ഒരു ചെറിയ കഥയിൽ തുടങ്ങാം. പണ്ട് ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം. അന്ന് എനിക്ക് അവധിയായിരുന്നു, അമ്മ ജോലിക്ക് പോകുന്നതിന് മുൻപ് ഒരേ ഒരു കാര്യം പറഞ്ഞിരുന്നു, 'മോളെ ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട് അവിടെ കുറച്ചു തുണി ഇരിപ്പുണ്ട് അതൊന്ന് കഴുകിയിടണം വേറൊരു പണിയും നിനക്കില്ല' കേട്ട സന്തോഷത്തിൽ അക്കാര്യം ഞാനേറ്റു എന്നും പറഞ്ഞ്, വീണ്ടും കിടന്നുറങ്ങി... എണീറ്റത് ഉച്ചയ്ക്ക്, ഭക്ഷണം കഴിച്ച് ടിവിയും കണ്ട് സമയം പോയതറിഞ്ഞില്ല. അമ്മ വന്നപ്പോൾ തുണി അത്പോലെ തന്നെ കിടപ്പുണ്ട്. കേട്ട് വഴക്കിനാണേൽ കയ്യും കണക്കുമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നെ തെറിയും പറഞ്ഞ് തുണിയും എടുത്തോണ്ട് അമ്മ പോയി. സങ്കടം കൊണ്ട് ഇരിക്കാൻ വയ്യായിരുന്നു. അത് വഴി പോയവരെല്ലാം അമ്മ എന്നെ വഴക്ക് പറയുന്നത് കേട്ടു. നാണക്കേടും സങ്കടവും. അന്നത്തെ ഒൻപതാം ക്ലാസുകാരി ഒരു തീരുമാനമെടുത്തു ഇനി എനിക്ക് ജീവിക്കണ്ട ഞാൻ മറിക്കാൻ പോകുവാണ്. കയ്യിൽ കിട്ടിയ ബ്ലേഡ് എടുത്ത് കൈ മുറിക്കാൻ നോക്കി.. പിന്നെ ചിന്തിച്ചു ഞാൻ എന്തിന് മരിക്കണം നാളെ എല്ലാ തുണിയും അമ്മ പറയാതെ തന്നെ അലക്കി അമ്മയെ ഞെട്ടിച്ചാൽ പോരെ. അല്ലെങ്കിൽ തന്നെ ഇപ്പൊ മരിച്ചിട്ടിപ്പോ എന്ത് ചെയ്യാനാണ് അറിയാത്തൊരു ലോകത് അറിയാത്ത ആൾക്കാരുമായി ഞാൻ എങ്ങനെ ജീവിക്കും അതിലും ഭേദം അമ്മേടെ വഴക്കും കേട്ട് ഇവിടിരിക്കുന്നതാ....


സത്യത്തിൽ അന്ന് ഞാൻ എന്റെ ജീവനൊടുക്കിയിരുന്നെങ്കിൽ ഇന്ന് എനിക്ക് എന്തൊക്ക നഷ്ടമായേനെ. അത്യാവശ്യം നല്ലൊരു ജോലിയുണ്ട്, അച്ഛനും അമ്മയും എന്റെ പേരിൽ അഭിമാനിക്കുന്നുണ്ട്. ഒരുപാട് പുതിയ ആളുകളെയും സ്ഥലങ്ങളെയും കാണാൻ പറ്റി, ഈ സുന്ദരലോകത്തിന്റെ ഭംഗി ആസ്വദിക്കാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യമല്ലേ? 


ജീവിതത്തിൽ ഉയർച്ചയും താഴ്ചയുമുണ്ടാകും, ഉയരുമ്പോൾ അഹങ്കരിക്കാതിരിക്കുക താഴുമ്പോൾ തളരാതിരിക്കുക. ഇനി തളർന്നാലും, ഒന്ന് ചിന്തിക്കും പണ്ട് ഞാൻ ആത്മഹത്യ ചെയ്തിരുന്നേൽ എനിക്ക് എന്തൊക്ക നഷ്ടമായേനെ, ഈ നിമിഷം ഞാൻ ഈ പ്രശ്നത്തെ നേരിട്ടാൽ നാളെ ചിലപ്പോൾ എനിക്ക് വേണ്ടി കാത്തിരിക്കുന്നത് ഒത്തിരി സന്തോഷങ്ങളുള്ള ദിവസമാണെങ്കിലോ?


