അഗര്‍ത്തല: ത്രിപുരയില്‍ ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സിപിഎം ഇത്തവണ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ക്ക് മുതിര്‍ന്നത്. സീറ്റ് വിഭജനം വലിയ തര്‍ക്കങ്ങളില്ലാതെ മുന്നോട്ട് പോയപ്പോള്‍ വിജയ സാധ്യത മുന്നില്‍ തെളിയുകയും ചെയ്തതാണ്. എന്നാല്‍ ബിജെപിയുടെ കരുത്തിനേക്കാള്‍, ത്രികോണമത്സരങ്ങളുടെ വോട്ട് വിഭജനമാണ് സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടിയായത്. കഴിഞ്ഞ തവണത്തെ സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ പോലും ഇത്തവണ സിപിഎമ്മിന് കഴിഞ്ഞില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

തിപ്ര മോത്തയുടെ രൂപീകരണം പോലും ഇപ്പോള്‍ സിപിഎം കേന്ദ്രങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സും സിപിഎമ്മും ഒന്നിക്കുമ്പോള്‍ സമാഹരിക്കപ്പെട്ടേക്കാവുന്ന വോട്ടുകളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് തിപ്ര മോത്ത പാര്‍ട്ടി രൂപീകരിക്കപ്പെട്ടതും തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നും ആണ് ഇവര്‍ സംശയിക്കുന്നത്. അപ്രതീക്ഷിതം എന്നും ആശ്ച്വര്യപ്പെടുത്തുന്നത് എന്നും വിശേഷിപ്പിക്കാവുന്ന തരത്തിലാണ് തിപ്ര മോത്ത വോട്ടുകള്‍ ഭിന്നിപ്പിച്ച് സമാഹരിച്ചത്. 20 ശതമാനത്തിലേറെ വോട്ടുകള്‍ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അവര്‍ക്ക് നേടാന്‍ കഴിഞ്ഞു.


Read Also: സിപിഎമ്മിനൊപ്പം കൂടി, കോണ്‍ഗ്രസ് രക്ഷപ്പെട്ടു; ഇടവേളയ്ക്ക് ശേഷം ത്രിപുരയില്‍ അക്കൗണ്ട് തുറന്നു, സിപിഎം പിന്നേയും താഴേക്ക്


2019 ല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരിക്കേ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രദ്യോത് ദേബ് ബര്‍മ രാജിവച്ച് പുറത്തിറങ്ങിയത്. ആദ്യം ഒരു സാമൂഹ്യ സംഘടനയും പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ച് രംഗത്തിറങ്ങിയപ്പോള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ 2021 ലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേയും ബിജെപിയേയും തറപറ്റിച്ച് മുന്നിലെത്തിയത് മുതല്‍ ത്രിപുരയുടെ രാഷ്ട്രീയ ഭൂപടത്തില്‍ പ്രദ്യോത് ദേബ് ബര്‍മയും തിപ്ര മോത്ത പാര്‍ട്ടിയും രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞിരുന്നു.


തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷി എന്ന ചരിത്രപരമായ നേട്ടത്തിലാണ് തിപ്ര മോത്ത പാര്‍ട്ടി. അതുകൊണ്ട് തന്നെയാണ് സിപിഎം കേന്ദ്രങ്ങള്‍ ഈ പാര്‍ട്ടിയെ ഒരു ട്രോജന്‍ കുതിരയെന്ന് സംശയിക്കുന്നത്. സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും സഹായിക്കില്ല, ആവശ്യമെങ്കില്‍ ബിജെപിയെ പിന്തുണയ്ക്കും എന്ന് പ്രദ്യോത് ദേബ് ബര്‍മ പറയുക കൂടി ചെയ്തതോടെ ഈ സംശയം കൂടുതല്‍ ബലപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ വരവിനേയും ബിജെപി അതിനെ ഉപയോഗപ്പെടുത്തിയതിനേയും ആണ് പലരും ത്രിപുരയിലെ തിപ്ര മോത്തയെ സാദൃശ്യപ്പെടുത്തുന്നത്. 


Read Also: രാജാവിന്റെ മകന്‍, കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ്... പക്ഷേ, ഇപ്പോള്‍ ത്രിപുരയെ ഞെട്ടിച്ച അതികായന്‍; പ്രദ്യോത് ദേബ് ബര്‍മ


ട്രൈബല്‍ മേഖല, മുസ്ലീം ഭൂരിപക്ഷ മേഖല എന്നിവിടങ്ങളില്‍ ഇത്തവണ സിപിഎമ്മിന്റെ പ്രകടനം ദയനീയമായിരുന്നു. ബിജെപിയ്‌ക്കെതിരെ സിപിഎം ഏറ്റവും അധികം പ്രതീക്ഷ വച്ചിരുന്ന മേഖലകളായിരുന്നു ഇവ. ഇവിടെയെല്ലാം വോട്ടുകള്‍ ഭിന്നിപ്പിക്കപ്പെട്ടതില്‍ തിപ്ര മോത് പാര്‍ട്ടിയുടെ പങ്ക് വലുതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 


മുപ്പതോളം മണ്ഡലങ്ങളില്‍ മത്സരിച്ച മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഇടതിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിയിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. മിക്കയിടത്തും കാര്യമായി വോട്ടുകള്‍ സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കിലും ആയിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിച്ചതില്‍ തൃണമൂലിന്റെ പങ്ക് തള്ളിക്കളയാന്‍ ആവില്ല. തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്ത് വരുമ്പോൾ 33 സീറ്റുകളോടെ ബിജെപി കേവല ഭൂരിപക്ഷം കടന്ന് ഭരണത്തുടർച്ച ഉറപ്പാക്കി. കഴിഞ്ഞ തവണത്തേതിനേക്കാൾ സീറ്റുകളും വോട്ട് വിഹിതവും കുറഞ്ഞെങ്കിലും കടുത്ത മത്സരത്തിൽ ഭരണം നിലനിർത്താനായത് ബിജെപിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. സിപിഎം ഇത്തവണ 11 സീറ്റുകളിലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ 16 സീറ്റുകളും ബിജെപിയ്ക്കൊപ്പം തന്നെ വോട്ട് വിഹിതവും ഉണ്ടായിരുന്നു. വോട്ട് വിഹിതത്തിലും വലിയ ഇടിവാണ് സിപിഎം നേരിട്ടത്. ഈ സഖ്യത്തിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസ് ആണ്. 2018 ൽ ഒരു സീറ്റ് പോലും നേടാൻ കഴിയാതെ പോയ കോൺഗ്രസ് ഇത്തവണ 3 സീറ്റുകൾ സ്വന്തമാക്കി. വോട്ട് വിഹിതവും കൂടി. തിപ്ര മോത്ത പാർട്ടി ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 13 സീറ്റുകൾ സ്വന്തമാക്കി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായി. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.