"അമ്മേ എനിക്ക് നല്ല സുഖമില്ല, ഒന്ന് നോക്കിയേ?" ഇങ്ങനെ പറയാത്തവരുണ്ടോ നമ്മുടെ കൂട്ടത്തിൽ ? മിക്ക വീടുകളിലെയും ഡോക്ടറും നഴ്സും എല്ലാം അമ്മയും പെങ്ങളുമൊക്കെയാണ്. ഉറക്കമൊഴിച്ചും, രാത്രി മുഴുവൻ കാവലിരുന്നും അവർ നമ്മെ സംരക്ഷിക്കും.വസൂരി പിടിച്ച് കിടക്കുന്ന നിന്നെ ആരകറ്റി നിർത്തിയാലും മോനെ ഇച്ചിരി കഞ്ഞി കുടിക്കെടാ അമ്മ കോരിത്തരാം എന്ന് പറഞ്ഞ് നമ്മെ ശ്രുശ്രുഷിക്കുന്നവരാണ് നമ്മുടെ അമ്മമാർ.
അതെ സ്ത്രീകൾ അങ്ങനെയാണ്... ജന്മനാ അവർ അങ്ങനെയാണ്.. എന്തിനെയും നേരിടാനും സമാധാനപരമായി കാര്യങ്ങൾ നീക്കാനും അവർക്ക് പ്രത്യേക കഴിവാണ്. അതിപ്പോ കുടുംബം നോക്കാനായാലും ഒരു രാജ്യത്തെ ആകമാനം നോക്കാനായാലും അവരെ വെല്ലാൻ ഇച്ചിരി പാടാണ്.
ഇത് പറയാൻ കാരണമുണ്ട് ട്ടോ... കാര്യം മറ്റൊന്നുമല്ല ലോകമാസകലം കോറോണയെന്ന മഹാമാരി സംഹാരതാണ്ഡവമാടുമ്പോൾ കുറച്ച് സ്ത്രീകളുടെ സാന്നിദ്യം നമ്മൾ എടുത്തു പറയേണ്ടിയിരിക്കുന്നു. അധികാരത്തിൽ സ്ത്രീകളുടെ സാന്നിദ്യം താരതമ്യേന കുറവാണ്. അത് അവർക്ക് കഴിവില്ലാഞ്ഞിട്ടോ അറിവില്ലാഞ്ഞിട്ടോ അല്ല അവരെ മുന്നോട്ട് കൊണ്ടുവരാൻ നമ്മുടെ സമൂഹം അനുവദിക്കുന്നില്ല എന്നത് തന്നെയാണ് കാരണം.
സിന്റ് മാർട്ടിൻ എന്നൊരു രാജ്യമുണ്ട് ആ രാജ്യം ഭരിക്കുന്നത് 51 കാരിയായ സിൽവേരിയ ജേക്കബ് ആണ്. കരീബിയൻ ദീപുകളുടെ അടുത്തായി ഏകദേശം 42,844 ആളുകൾ താമസിക്കുന്ന ഒരു കൊച്ചു ജനാധിപത്യ രാജ്യമാണിത്. ഒരു വർഷം 5 ലക്ഷത്തോളം വിദേശ സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. കൊറോണ വൈറസിനെ(Corona Virus) കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചയുടൻ തന്നെ മാർച്ച് 11ന് സിൽവേരിയ രാജ്യത്ത് യാത്ര നിയന്ത്രണങ്ങൾ 14 മുതൽ 21 ദിവസം വരെ നീട്ടി. തൊട്ടടുത്ത ദിവസം നടക്കാനിരുന്ന ആയിരത്തോളം പേർ പങ്കെടുക്കാനിരുന്ന കാർണിവൽ റദ്ദാക്കി. എന്നാൽ 5 ദിവസത്തിന് ശേഷം മാർച്ച് 17ന് ഫ്രാൻസിൽ നിന്ന് തിരിച്ച് സിന്റ് മാർട്ടിനിലെ തങ്ങളുടെ വീട്ടിലെത്തിയ ഫ്രഞ്ച് ദമ്പതികൾ ഒപ്പം കൊറോണ വൈറസുമായാണ് തിരിച്ചെത്തിയത്.