ഇന്നത്തെ ഒറ്റ ദിവസം മാത്രം എന്റെ കണ്ണിൽ 6 ആത്മഹത്യകൾ ഉടക്കി. ആലപ്പുഴയിൽ അമ്മ വഴക്കുപറഞ്ഞതിനെ ചൊല്ലി 13 വയസുകാരി ആത്മഹത്യ ചെയ്തു. അമ്മ സ്ഥിരമായി വഴക്കുപറയുകയും മർദ്ധിക്കാറുമുണ്ടെന്നാണ് അയൽക്കാരുടെ മൊഴി, രണ്ടാമത് അടിമാലിയിൽ 17 വയസുകാരി ആത്മഹത്യ ചെയ്തു അയൽക്കാരിയായ 21 വയസുകാരി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാമത്തേത് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചു കളഞ്ഞ സുശാന്ത് രാജ്പുത്തിന്റെ ആത്മഹത്യ, അവസാനമായി തിരുവനന്തപുരത്ത് ദമ്പതികളെ ആത്മഹത്യ ചെയ്ത രീതിയിൽ കണ്ടെത്തി. ഇതല്ലാം എന്റെ ശ്രദ്ധയിൽ പെട്ട വാർത്തകൾ മാത്രമാണ്. എന്നാൽ നമ്മളറിയാത്ത എത്ര കേസുകൾ ദിനംപ്രതി നടക്കുന്നുണ്ടാകാം.


Also Read: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേരളത്തിൽ ആത്മഹത്യാ ചെയ്തത് 20 അധികം ആളുകളാണ്. വേൾഡോമീറ്ററിന്റെ കണക്കുകളനുസരിച്ച് 2356 പേരാണ് ഇന്ന് മാത്രം ലോകത്തിൽ ആത്മഹത്യ ചെയ്തത്. ഈ വർഷം ആത്മഹത്യ ചെയ്തവർ 457062 പേർ. ലോകാരോഗ്യസംഘടനയൂടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ഏതാണ്ട് എട്ടുലക്ഷം പേർ ആത്മഹത്യ ചെയ്യുന്നു. 10 മുതൽ 20 ദശലക്ഷം പേർ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ആഗോളതലത്തിൽ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേരിൽ 14 (പുരുഷന്മാർ പതിനഞ്ചും സ്ത്രീകൾ എട്ടും) ആണ്. എന്ത് കൊണ്ടാണ് നമ്മളിൽ ചിലരെങ്കിലും ആത്മഹത്യയാണ് എല്ലാത്തിനുമുള്ള പരിഹാരം എന്ന് കരുതുന്നത്?


നമുക്ക് ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല എങ്കിലും ഒരുകാര്യം പറഞ്ഞോട്ടെ, ആത്മഹത്യ എന്ന തീരുമാനം എടുക്കുന്നതിന് മുൻപ് ഒന്ന് സ്വയം ചിന്തിക്കു, എല്ലാ ദിവസവും ഒരു പോലെയല്ല. രാത്രിക്ക് ശേഷം പകൽ ഉള്ളത് പോലെ ഒരു സങ്കടത്തിന് ശേഷം നിങ്ങളുടെ ജീവിതത്തിൽ ഒരു സന്തോഷം എന്തായാലും കടന്നു വരും.


