തൃശൂർ: വന്ദേഭാരത് ഉദ്ഘാടനവും മറ്റ് പദ്ധതികളുടെ പ്രഖ്യാപനവും തറക്കല്ലിടലും ഒക്കെയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്ന് പോയിട്ട് അധികനാൾ ആയിട്ടില്ല. വീണ്ടും അദ്ദേഹം കേരളത്തിലേക്ക് വരാനൊരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന സൂചനകൾ. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഇനിയുള്ള സന്ദർശനങ്ങൾ എന്ന് വ്യക്തം.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത സന്ദർശനത്തിൽ തൃശൂർ ആയിരിക്കും മോദി എത്തുക. തൃശൂരിൽ ഒരു വലിയ റോഡ് ഷോ തന്നെ ഒരുക്കാനാണ് പദ്ധതി. കഴിഞ്ഞ തവണ തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ റോഡ് ഷോകൾ വൻ വിജയം ആയിരുന്നു എന്നാണ് ബിജെപി വിലയിരുത്തുന്നത്. മാധ്യമങ്ങളിൽ നിന്നും മികച്ച പിന്തുണ കിട്ടി എന്ന നിലയിലാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് പോലും ബിജെപിയ്ക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞ സംഭവമായും വിലയിരുത്തപ്പെടുന്നുണ്ട്.


ഈ മാസം അവസാനം വനിതാ സംഗമം നടത്താനാണ് ബിജെപിയുടെ പദ്ധതി. തൃശൂർ ആണ് ഇതിന് വേദിയായി കണ്ടിരിക്കുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആയിരിക്കും നരേന്ദ്ര മോദി വീണ്ടും എത്തുക എന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇത് സംബന്ധിച്ച ചില അന്വേഷണങ്ങൾ ഇതിനകം തന്നെ വന്നു കഴിഞ്ഞു എന്നാണ് ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 


Read Also: കേരളത്തിലെത്താൻ ആകാംക്ഷ; പ്രധാനമന്ത്രി മലയാളത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു


ഇത്തവണ കേരളത്തിൽ നിന്ന് ഒന്നിൽ അധികം ലോക്‌സഭ എംപിമാർ ഉണ്ടാവണം എന്നത് ബിജെപിയെ സംബന്ധിച്ച്ഒരു പ്രസ്റ്റീജ് വിഷയം ആണ്. ഇതുവരെ കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ഒരു എംപിയെ സംഭാവന ചെയ്യാൻ ബിജെപിയ്ക്ക് സാധിച്ചിട്ടില്ല. 2016 ലെ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് ഒ രാജഗോപാൽ വിജയിച്ച് എംഎൽഎ ആയി എന്നത് മാത്രമാണ് ഉയർത്തിക്കാട്ടാനുള്ള ഏക നേട്ടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അതും നഷ്ടമായി.


എന്നിരുന്നാലും കേരളത്തിൽ ശക്തമായ മത്സരങ്ങൾ കാഴ്ചവയ്ക്കാൻ കഴിയുന്ന മണ്ഡലങ്ങളെ ബിജെപി നേതൃത്വം വേർതിരിച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങളിൽ കുറച്ച് കാലമായി ശക്തമായ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. എന്നാൽ അതെല്ലാം വോട്ടായി മാറ്റാൻ ആകുമോ എന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിന് വലിയ ഉറപ്പില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബിജെപി ഏറെക്കുറേ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ നേമം നഷ്ടപ്പെടുകയല്ലാതെ ഒരു മണ്ഡലം പോലും പിടിച്ചെടുക്കാൻ അവർക്ക് സാധിച്ചില്ല. 


കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ മുൻനിർത്തി ശക്തമായ പ്രകടനം ആയിരുന്നു തൃശൂരിൽ ബിജെപി കാഴ്ചവച്ചത്. മൂന്നാം സ്ഥാനത്താണ് സുരേഷ് ഗോപി എത്തിയത് എങ്കിലും മൂന്ന് ലക്ഷത്തോളം വോട്ടുകൾ സമാഹരിക്കാൻ അദ്ദേഹത്തിനായിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ നേടിയതിന്‌റെ ഏതാണ്ട് മൂന്നിരട്ടിയോളം ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ, ഇത്തവണയും സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കാനായിരിക്കും തീരുമാനം എന്നാണ് അറിയുന്നത്. നരേന്ദ്ര മോദിയുടെ വരവോടെ തൃശൂരിൽ പുതിയ ഉണർവ്വുണ്ടാക്കാൻ ആകുമെന്നും ബിജെപി നേതൃത്വം കരുതുന്നു. 


