്യേകിച്ചും ഹിന്ദു-നായര്‍ സമുദായങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് 18 തികഞ്ഞാല്‍ കെട്ടിച്ചുവിടുക എന്നത്. എന്നാല്‍ ഇപ്പോള്‍ ആ കാഴ്ചപ്പാടിന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. 18 വയസ്സ് ഒരു പെണ്‍കുട്ടിക്ക് പക്വതയൊന്നും ഇല്ലാത്ത പ്രായമാണ്. ഒരു കുടുംബം നോക്കുകയെന്നത് ഭയങ്കര ഉത്തരവാദിത്തമുള്ള പണിയാണ്. അത് ചെറിയ പ്രായത്തില്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് എന്‍റെയും അഭിപ്രായം. കാരണം ഞാനും അതുപോലെ ഒരു പതിനെട്ട്-പത്തൊന്‍പതിന്‍റെ സമയത്ത് വിവാഹം കഴിഞ്ഞ വ്യക്തിയാണ്.
നാട്ടില്‍നിന്നും എന്നെ പറിച്ച് നട്ടതോ രാജ്യ തലസ്ഥാനത്തും. ഭാഷപോലും അറിയാതെ ഞാന്‍ വന്നുപെട്ട ഡല്‍ഹി എനിക്ക് എല്ലാ വിധത്തിലും അപരിചിതമായിരുന്നു. പുറത്തിറങ്ങിയാല്‍ ആരോടും ഒന്നും മിണ്ടാന്‍ പറ്റില്ല. കാരണം ഭാഷയറിയില്ല എന്നത് തന്നെ. ഒന്നുമറിയാതിരുന്ന ഞാന്‍ ഇപ്പോള്‍ പുറത്തിറങ്ങി ജോലിചെയ്യുന്നുണ്ട്. സ്ത്രീയായ എന്റെയുള്ളിലെ ആത്മധൈര്യവും, എന്‍റെ കുടുംബത്തിന്‍റെ പിന്തുണയും കൊണ്ടുമാകാം ഞാനൊരിക്കലും പകച്ചുപോയിട്ടില്ല.
നമ്മള്‍ അമ്മയാകുമ്പോഴാണ് ശരിക്കും അമ്മയെന്ന വ്യക്തിക്ക് നമ്മുടെ ഉള്ളില്‍ മാറ്റുകൂടുന്നത്. മാതൃത്വം അല്ലെങ്കില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള കഴിവ് നമ്മള്‍ സ്ത്രീകള്‍ക്ക് മാത്രം ഉള്ളതാണ്. സ്ത്രീയുടെ മഹത്തായ അല്ലെങ്കില്‍ പൂര്‍ണ്ണരൂപമാണ് അമ്മ. സ്ത്രീകള്‍ എന്തെല്ലാം ത്യാഗങ്ങള്‍ അനുഭവിച്ചാണ് അവരുടെ പളുങ്കുപാത്രം പോലുള്ള ജീവിതത്തെ മോടിപിടിപ്പിച്ച് കൊണ്ടുപോകുന്നത്. അതുകൊണ്ട്തന്നെ ഇന്നത്തെ വനിതാ ദിനം എല്ലാ വനിതകള്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.