Also Read: നന്നാവില്ലെന്ന് വിധിയെഴുതിയ ആദിവാസി പെണ്‍കുട്ടി ഇന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍


നല്ല സുഹൃത്തുക്കളെ സൃഷ്ടിക്കു. എന്ത് കാര്യവും തുറന്നു പറയാൻ സാധിക്കുന്ന സുഹൃത്തുക്കൾ. നിങ്ങളെ കളിയാക്കാത്ത സുഹൃത്തുക്കൾ. മനസ്സിൽ എല്ലാം കൂട്ടി കുഴിച്ചു മൂടുന്നത് കൊണ്ടാണ് ജീവിതത്തിൽ മുന്നോട്ട് പോകാൻ പ്രയാസമനുഭവിക്കുന്നത്. മനസ് തുറന്ന് സംസാരിക്കു. നിങ്ങൾക്ക് വിഷാദരോഗമുണ്ടെങ്കിൽ അതടക്കിപിടിക്കാതെ ആരോടെങ്കിലും തുറന്ന് പറഞ്ഞ് ഒരു ഡോക്ടറെ സമീപിക്കു. മറ്റേതൊരു രോഗം പോലെ തന്നെയാണ് വിഷാദ രോഗവും. അതിൽ നാണക്കേട് തോന്നേണ്ട ഒരാവശ്യവുമില്ല.


 ഒരു ഡോക്ടർ പങ്കുവച്ച കാര്യം നിങ്ങളോട് പറയട്ടെ. അദ്ദേഹത്തിന്റെ ആശുപത്രിയിലെ പ്യുൺ പെട്ടെന്നൊരു ദിവസം ആത്മഹത്യ ചെയ്തു ഇന്നലെ വരെ ചിരിച്ചു കളിച്ച് പോയ മനുഷ്യനായിരുന്നു, ആർക്കും ഒന്നും മനസിലായില്ല. അപ്പോഴാണ് ഒരു അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു ചിത്രം കൂട്ടുകാരൻ കാണിച്ചുതന്നത്. "ഈ പുഞ്ചിരി എത്രനാൾ കാണുമെന്നറിയില്ല" ഇതായിരുന്നു അതിന്റെ അടിക്കുറിപ്പ്. എന്നാൽ സങ്കടപരമായ കാര്യം നിരവധി പേർ ആ ചിത്രത്തിൽ അദ്ദേഹത്തെ കളിയാക്കിയും, പരിഹസിച്ചും കമ്മന്റുകൾ ഇട്ടിരുന്നു എന്നതാണ്.


Also Read: പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ലെന്നാ, പിന്നെയാ കൊറോണ!!!


ഇതുപോലുള്ള എത്രയോ പേർ നമ്മുടെ മുന്നിലുണ്ടാകും, ദിവസവും പലതരം മാനസിക പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവർ ഒരു പക്ഷെ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഒരാളില്ലാത്തതുകൊണ്ട് സോഷ്യൽ മീഡിയയിൽ തങ്ങളുടെ പ്രശ്നങ്ങൾ ഷെയർ ചെയ്യുമ്പോൾ ഒരു കൈത്താങ്ങാണ് അവർ പ്രതീക്ഷിക്കുന്നതെങ്കിലോ?


ഒന്നോർക്കുക നമുക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. ചുറ്റുമുള്ള മനുഷ്യരെ ഇടയ്ക്കൊന്ന് ശ്രദ്ധിക്കുക. വിഷമങ്ങൾ പറയുമ്പോൾ സമാധാനമായി കേൾക്കുക. ഒരുപക്ഷെ ഒരു പോംവഴിയായിരിക്കില്ല അവർ പ്രതീക്ഷിക്കുന്നത് അവരെ കേൾക്കാൻ ഒരാളെയായിരിക്കും. ദയവ് ചെയ്ത് സഹായിച്ചില്ലെങ്കിലും കളിയാക്കാതിരിക്കുക. ഈ ലോകം വളരെ മനോഹരമാണ്. ഓരോ ജീവന്റെ മൂല്യവും നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്. ജീവിതത്തിൽ ഉത്തരം മുട്ടുമ്പോൾ ഉത്തരത്തിലേറുകയല്ല വേണ്ടത്. അങ്ങനെ തോന്നുമ്പോൾ ദുരിതമനുഭവിക്കുന്ന ഒരുപാട് പേരുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണെറിഞ്ഞ് നോക്കു. ആ കാൻസർ വാർഡിലെ രോഗികളെ നോക്കു ജീവിതത്തിനായി പടപൊരുതുന്ന പോരാളികളെ നിങ്ങൾക്കവിടെ കാണാൻ സാധിക്കും.