Read Also: പ്രധാനമന്ത്രിയുടെ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായില്ല: രമേശ് ചെന്നിത്തല


തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിഞ്ഞാലക്കുട, പുതുക്കാട് എന്നിവയാണ് അവ. ഈ ഏഴിൽ നാലെണ്ണത്തിലും നിലവിൽ സിപിഎമ്മിന്റെ പ്രതിനിധികളാണ് എംഎൽഎമാർ. ബാക്കി മൂന്നിടത്ത് സിപിഐയുടെ പ്രതിനിധികളും. ഇടതുപക്ഷത്തിനും കോൺഗ്രസിനും ചരിത്രപരമായി തന്നെ ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് തൃശൂർ ലോക്‌സഭ മണ്ഡലം. 


ബിജെപി ഇത്തവണ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്നത് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ തന്നെ ആയിരിക്കും. 2014 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ പിന്നിലാക്കി ബിജെപി ആണ് ഇവിടത്തെ രണ്ടാം സ്ഥാനക്കാർ. 2014 ൽ വെറും പതിനയ്യായിരത്തിൽ പരം വോട്ടുകൾക്കായിരുന്നു ബിജെപിയുടെ ഒ രാജഗോപാൽ കോൺഗ്രസിന്റെ ശശി തരൂരിന് മുന്നിൽ തോറ്റുപോയത്. എന്നാൽ 2019 ൽ കുമ്മനം രാജശേഖരൻ എത്തിയപ്പോൾ ശശി തരൂരിന്റെ വിജയ മാർജിൻ ഒരു ലക്ഷത്തിലേക്ക് വലുതായ ചരിത്രവും ഉണ്ട്.


ഈ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദേശീയ നേതാക്കളിൽ ആരെങ്കിലും കേരളത്തിൽ നിന്ന് മത്സരിച്ചേക്കും എന്ന രീതിയിലും ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വരാണസിയിലും വഡോദരയിലും ഒരേസമയം മത്സരിച്ച് ജയിച്ചിരുന്നു. എന്നാൽ 2019 ൽ അദ്ദേഹം വരാണസിയിൽ മാത്രമാണ് മത്സരിച്ചത്. 2014 ൽ ഉണ്ടായ ഒരു സാധ്യത കേരളത്തിന് മുതലെടുക്കാൻ ആകുമോ എന്നാണ് സംസ്ഥാന നേതാക്കളുടെ ആലോചന.


2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20 ൽ 19 സീറ്റും യുഡിഎഫ് സ്വന്തമാക്കിയിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതായിരുന്നു ഇതിന് കളമൊരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ മത്സരിച്ചാൽ, ഏറെക്കുറേ സമാനമായ ഒരു മുന്നേറ്റം തങ്ങൾക്കും ഉണ്ടാക്കാൻ ആകുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗമെങ്കിലും പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്ന് ഇനിയും ജനപ്രതിനിധികൾ ഇല്ലാതിരിക്കുന്ന സാഹചര്യം ദേശീയ തലത്തിൽ തന്നെ ബിജെപിയെ സംബന്ധിച്ച് ഏറെ നാണക്കേടാണ്. ത്രിപുരയിൽ ആദ്യമായി ബിജെപി അട്ടിമറി വിജയം സ്വന്തമാക്കിയപ്പോൾ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ആരു മറന്നുകാണില്ല. അടുത്തതായി തങ്ങൾ ലക്ഷ്യമിടുന്നത് കേരളം ആയിരിക്കും എന്നായിരുന്നു അത്.


2024 ലെ തിരഞ്ഞെടുപ്പിൽ 2019 ൽ ഉണ്ടാക്കിയതുപോലെ ഒരു മുന്നേറ്റം ഉണ്ടാക്കുക സാധ്യമല്ലെന്ന് കോൺ​ഗ്രസിന് ഉത്തമ ബോധ്യമുണ്ട്. ഇടതുപക്ഷത്തെ മാത്രം മുഖ്യശത്രുവായി കണ്ട്, ദേശീയ തലത്തിലുള്ള വികസന അജണ്ട ഉയ‍ർത്തി തിരഞ്ഞെടുപ്പിനെ നേരിടുക എന്നതായിരിക്കും ബിജെപിയുടെ മുന്നിലുള്ള വഴി. ഇതിനിടെ ക്രൈസ്തവ സഭാ നേതാക്കളുമായി സൂക്ഷിക്കുന്ന അടുപ്പവും കേരളത്തിൽ ​ഗുണം ചെയ്യുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.