ആറ്റുകാല്‍ പൊങ്കാല: കാര്‍ത്തികയില്‍ തുടങ്ങി ഉത്രംവരെ, അറിയേണ്ടതെല്ലാം...
കുംഭമാസത്തിലെ കാര്‍ത്തികയില്‍ തുടങ്ങി ഉത്രം വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ അമ്മയുടെ പൊങ്കാല മാര്‍ച്ച് 9 തിങ്കളാഴ്ചയാണ്. കുംഭമാസത്തിലെ പൂരം നാളിലാണ് ആറ്റുകാല്‍ പൊങ്കാല.
അന്നേദിവസം അനന്തപുരി അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യക്കടലാകുന്ന ദിനമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് അറിയേണ്ടതായ ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കുംഭമാസത്തിലെ കാര്‍ത്തികയില്‍ തുടങ്ങി ഉത്രം വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തു ചേരുന്ന ദിവസമാണ് ലോക പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്.
Also read: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം
മാര്‍ച്ച് ഒന്‍പത് തിങ്കളാഴ്ചയാണ് ആ ദിനം. അന്നേ ദിവസം രാവിലെ 10:20 ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പ്രധാന അടുപ്പിലേക്ക് തീ പകരും. ഉച്ചകഴിഞ്ഞ് 2:10 നാണ് പൊങ്കാല നിവേദ്യം.
കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽ കുത്തും ഒമ്പതാം തീയതി രാത്രി 7:30ന് നടക്കും. രാത്രി 11:15ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. മണക്കാട് ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് 10ന് പുലർച്ചെ തിരിച്ച് എഴുന്നള്ളിക്കും.
ശേഷം 10 ന് രാത്രി 9:30ന് കാപ്പഴിക്കും. 12:30ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും
പൊങ്കാല വ്രതം
ആറ്റുകാല്‍ പൊങ്കാലയിടുന്ന വിശ്വാസികള്‍ കുറഞ്ഞത് ഒരാഴ്ച മുന്‍പെങ്കിലും വ്രതം ആരംഭിക്കണമെന്നാണ് വിശ്വാസം. ദിവസവും രണ്ടുനേരം കുളിച്ച് മനസ്സും ശരീരവും ശുദ്ധിയാക്കിയ ശേഷമാകണം വ്രതം തുടങ്ങാന്‍.
വ്രതമെടുക്കുമ്പോള്‍ മത്സ്യമാംസാദികള്‍ ഒഴിവാക്കുന്നപോലെ ലഹരി പദാര്‍ത്ഥങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം. പൊങ്കാല മഹോത്സവം തുടങ്ങുന്ന അന്നുമുതല്‍ പൊങ്കാല ദിനംവരെ വ്രതമെടുക്കുന്നവരും ഉണ്ട്.
കൃത്യമായ നിഷ്ഠയോടും വ്രതത്തോടും കൂടി പൊങ്കാല അർപ്പിച്ചാൽ നമ്മുടെ ആഗ്രഹങ്ങള്‍ ദേവി നടത്തിത്തരുമെന്നാണ് വിശ്വാസം. പൊങ്കാല ഇടുന്നതിന്‍റെ തലേദിവസം ഒരിക്കല്‍ എടുക്കണം. അതായത ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ എന്ന്.
പൊങ്കാല ഇടുന്നതിന് മുന്‍പ് ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്. ക്ഷേത്രത്തിൽ പോയി ദേവിയെ കണ്ട് പൊങ്കാല ഇടുന്നതിന് അനുവാദം ചോദിക്കുകയാണ് ക്ഷേത്ര ദർശനത്തിലൂടെ ചെയ്യുന്നതെന്നും വിശ്വാസമുണ്ട്.
പൊങ്കാല
പൊങ്കാല ഇടുമ്പോള്‍ കോടി വസ്ത്രം ധരിക്കണം. നിലത്ത് അടുപ്പു കൂട്ടി അതിൽ പുതിയ കലം ഉപയോഗിച്ചു വേണം തീ കത്തിക്കുവാൻ. പൊങ്കാലയിടുവാൻ അടുപ്പിൽ തീ പകരുന്നതിനു മുൻപേ അടുപ്പിനു മുമ്പിൽ വിളക്കും നിറനാഴിയും വയ്ക്കുന്ന പതിവുമുണ്ട്.
പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് ഒരുക്കണം ശേഷം ഉണക്കലരി, നാളികേരം, ശർക്കര, നെയ്യ് എന്നിവയാണ് പൊങ്കാലയ്ക്കായി വേണ്ടത്. എന്നാൽ അതിനോടൊപ്പം ചെറുപഴം, തേൻ, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയർ, കശുവണ്ടിപ്പരിപ്പ്, എള്ള് എന്നിവയും ഉപയോഗിക്കുന്നവരുണ്ട്.
പൊങ്കാല തിളച്ചു തൂവണം എന്നാണ് വിശ്വാസം. ഓരോ ദിശയിലേക്കും തിളച്ചു തൂവുന്നതിന് ഓരോ അര്‍ത്ഥങ്ങളുണ്ട്. കിഴക്കോട്ട് തിളച്ചു തൂവിയാല്‍ ഇഷ്ടകാര്യങ്ങള്‍ ഉടനടി നടക്കുമെന്നും വടക്കോട്ട് ആണെങ്കില്‍ കാര്യസാധ്യത്തിന് സമയമെടുക്കുമെന്നും പടിഞ്ഞാറോട്ടും തെക്കോട്ടുമായാല്‍ ദുരിതം മാറുവാന്‍ ഇനിയും സമയമെടുക്കുമെന്നുമാണ് വിശ്വാസം.
പൊങ്കാലയോടോപ്പം തന്നെ പ്രസിദ്ധമാണ് മണ്ടപ്പുറ്റും തിരളിയും.