തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണത്തെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം. നിരുത്തരവാദപരമായ പ്രതികരണമാണ് മന്ത്രി നടത്തിയത് എന്നാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. എന്നാല്‍, മന്ത്രി പറഞ്ഞത് എന്താണ് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

'കൊല്ലപ്പെട്ട യുവതി ഹൗസ് സര്‍ജന്‍ ആണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടര്‍ അറിയിച്ചത്.' - ആരോഗ്യ മന്ത്രിയുടെ ഈ വാചകങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ആധാരം. ഈ പ്രതികരണത്തില്‍ ഒരു കാര്യം മന്ത്രി വ്യക്തമാക്കുന്നുണ്ട്, ഈ വിവരം അവിടെയുള്ള മറ്റ് ഡോക്ടര്‍മാര്‍ പങ്കുവച്ചതാണ് എന്നതാണത്.


Read Also: അച്ഛനും അമ്മയ്ക്കും ഏക മകള്‍, പഠനത്തില്‍ മിടുക്കി; നോവായി വന്ദന


സംഭവം നടന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പങ്കുവച്ച വിവരം എങ്ങനെയാണ് മന്ത്രിയുടെ വാക്കുകളായി വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ചോദ്യം. മാധ്യമങ്ങള്‍ ഇതൊരു വിവാദമായി ഉയര്‍ത്തിക്കൊണ്ടുവന്നതോടെ സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. വീണ ജോര്‍ജ്ജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍, മന്ത്രി പറഞ്ഞത് എന്താണെന്ന് പൂര്‍ണമായും കേള്‍ക്കാത്തവരാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നാണ് ആക്ഷേപം.


 



ഇത് മാത്രമല്ല വീണ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞത്. ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന സംഭവം ആണ് നടന്നത് എന്നായിരുന്നു ആദ്യ പ്രതികരണം. ഒരുതരത്തിലും അംഗീകരിക്കാവുന്ന കാര്യമല്ല കൊട്ടാരക്കരയില്‍ നടന്നത്. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. പ്രതിയുടെ കൂടെ പോലീസുകാര്‍ ഉണ്ടായിരുന്നു. പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട് എന്നതും ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


Read Also: ഇത്തരത്തില്‍ ഒരു മരണം സംഭവിക്കും; മുരളി തുമ്മാരുകുടിയുടെ 'പ്രവചനം' വീണ്ടും സത്യമായി


ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമത്തെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചിട്ടുണ്ട്. ഈ നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ കുറിച്ച് ആലോചിക്കുന്നതായും വീണ ജോര്‍ജ്ജ് പറഞ്ഞു. വനിത ഡോക്ടര്‍, ഓടാന്‍ കഴിയാതെ വീണുപോയപ്പോഴാണ് അക്രമി ആക്രമിച്ചത്. രാത്രികളില്‍ ലഹരിയ്ക്ക് അടിമകളായി എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്ന കാര്യത്തില്‍ കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കും എന്ന് കൂടി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


ബുധനാഴ്ച പുലർച്ചെ ആയിരുന്നു പരിക്കേറ്റ നിലയിൽ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വൈദ്യസഹായം നൽകുന്നതിനിടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ ഒരു പോലീസുകാരൻ മാത്രമായിരുന്നു ഒപ്പമുണ്ടായത്. എന്നാൽ ഉടനടി മറ്റ് പോലീസുകാരും മുറിയിലേക്ക് ഓടിയെത്തിയിരുന്നു. പക്ഷേ, ഇതിനിടെ വന്ദന ഒറ്റപ്പെടുകയും ക്രൂരമായ ആക്രമണത്തിന് ഇരയാക്കപ്പെടുകയും ചെയ്തു. ഉടൻ സന്ദീപിനെ കീഴ്പ്പെടുത്തിയെങ്കിലും ഡോ. വന്ദനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അടിയന്തര ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.