ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകര്‍ന്നു നല്‍കിയ അറിവാണ് യോഗ. ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളിലൂടെ യോഗയുടെ ഗുണഫലങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്‍റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്‍റെ ആക്കം കുറയ്ക്കാന്‍ യോഗയ്‌ക്ക്  സാധിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പരിധി വരെ ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗ മാറി കഴിഞ്ഞു. യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല, ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താ രീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു.


മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊടെ രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്‍റെ കർത്താവ്. യോഗ എന്ന വാക്കിന്‍റെ അർത്ഥം ചേർച്ച എന്നാണ്.


അന്താരാഷ്‌ട്ര യോഗ ദിനം പിറന്ന വഴി


2014, സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69മത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ച ഒരാശയമാണ് ഇന്നത്തെ അന്താരാഷ്ട്ര യോഗ ദിനം. യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം എന്ന മോദിയുടെ ആവശ്യം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രമായ കര്‍മ്മ പദ്ധതിയായ യോഗ 193ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചു. 


സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ക്ക് യോഗയുടെ ആരോഗ്യ പദ്ധതിയിലൂടെ രോഗശാന്തിയും ജീവിതസമാധാനവും കൈവരിക്കാന്‍ കഴിയുമെന്നും നിരവധി രോഗങ്ങളെ ചെറുക്കാന്‍ യോഗയിലൂടെ കഴിയുമെന്നും ഐക്യരാഷ്ടസഭ മനസിലാക്കിയതോടെ ജൂണ്‍ ‍21 അന്താരാഷ്ട്ര യോഗാ ദിനമായി മാറി. 


യോഗ ദിനത്തിനുണ്ടൊരു ലോഗോ


2015 ഏപ്രില്‍ 29, യോഗ ദിനത്തിനായി പ്രത്യേകം തയാറാക്കിയ ലോഗോ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രകാശനം ചെയ്തു. ഒരുമയെ ഏറ്റവും മനോഹരമായ രീതിയില്‍ ആവിഷ്കരിച്ച ലോഗോ. വ്യക്തിയെയും പ്രപഞ്ചത്തെയും ഒരുമിപ്പിക്കുന്ന കൂപ്പുകൈ. ഉണക്ക ഇലകള്‍ ഭൂമിയെയും പച്ച ഇലകള്‍ പ്രകൃതിയെയും പ്രതിനിധാനം ചെയ്യുന്നു. വെളിച്ചത്തെ സൂര്യനോടും അഗ്നിയോടും ചേര്‍ത്തു വെച്ചപ്പോള്‍ ലോഗോ പൂര്‍ണമായി. 



ഒരാപ്പിള്‍ കഴിക്കൂ രോഗത്തെ അകറ്റു എന്ന് പറയുന്നത് പോലെയാണ് യോഗ ശീലിക്കു മരുന്നിനെ അകറ്റൂവന്നതും. മരുന്ന് എന്നത് രോഗത്തെ നിയന്ത്രിക്കൽ ആണ്. യോഗ സ്ഥിരമായി പരിശീലിക്കുന്ന ഒരാൾക്ക് മരുന്ന് പൂർണമായും ഒഴിവാക്കാൻ പറ്റുമെന്നകാര്യത്തില്‍ സംശയം ഇല്ല. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ, മാനസികസംഘർഷം എന്നുവേണ്ട ഇന്നുള്ള എല്ലാ ജീവിതശൈലീ രോഗങ്ങൾക്കും യോഗ ഒരു പരിഹാരമാണ്. 


മെഡിറ്റേഷൻ അഥവാ ധ്യാനം യോഗയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ധ്യാനം എന്നുതന്നെ പറയാം. മനസ്സിനെ ശാന്തതയിലെത്തിക്കാൻ ഇതിനു ഇതിനു സാധിക്കും.  മനസ്സിന്‍റെ പ്രവർത്തനങ്ങളെ യോഗയിലൂടെ നിയന്ത്രിച്ച് ധ്യാനാവസ്ഥയിലെത്തിക്കാൻ സാധിക്കും. മനസ്സിനെ നിയന്ത്രിക്കാനായാൽ രോഗങ്ങളെയും നിയന്ത്രിക്കാം.


യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്


-യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം.
-ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്.
-രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം. ധൃതിയിൽ ചെയ്യരുത്.
-മനോ നിയന്ത്രണം വേണം. കാടുകയറിയുള്ള ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്.
-യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നത് നല്ലതല്ല.
-കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കിൽ അര മണിക്കൂർ കഴിഞ്ഞിട്ടാകണം കുളി.
-ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്. ഭക്ഷണം പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. 
-യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.
-യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം.
-മിതഭക്ഷണം പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക.
-ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. ഭയപ്പെടാനില്ല.