മോരും മീനും തോരനും പിന്നെ നിറയെ സ്നേഹവും ചേർത്ത `എന്റെ ചോറ്റുപാത്രം`
വെറും 35 രൂപക്ക് ചോറ്റുപാത്രത്തിൽ ഊണ് ലഭിക്കുമെന്നുള്ളതാണ് ഷാലിന്റെ വീട്ടിലെ ഊണിന്റെ പ്രത്യേകത
തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണം കഴിച്ച് വയറു കേടാകുമെന്ന പേടി ഇനി ആർക്കും വേണ്ട.നഗരത്തിലെ ഒരു വനിതാ സംരഭക ഭക്ഷണമുണ്ടാക്കി നൽകാൻ സദാ സമയവും റെഡിയാണ്.വീട്ടിലെ ഊണ് കഴിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മോരും മീനും തോരനും അച്ചാറും കൂട്ടി നല്ല വിഭവ സമൃദ്ധമായ ഊണ് ലഭ്യമാക്കുകയാണ് വെള്ളയമ്പലം സ്വദേശി ശാലിൻറെ ലക്ഷ്യം.
വെറും 35 രൂപക്ക് ചോറ്റുപാത്രത്തിൽ ഊണ് ലഭിക്കുമെന്നുള്ളതാണ് ഷാലിന്റെ വീട്ടിലെ ഊണിന്റെ പ്രത്യേകത. ഇക്കഴിഞ്ഞ മൂന്ന് മാസം മുൻപ് ആരംഭിച്ച ന്യുതന സംരഭത്തിന് വിവിധ കോണുകളിൽ നിന്നുൾപ്പെടെ മികച്ച പ്രതികരണം ലഭിച്ചതോടെ സംഗതി വൻ ഹിറ്റായി മുന്നേറുകയാണ്.
പേര് ഷാലിൻ. ജനിച്ചതും വളർന്നതുമൊക്കെ കൊച്ചിയിലാണെങ്കിലും കഴിഞ്ഞ കുറേക്കാലമായി വെള്ളയമ്പലം ജാൻവില്ല ലൈനിൽ വാടകയ്ക്ക് താമസിക്കുകയാണ്. 2020 ൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപാണ് ഷാലിൻ ഐ ഫ്രൂട്ട് എന്ന പേരിൽ തൈക്കാട് ഒരു ഐസ്ക്രീം കടക്ക് തുടക്കം കുറിക്കുന്നത്. ഡയബെറ്റീസ് ഉൾപ്പടെയുള്ള രോഗങ്ങൾ ഉള്ളവർ പോലും ഐസ്ക്രീമിനോട് വിമുഖത കാട്ടുമ്പോഴാണ് ഇവിടെ തയാറാക്കുന്നവ വളരെ സുലഭമായി വിറ്റഴിക്കപ്പെടുന്നത്.
ഗോതമ്പും,തേനും,ബദാമും,അണ്ടിപ്പരിപ്പുമുൾപ്പടെ ഐസ്ക്രീം തയ്യാറാക്കുന്നതിനായി ഉപയോഗിക്കാറുണ്ട് ഇവിടെ. ഗുണമേന്മയുള്ളതും ആളുകൾ ആവശ്യപ്പെടുന്നത് പ്രകാരം തത്സമയം തയ്യാറാക്കി നൽകുന്നതും ഐ ഫ്രൂട്ടിലെ വ്യത്യസ്തകളാണ്. ജില്ലാ വ്യവസായ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് ഐസ്ക്രീം കച്ചവടം മുന്നോട്ട് പോകുന്നത്.
എന്നാൽ, ഷാലിൻ വേറിട്ടതാകുന്നത് എന്റെ ചോറ്റുപാത്രത്തിലൂടെ വിഭവസമൃദ്ധമായ ഊണ് നൽകിയാണ്. 35 രൂപക്ക് ഇവർ ഊണ് തയ്യാറാക്കി ചോറ്റുപാത്രത്തിൽ നൽകും. ചോറ്റുപാത്രത്തിനായി ആദ്യം 250 രൂപ ഈടാക്കും. 17 രൂപ സ്വന്തമായി കയ്യിൽ നിന്ന് നൽകി മൊത്തം 267 രൂപയ്ക്കാണ് പാത്രം വാങ്ങിക്കുന്നത്.
പരിപ്പ്കറി, തോരൻ, മോരുകറി, ചെമ്മീൻചമ്മന്തി, അച്ചാർ എന്നിവ ഊണിനൊപ്പം ഉണ്ടാകും. വീട്ടിൽ നിന്നുള്ള കറികൾ ലഭ്യമാക്കാൻ വേണ്ടി ഓരോ ദിവസവും ഓരോ രുചിക്കൂട്ടുകളാണ് ഉപയോഗിക്കാറുള്ളത്. ചില ദിവസങ്ങളിൽ പുളിശേരി, മീൻ വറുത്തത്,ചമ്മന്തി,ചീര, എന്നിവയും മെനുവിൽ ഉപയോഗിക്കാറുണ്ട്. നിലവിൽ 69 പേർക്കോളം ഇത്തരത്തിൽ ദിനംപ്രതി ആഹാരം ഉണ്ടാക്കി നൽകുന്നുണ്ട്.
മറ്റു ജില്ലകളിൽ നിന്നെത്തി പഠനത്തിനും ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി തിരുവനന്തപുരത്ത് താമസിക്കുന്നവർക്കും ഏറെ ഉപകാരപ്രദമാണ് വീട്ടിലെ ചോറ്റുപാത്രത്തിലെ ഊണ്. തുച്ഛമായ വിലക്ക് ഗുണമേന്മയുള്ള ഭക്ഷണം,അതാണ് എന്റെ ചോറ്റുപാത്രം.
ഉച്ചയ്ക്ക് മാത്രം നൽകുന്ന ഭക്ഷണം വൈകുന്നേരങ്ങളിലേക്ക് ക്കൂടി ലഭ്യമാക്കുന്നതും പരിഗണയിലുണ്ടെന്ന് ഷാലിൻ പറയുന്നു. വെറും 50 രൂപ ഈടാക്കി കൊണ്ട് കഞ്ഞി,പയർ,പപ്പടം,അച്ചാർ, എന്നിവ നൽകാനാണ് ഉദ്ദേശിക്കുന്നത്. രാത്രി 7 മണി മുതൽ 9 വരെ നൽകുന്നതാണ് പരിഗണനയിലുള്ളതെന്ന് ഷാലിൻ പറയുന്നു.
ഇടയ്ക്ക് ആരോഗ്യപ്രശനങ്ങൾ കാരണം ഇതിൽ നിന്ന് കുറച്ച് അവധിയെടുക്കേണ്ടി വന്നു. എന്നാൽ, പിന്നീട് വീണ്ടും സജീവമാകാൻ കഴിഞ്ഞു. കൂട്ടിന് കട്ട സപ്പോർട്ടുമായി മക്കളും ഇവർക്കൊപ്പമുണ്ട്. മകൻ എബി മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു. മകൾ മെഡിസിനിൽ ഫാം ഡി കഴിഞ്ഞ ശേഷം ഇന്റേൺഷിപ്പ് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA