COMMERCIAL BREAK
SCROLL TO CONTINUE READING

 


നൂറു ദിവസമായി കൊല്ലമുള കുന്നത്തുവീട്ടിലെ ജയിംസിന്‍റെ മകൾ ജെസ്ന എവിടെയെന്ന് കേരളം ചോദിക്കുന്നു. 


മാർച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. ജെസ്ന എവിടെയാണെന്നോ എന്തെടുക്കുകയാണെന്നോ ആര്‍ക്കുമറിയില്ല. 


ജെസ്നയെ കണ്ടെത്താനായി ആദ്യം വെച്ചൂച്ചിറ പൊലീസും പിന്നീടു പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ സംഘവും അന്വേഷണം നടത്തി. എന്നാല്‍, വ്യക്തമായ തുമ്പുകളോ തെളിവുകളോ ലഭിക്കാതെ അവര്‍ക്ക് മടങ്ങേണ്ടി വന്നു. 


തുടര്‍ന്ന്‍, തിരോധാനം നിയമസഭയിൽ പ്രമേയമായെത്തിയപ്പോള്‍ അന്വേഷണ ചുമതല തിരുവല്ല ഡിവൈഎസ്പിക്കു നൽകി. എന്നാല്‍, അന്വേഷണ സംഘത്തെ വിപുലപ്പെടുത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ എഡിജിപി ബി.സന്ധ്യയ്ക്കു ചുമതല നൽകാനും ധാരണയായി. എന്നാല്‍, ദിവസങ്ങള്‍ ഒന്നൊന്നായി പോയ്കൊണ്ടിരുന്നു എന്നല്ലാതെ കാര്യങ്ങൾ വേണ്ടവിധം മുന്നോട്ടു നീങ്ങിയില്ല. ജെസ്നയെ കണ്ടെത്താനുള്ള സാധ്യതകൾക്ക് മങ്ങലേല്‍ക്കുകയും ജെസ്നയിലേക്കുള്ള പൊലീസിന്‍റെ ദൂരം വര്‍ധിക്കുകയും ചെയ്തു. 


ജെസ്നയ്ക്കായി പൊലീസ് നാട് മുഴുവന്‍ ഓടുന്ന സമയമത്രയും മറുഭാഗത്ത് സർക്കാർ നിസ്സഹായരായി നോക്കി നില്‍ക്കുകയായിരുന്നു. ഇതോടെ, കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുകയും ജെസ്നയുടെ കുടുംബത്തെ സമര വേദികളില്‍ എത്തിക്കുകയും ചെയ്തു. 


ഐജി മനോജ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചെങ്കിലും സംഘത്തലവൻ ഇതുവരെ അന്വേഷണത്തിന് നേരിട്ടിറങ്ങിയില്ല. ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം. തിരുവല്ല ഡിവൈഎസ്പി അന്വേഷണ ഉദ്യോഗസ്ഥനായി തുടരുന്നു. 


ജെസ്നയെക്കുറിച്ച് എന്തെങ്കിലും ഒന്നു പറയാൻ പൊലീസ് അവസാനമായി ആവശ്യപ്പെട്ട രണ്ടാഴ്ച സമയം കഴിയാറായി. ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, സിബിഐ അന്വേഷണത്തിലേക്കു സർക്കാർ കടക്കുമെന്നാണ് സൂചന. സിബിഐ അന്വേഷണത്തിനായി സഹോദരൻ ജെയ്സും കെഎസ്‌യു അധ്യക്ഷന്‍ കെ.എം.അഭിജിത്തും കോടതിയിലുണ്ട്. 


കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ജെസ്ന അപ്രത്യക്ഷമായാതെങ്ങനെ എന്നറിയണമെങ്കില്‍ പൊലീസ് അവളെ കണ്ടെത്തണം. അവള്‍ വീടുവിട്ടതെന്തിനെന്നോ പിന്നീട് എന്താണ് സംഭവിച്ചതെന്നോ ആര്‍ക്കുമറിയില്ല. എന്നാലും, കൊല്ലമുളയിലെ വീട്ടിൽ പിതാവ് ജയിംസിനും സഹോദരങ്ങളായ ജെഫിയ്ക്കും ജെയ്സിനുമൊപ്പം കേരളം മുഴുവന്‍ അവള്‍ക്കായി കാത്തിരിക്കുകയാണ്. കണ്ടുപിടിക്കാത്തതും തെളിയാത്തതുമായ ഒരുപാട് തിരോധാന കേസുകളില്‍ നിന്‍റെ പേരും ചേര്‍ക്കപ്പെടാതിരിക്കട്ടെ.. 


ജസ്ന.. നിനക്ക് വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്ന സഹോദരങ്ങള്‍ക്കും പിതാവിനും വേണ്ടി, സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന നിന്‍റെ സുഹൃത്തിന് വേണ്ടി എവിടെയാണെങ്കിലും മടങ്ങി വരിക..