സിന്റ് മാർട്ടിനിൽ അകെ രണ്ട് ഐസിയൂ കിടക്കകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, രോഗം പടർന്നു പിടിക്കുകയാണെങ്കിൽ അത് അവരുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ തകിടം മരിക്കുമെന്ന് സിൽവേറിയയ്ക്കറിയാമായിരുന്നു.മാത്രവുമല്ല അവർ തങ്ങളുടെ ജനങ്ങളെ പൂട്ടിയിടാൻ ആഗ്രഹിച്ചിരുന്നുമില്ല. ഒരു കാര്യം അവർക്ക് വ്യക്തമായിരുന്നു. ഈ മഹാമാരിയെ തടയാൻ ഒരു മാർഗം മാത്രമേയുള്ളു. ആളുകൾ തമ്മിൽ കർശനമായി അകലം പാലിക്കുക. ഏപ്രിൽ ഒന്നാം തീയ്യതി അവർ തങ്ങളുടെ ജനങ്ങളോടായി പറഞ്ഞു "ദയവായി പുറത്തിറങ്ങാതിരിക്കുക" 'നിങ്ങൾക്കിഷ്ടപ്പെട്ട ബ്രഡ് കയ്യിലില്ലെങ്കിൽ എന്താണോ ഉള്ളത് അത് കഴിക്കുക'.
Also Read: രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർ രോഗം പരത്തില്ല? വിവാദപ്രസ്താവന തിരുത്തി WHO..
ഇന്ന് സിന്റ് മാർട്ടിനിലെ കൊറോണ രോഗികൾ വെറും 77 പേർ മാത്രമാണ്. അതിൽ 61 പേർ രോഗമുക്തരായി, മരണം 15 മാത്രം.
ഉചിതമായ തീരുമാനങ്ങൾ വഴിയും, കാര്യക്ഷമമായ പ്രവർത്തികൾ കൊണ്ടും വേറെയും 6 രാജ്യങ്ങൾ മരണ നിരക്ക് കുറയ്ക്കുന്നതിൽ മുൻകൈയെടുത്തിട്ടുണ്ട്. തായ്വാൻ (7 മരണം), ന്യൂസിലൻഡ് (22), ഐസ്ലാന്റ് (10), ഫിൻലാൻഡ് (323), നോർവെ (238), ജർമ്മനി (8,776). ജർമനിയുടെ മരണനിരക്ക് കണ്ട് ഭയപ്പെടേണ്ട മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ജനസംഖ്യ വളരെ വലുതാണ്.
മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഈ രാജ്യങ്ങൾ മികച്ചരീതിയിലും ഫലപ്രദമായും കോറോണയെന്ന മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധിച്ചു. അതിൽ ഏറ്റവും പ്രധാനകാര്യം എന്തെന്നാൽ ഈ 6 രാജ്യങ്ങളും നയിക്കുന്നത് സ്ത്രീകളാണ് എന്നതാണ്.
തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ, ഐസ്ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്സ്ഡോട്ടിർ, ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ, നോർവേ പ്രധാനമന്ത്രി എർന സോൽബെർഗ്, ജർമ്മനി ചാൻസലർ ഏഞ്ചല മെർക്കൽ എന്നിവരാണ് ആ പോരാളികൾ.
Also Read: സന്തോഷ വാർത്ത... കൊറോണയ്ക്ക് മരുന്ന് കണ്ടെത്തി..! ഉടൻ പുറത്തിറക്കും
ഇവരുടെ ഇടയിൽ ചേർക്കാൻ നമ്മൾ കേരളീയർക്ക്, മലയാളികൾക്ക് അഭിമാനമായ ഒരാളെ വിട്ടുപോകാൻ പാടില്ല. നമ്മുടെ സ്വന്തം ശൈലജ ടീച്ചർ(KK Shailaja), നമ്മുടെ സ്വന്തം ടീച്ചറമ്മ. കേരളമെന്ന കൊച്ചുസംസ്ഥാനത്തെ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിർത്താൻ ചുക്കാൻ പിടിച്ച നമ്മുടെ സ്വന്തം ആരോഗ്യ മന്ത്രി. പെണ്ണിനെന്താണ് കുഴപ്പം എന്ന് നിയമസഭയിൽ അവർ ചോദിച്ചത് ഓർക്കുന്നുണ്ടോ? ആ ചോദ്യത്തിൻ്റെ ഉത്തരമാണ് അവർ സ്വയം തന്നെ. എങ്ങനെയായിരിക്കണം ഒരധികാരി എന്ന് അവർ നമ്മെ പഠിപ്പിച്ചു തന്നു. ഓരോ സ്ത്രീയ്ക്കും അഭിമാനമായി. കൊറോണ ആദ്യം ഇന്ത്യയിൽ റിപ്പോർട് ചെയ്തത് കേരളത്തിലായിരുന്നു. കാര്യക്ഷമമായ പ്രവർത്തികളിലൂടെയും തീരുമാനങ്ങളിലൂടെയും രോഗത്തെ കേരളത്തിന് പുറത്തു കടക്കാൻ അവർ സമ്മതിച്ചില്ല. രോഗത്തെകുറിച്ചുള്ള വിവരം ലഭിച്ചയുടനെ അവശ്യ ക്രമീകരണങ്ങൾ ഒരുക്കി.
