കര്‍ണാടക പിറന്നിട്ട് 63 വര്‍ഷം, 5 വര്‍ഷം തികച്ചത് വെറും 3 മുഖ്യമന്ത്രിമാര്‍!!
ഭരണ അസ്ഥിരത എന്നും കര്‍ണാടകയ്ക്ക് കൂടപ്പിറപ്പയിരുന്നു എന്നുവേണം കരുതാന്‍. സര്‍ക്കാരുകള്‍ക്ക് കാലാവധി തികയ്ക്കാന്‍ കഴിയില്ലെന്ന ദുഷ്പേര് എന്നും കര്‍ണാടകയ്ക്ക് സ്വന്തമാണ്.
ഭരണ അസ്ഥിരത എന്നും കര്‍ണാടകയ്ക്ക് കൂടപ്പിറപ്പയിരുന്നു എന്നുവേണം കരുതാന്‍. സര്‍ക്കാരുകള്‍ക്ക് കാലാവധി തികയ്ക്കാന്‍ കഴിയില്ലെന്ന ദുഷ്പേര് എന്നും കര്‍ണാടകയ്ക്ക് സ്വന്തമാണ്.
14 മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരും വീണതോടെ ആ പേര് വീണ്ടും ഉറപ്പിച്ചു കര്‍ണാടക.
കേരളപ്പിറവി ദിനം തന്നെയാണ് കര്‍ണാടകപ്പിറവി ദിനവും. 1956 നവംബര്‍ 1 സംസ്ഥാനം രൂപീകരിക്കപ്പെടുമ്പോള്‍ മൈസൂര്‍ എന്നായിരുന്നു പേര്. പിന്നീട് കര്‍ണാടകം ആയി. എന്നാല്‍ വിചിത്രമായ വസ്തുത ഇക്കാലയളവിനുള്ളില്‍ കര്‍ണാടകം ഭരിച്ചത് 19 മുഖ്യമന്ത്രിമാരാണ് എന്നതാണ്!! കര്‍ണാടക സംസ്ഥാനം 25 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കും സാക്ഷ്യം വഹിച്ചു. ഒരേ ദിവസം രൂപം കൊണ്ട കേരളത്തെ സംബന്ധിച്ച് താരതമ്യ പഠനം അല്‍പം ഞെട്ടിക്കുന്നതാണ് എന്നത് വാസ്തവം തന്നെ...!!
കര്‍ണാടകയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് മാത്രമാണ് കാലം തികയ്ക്കാന്‍ ഭാഗ്യം ഉണ്ടായിട്ടുള്ളത്. എസ്. നിജലിംഗപ്പ (1962-68), ഡി. ദേവരാജ (1972-77), സിദ്ധരാമയ്യ (2013-2018) എന്നീ മുഖ്യമന്ത്രിമാര്‍ക്കാണ് കാലവധി പൂര്‍ത്തിയാക്കാനായത്. പക്ഷേ, കോണ്‍ഗ്രസിലെ തന്നെ ഒട്ടുമിക്കവരും കാലാവധി തികയ്ക്കാനാകാതെ പുറത്ത് പോയവരാണ്
കര്‍ണാടകയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് ഒഴികെ മറ്റൊരു പാര്‍ട്ടിയും ഇതുവരെ 5 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല.
കുമാരസ്വാമി രണ്ടു വട്ടം മുഖ്യമന്ത്രിയായെങ്കിലും കാലാവധി തികച്ചിട്ടില്ല. 2006ല്‍ ആദ്യമായി അധികാരത്തിലെത്തിയ കുമാരസ്വാമിക്ക് രണ്ടു വര്‍ഷത്തില്‍ താഴെമാത്രമാണ് മുഖ്യമന്ത്രിക്കസരേയില് ഇരിക്കാനായത്. ഇത്തവണ രണ്ടാംവട്ടത്തില്‍ 14 മാസം പ്രായമെത്തിയപ്പോള്‍ സര്‍ക്കാര്‍ വീണു. 2018 മെയ് മാസത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് കുമാരസ്വാമി സര്‍ക്കാര്‍ രൂപീകരിച്ചത്.
2007ല്‍ ബിജെപി നേതാവായ യെദ്ദ്യൂരപ്പ ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ ഏഴു ദിവസം മാത്രമാണ് സര്‍ക്കാരിന് ആയുസ് ഉണ്ടായിരുന്നത്. ജെഡിഎസ് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. 2008ല്‍ ചരിത്രത്തിലെ തന്നെ വലിയ വിജയവുമായി മുഖ്യമന്ത്രിക്കസേരയില്‍ യെദ്യൂരപ്പ തിരിച്ചെത്തിയെങ്കിലും കാലാവധി തികയ്ക്കാനായില്ല. അഴിമതി ആരോപണത്തെ തുടര്‍ന്ന് 2011ല്‍ അധികാരം ഒഴിയേണ്ടിവന്നു.
2018ല്‍ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും ആറു ദിവസം മാത്രമാണ് അധികാരത്തില്‍ ഇരിക്കാനായത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവയ്ക്കേണ്ടിവന്നു.
1956ല്‍ കര്‍ണാടക സംസ്ഥാനം രൂപംകൊണ്ടതിനു ശേഷം 25 മുഖ്യമന്ത്രിമാരാണ് ഉണ്ടായത്. ഇവരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ്.
കര്‍ണാടകത്തില്‍ ഏറ്റവും അധികം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ബിജെപി നേതാവായ ബിഎസ് യെദ്യൂരപ്പയാണ്. അതുപോലെ തന്നെ ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ആളും യെദ്യൂരപ്പ തന്നെ. ഈ ഒരു ശാപം കുറച്ച് കാലമായി യെദ്യൂരപ്പയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
കര്‍ണാടകയില്‍ വിശ്വാസ പരീക്ഷയെ അതിജീവിച്ച് യെദ്യൂരപ്പ മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിച്ചിരിയ്ക്കുകയാണ്.
തന്‍റെ മേലുള്ള ശാപമോക്ഷത്തിനായി... കടമ്പകള്‍ ഏറെയാണ് ഇനിയും കടക്കാനുള്ളത്.... വിമതരെ അനുനയിപ്പിക്കണം... ഒപ്പമുള്ളവരെ തൃപ്തിപ്പെടുത്തണം...
ഇത്തവണയും അധികാരം നിലനിര്‍ത്തുക എളുപ്പമാവില്ല യെദ്ദ്യൂരപ്പയ്ക്ക്. കാരണം, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തവര്‍ എത്രകാലം ഒപ്പമുണ്ടാകും എന്ന് പറയാന്‍ പറ്റില്ല. കൂടാതെ, ഒപ്പമുള്ളവരേയും വന്നുചേര്‍ന്നവരേയും അധികാരം നല്‍കി തൃപ്തിപ്പെടുത്തുകയും വേണം. നിലവിലെ സാഹചര്യത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ യെദ്യൂരപ്പയ്ക്ക് ആകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്ന വിലയിരുത്തല്‍....