മുൻപ് ഒരു അനുഭവം ഉള്ളതുകൊണ്ടുതന്നെ സംസ്ഥാനം ശൈലജടീച്ചറുടെ കീഴിൽ സജ്ജമായിരുന്നു. ഒരുപക്ഷെ അന്ന് നിപ്പയെ പിടിച്ചുകെട്ടാൻ സാധിച്ചില്ലായിരുന്നെങ്കിൽ, ഇന്നത്തെ കൊറോണ പോലെ അന്ന് നിപ്പയും ലക്ഷങ്ങളുടെ ജീവൻ കവർന്നേനെ. മഹാരാഷ്ട്രയിൽ 3590 പേർ മരണമടഞ്ഞപ്പോൾ കേരളത്തിൽ മരിച്ചത് വെറും 19 പേർ മാത്രമാണ്.
ഇനി ഈ കണക്കുകളെ നമുക്ക് മറ്റ് രാജ്യങ്ങളുമായി ഒന്ന് താരതമ്യപ്പെടുത്തി നോക്കാം. കൊറോണ രോഗബാധിതരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മറ്റാരുമല്ല ഏറ്റവും ശക്തമായ രാജ്യം അമേരിക്കയാണ്, അതും ഡൊണാൾഡ് ട്രംപ്(Donald Trump) എന്ന ശക്തനായ ഭരണാധികാരിയുടെ കീഴിൽ ആയിട്ട് പോലും അദ്ദേഹത്തിന് തന്റെ രാജ്യത്തെ സംരക്ഷിക്കാനാകുന്നില്ല. ഈ സമയം 2,089,825 പേരാണ് രോഗബാധിതരായി അമേരിക്കയിലുള്ളത്. ഇതിൽ 116,035 പേർ മരണത്തിന് കീഴടങ്ങി. രണ്ടാമതായി ജൈർ ബോൾസൊനാരോയുടെ ബ്രസീൽ, മൂന്നാമത് വ്ളാഡ്മിർ പുടിൻ ഭരിക്കുന്ന റഷ്യ, നാലാമത് നമ്മുടെ സ്വന്തം ഇന്ത്യ. ലോകം കണ്ട ശക്തരായ ഭരണാധികാരികളിൽ ഒരാളാണെന്ന് പറയപ്പെടുന്ന മോദി(Narendra Modi)യുടെ നാട്ടിലും സ്ഥിതി മറ്റൊന്നല്ല.
ഈ രാജ്യങ്ങളെല്ലാം ഭരിക്കുന്നത് പുരുഷന്മാരാണെന്നുള്ളതാണ് ഇവരിലെ സാമ്യത അതും സ്വേച്ഛാധിപതികളായ ശക്തരായ പുരുഷന്മാർ. അപ്പോൾ ഇവിടെയാണ് നമ്മുടെ ചോദ്യം പ്രസക്തം ഇതുപോലുള്ള വലിയ പ്രശ്നങ്ങൾ വരുമ്പോൾ അവയെ നേരിടാൻ പുരുഷന്മാരേക്കാൾ കഴിവ് സ്ത്രീകൾക്കല്ലേ ഉള്ളത്. എന്താണ് അവരെ അതിലേക്ക് നയിക്കുന്ന ഘടകം. ഒരുപക്ഷെ പ്രശ്നങ്ങളെ സൗമ്യമായി കാണാനും ശാന്തമായി ചിന്തിച്ച് അവയ്ക്കുള്ള പരിഹാരം കാണാനുമുള്ള അവരുടെ കഴിവായിരിക്കണം. ഇനിയെങ്കിലും നീ പെണ്ണാണ് അവിടെ അടങ്ങിയിരുന്ന് നിൻ്റെ കാര്യം നോക്ക്. ഇവിടത്തെ കാര്യം നമ്മൾ ആണുങ്ങൾ നോക്കിക്കോളാം എന്ന സംസാരവും പ്രവർത്തിയും മാറ്റിക്കളയുക.
ഈ അവസരത്തിൽ ലക്ഷക്കണക്കിന് നഴ്സുമാർ അവരുടെ ജീവൻ പണയം വച്ച് ജോലിചെയ്യുന്നു. അവരെയും നമുക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. കോറോണയിൽ നിന്നും മുക്തനായി വീട്ടിൽ തിരിച്ചെത്തിയ ഒരു യുവാവ് കുറിച്ചിരുന്നു "ഞാൻ ഇന്ന് ദൈവത്തെ കണ്ടു, വെള്ള വസ്ത്രം ധരിച്ച് അവർ എന്നെ ശ്രുശ്രുഷിച്ചു, വീട്ടുകാർ പോലും ഭയന്നപ്പോൾ അവർ എന്നെ കൈവിട്ടില്ല,അതെ അത് ദൈവമായിരുന്നു...." ദൈവം നമ്മുടെ ഓരോ വീട്ടിലുമുണ്ട്. ഒന്ന് സൂക്ഷിച്ച് നോക്കിയാൽ മാത്രം മതി...